നെടുമ്പാശ്ശേരി: ട്രാഫിക് സിഗ്നല്‍ തകരാറിലായതുമൂലം അത്താണി എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ അപകടസാധ്യത കൂടും. ഈ ഭാഗത്തെ മീഡിയനുകളില്‍ റിഫ്ലക്ടറുകള്‍ ഇല്ലാത്തതുമൂലം അപകടസാധ്യത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. എറണാകുളം, ആലപ്പുഴ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും തൃശൂര്‍ ജില്ലയിലെ മാള, ചാവക്കാട്, കൊടുങ്ങല്ലൂര്‍, പ്രദേശങ്ങളില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോകുന്നതിനും അത്താണി എയര്‍പോര്‍ട്ട് ജംഗ്ഷനില്‍നിന്നും തിരിയുന്ന വിഐപി റോഡാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇത് മൂലം ഈ ഭാഗത്ത് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
ഇപ്പോളുള്ള സിഗ്നലിന് സമീപം ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാവിലെയും വൈകീട്ടും ഗതാഗതകുരുക്ക് കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. സിഗ്നല്‍ സംവിധാനം എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ അടക്കം കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല, ദേശീയപാത 47 ല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മേഖലകളില്‍ ഒന്നാണ് അത്താണി ജംഗ്ഷന്. ഇത് മനസ്സിലാക്കികൊണ്ട് ദേശീയപാത അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ റോഡിലൂടെയാണ് വല്ലാര്‍പാടം കണ്ടെയിനറിലേക്കും ഇരുമ്പനത്തുള്ള ഗ്യാസ് ഗോഡൗണുകളിലേക്കും പ്രധാനമായും വാഹനങ്ങള്‍ പോകുന്നത്. സിഗ്നല്‍സംവിധാനം തകരാറിലായതുമൂലവും റിഫ്ലക്ടറുകള്‍ ഇല്ലാത്തതുമൂലവും ഉണ്ടാകുന്ന അപകടങ്ങള്‍ ഇത് മൂലം വന്‍ ദുരന്തമുണ്ടാകുവാന്‍ കാരണമാകും. ഈ പ്രദേശത്തെ മീഡിയനുകള്‍ ഉയരം കൂടിയതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ പ്രദേശത്തുള്ള മീഡിയനുകളില്‍ റിഫ്ലെക്ടറുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ദേശീയപാതയില്‍ അപകടങ്ങള്‍ ഏറെ നടക്കുന്ന കരിയാട് വളവ്, ഹോം സയന്‍സ് കോളേജിന്റെ വളവ്, എയര്‍പോര്‍ട്ട് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ദേശീയപാതാ അധികൃതര്‍ ഒന്നും ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. തിരക്കുകുറഞ്ഞ രാത്രികാലങ്ങളില്‍ ഈ പ്രദേശത്തുകൂടി പോകുന്ന വാഹനങ്ങള്‍ അമിത വേഗതയിലായിരിക്കും. അകലെനിന്നും കാണാവുന്ന വിധത്തില്‍ രാത്രി കാലങ്ങളില്‍ സിഗ്നല്‍ സംവിധാനവും റിഫ്ലെക്ടറുകളും സജ്ജമാക്കിയില്ലെങ്കില്‍ ചാലയെപ്പോലെ വന്‍ അപകടങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: