ന്യൂദല്‍ഹി: കടുത്ത തീരുമാനങ്ങളെടുക്കേണ്ട സമയമാണിതെന്നും പരിഷ്ക്കാരങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്. ഡീസല്‍ വിലവര്‍ദ്ധനവിന്റെയും സാമ്പത്തികപരിഷ്ക്കാര നയങ്ങളുടെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ കഷ്ടപ്പെടുത്താന്‍ ഒരു സര്‍ക്കാരും ശ്രമിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഡീസലിന്റെ വില കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ സബ്സിഡി നല്‍കുന്നത് ഒഴിവാക്കേണ്ടി വരികയായിരുന്നെന്നും ഡീസലിന് 17 രൂപ കൂട്ടേണ്ടിടത്താണ് 5 രൂപ കൂട്ടിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാവങ്ങളെ കരുതിയാണ് മണ്ണെണ്ണ വില കൂട്ടാത്തത്. രാജ്യത്ത് അധികം പേരും വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രം ഉപയോഗിക്കുന്നവരാണെന്നും മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടി.
ചില്ലറ വില്‍പ്പന രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാകുമെന്നത് അടിസ്ഥാനരഹിതമാണ്. ഇത്തരം അബദ്ധധാരണകളില്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. സാമ്പത്തിക പരിഷ്ക്കരണങ്ങളിലൂടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം നടപ്പാക്കുകമാത്രമാണ് ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. സാമ്പത്തിക നടപടികളുടെ ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും പ്രധാനമന്ത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: