ചങ്ങനാശേരി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന വിദ്യാഭ്യാസ നയം ഇന്ന് കേരളത്തില്‍ നടപ്പാക്കികൊണ്ടിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 29-ാമത് സംസ്ഥാന സമ്മേളനം പെരുന്ന മന്നത്തു പാര്‍വ്വതിയമ്മ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കുവേണ്ടി ഈ രാജ്യത്തെ സാധാരണക്കാരന് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കികൊണ്ട് അവരുടെ കുട്ടികള്‍ക്ക് വിദ്യ നല്‍കുന്നതിനുള്ള സാഹചര്യം സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെക്കുറിച്ചുള്ള സ്മരണയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഫണ്ടോ, എന്‍ആര്‍ഐ ഫണ്ടോ ഇല്ലാതെയാണ് അക്കാലത്ത് മന്നം വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയത്. അതുകൊണ്ടാണ് എന്‍എസ്എസിനെ സംബന്ധിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും മതിപ്പുണ്ടാകുന്നത്. വിദ്യാഭ്യാസം ഒരു കച്ചവടമാക്കികൊണ്ട് കേരളം നിറയെ പണക്കാര്‍ക്കുവേണ്ടി മാത്രമാകുന്ന വിദ്യാഭ്യാസനയം ഏറെ ദ്രോഹകരമാണ്. ഇതിനെതിരെ എന്‍എസ്എസ് മാത്രമല്ല എസ്എന്‍ഡിപി, ക്രൈസ്തവ സഭകള്‍ ആരുപറഞ്ഞാലും പ്രയോജനമില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. അഞ്ചുവര്‍ഷം ഭരിക്കാന്‍ കിട്ടിയതിന്റെ അഹങ്കാരംകൊണ്ട് വിദ്യാഭ്യാസത്തെ തകര്‍ത്ത് തരിപ്പണമാക്കുകയാണ്.
ഇതിനെതിരെ നിരത്തിലിറങ്ങാന്‍ നാം തയ്യാറാവണം.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതികളും നല്‍കിയിട്ടുണ്ട്. എന്തു പ്രവര്‍ത്തികള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഒരു ചെറിയ ഭൂരിപക്ഷത്തിന്റെ പേരില്‍ മാത്രമാണ് ഗവ.നിലനില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതുവായ ഒരു കാഴ്ചപ്പാടും ഈ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്കാദമിയുടെയും ഭൗതികമായ കാര്യത്തിലും പരിസ്ഥിതിയുടെ കാര്യത്തിലും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടു.
എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന് പിള്ള അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും താലൂക്ക് യൂണിയന് പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍, എന്‍എസ്എസ് സ്കൂള്‍ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി. രവീന്ദ്രനാഥന്‍നായര്‍, ഡിഎസ്റ്റിഎ സംസ്ഥാന പ്രസിഡന്റ് കെ.ജെ.മോഹന്‍, സംസ്ഥാന ട്രഷറര്‍ എസ്.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡ്ദാനവും അധ്യാപക പ്രതിഭകള്‍ക്കുള്ള അനുമോദനവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ നിര്‍വ്വഹിച്ചു. ഡിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രസന്നകുമാര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ജി.രാജേഷ് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: