നെടുമ്പാശ്ശേരി: എറണാകുളം ജില്ലാ സാക്ഷരത മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ലയിലെ ആദ്യപഞ്ചായത്തായി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിനെ സംസ്ഥാന സാക്ഷരതാ മിഷന് ഉടന്‍ പ്രഖ്യാപിക്കും. 18നും 50നും ഇടയില്‍ വിദ്യാഭ്യാസം നല്കുവാന് ലക്ഷ്യമിട്ടുകൊണ്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സര്‍വ്വേ നടത്തിയാണ് പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവരെ കണ്ടെത്തിയത്. തുടര്‍ന്ന് 2009 മാര്‍ച്ച് മാസത്തോടെ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ക്ലാസ്സുകള്‍ ആരംഭിച്ചു. പിന്നീട് മൂന്നു ഘട്ടങ്ങളിലായി പഞ്ചായത്തില്‍ 76 വയസ്സുവരെയുള്ളവരില്‍ 97 ശതമാനം പേര് പരീക്ഷ എഴുതുകയും ചെയ്തു. ബാക്കിയുള്ള മൂന്ന് ശതമാനം പേര് ജൂണില്‍ നടന്ന നാലാം ഘട്ട പരീക്ഷയും എഴുതി.
ചെങ്ങമനാട് പഞ്ചായത്തിലെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി പഠിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കണ്ണടകളും സാക്ഷരമിഷന്‍ പഠനോപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തിരുന്നു. നാല് ഘട്ടങ്ങളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പഠിതാക്കള്‍ക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനെ തുടര്‍ന്ന് 7-ാം തരം തുല്യത പഠന പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിനുള്ള യോഗ്യത പഞ്ചായത്ത് നേടികഴിഞ്ഞു.
ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് ജില്ലാതല സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ 8ന് രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പഞ്ചായത്ത് തല പഠനാരംഭവും ആരംഭിക്കും. വാര്‍ഡ് തലത്തില്‍ ക്ലാസ്സുകള്‍ നടത്തുന്ന ഈ കോഴ്സില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ എല്ലാവര്ക്കും ചേരാം. ഏഴാം തരം ക്ലാസ്സുകള്‍ക്ക് ഒപ്പം തൊഴിലും തൊഴില്‍ പരിശീലനവും നല്‍കുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. ഏഴാം തരം തുല്യതാ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: