കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ദിവസവേതനക്കാരായ 109 ജീവനക്കാരുടെ സ്ഥിരനിയമനത്തിന് ഒടുവില്‍ വഴിതുറക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും സ്ഥിരം നിയമനം അനിശ്ചിതമായി നീണ്ടുപോയ ജീവനക്കാരെ മൂന്ന് ആഴ്ചക്കുള്ളില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് ആര്‍. ഭാസ്കരന്‍, കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ദേവസ്വം ജീവനക്കാരുടെ സ്ഥിരം നിയമനം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത് സംബന്ധിച്ച് പത്രവാര്‍ത്തയെത്തുടര്‍ന്നാണ് നിര്‍ദ്ദേശം.
കൊച്ചി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 109 ജീവനക്കാരുടെ ലിസ്റ്റാണ് കാലാവധി കഴിഞ്ഞ ദേവസ്വം ബോര്‍ഡ് തയ്യാറാക്കി ഹൈക്കോടതിക്ക് സമര്‍പ്പിച്ച് അനുമതി തേടിയത്. ദിവസവേതനക്കാരായ 225 ജീവനക്കാരില്‍നിന്ന് സീനിയോറിറ്റി പ്രകാരമാണ് 109 പേരുള്‍പ്പെട്ട ലിസ്റ്റ് തയ്യാറാക്കിയത്. ദേവസ്വം ബോര്‍ഡിന്റെ കാലാവധി കഴിയുന്ന ദിവസം നിയമനത്തിന് അനുമതി കിട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ തുടര്‍നടപടിയെടുക്കാതെ വീണ്ടും ക്ലാരിുഫിക്കേഷനുവേണ്ടി കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഹൈക്കോടതി നിയമനത്തിന് വീണ്ടും അനുമതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടര്‍ന്നു.
കാലാവധി കഴിഞ്ഞ കൊച്ചി ദേവസ്വം ബോര്‍ഡിന് പകരം പുതിയ ദേവസ്വം ഭാരവാഹികളെ സര്‍ക്കാര്‍ ഇനിയും നിയമിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ നിയമനം അനിശ്ചിതമായി നീണ്ടുപോകുന്നതിനാല്‍ 10-15 കൊല്ലക്കാലമായി ജോലിചെയ്ത് സ്ഥിരനിയമനം പ്രതീക്ഷിച്ച് കഴിയുന്ന താഴ്‌ന്ന ജീവനക്കാരുടെ പ്രതീക്ഷയും വൈകുകയായിരുന്നു.
















