ഭോപ്പാല്‍ : മധ്യപ്രദേശില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 31 ആയി.വെള്ളപ്പൊക്കബാധിത ജില്ലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 12.17 കോടിരൂപ ധന സഹായം പ്രഖ്യാപിച്ചു.23 ജില്ലകളാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നത്.
ഹൊസങ്കാബാദ് ജില്ലയില്‍ 8 പേരും,ഭോപ്പാനില്‍ 6,ഉജ്ജയിന്‍,ദേവാസ് ജില്ലകളിലായി 2 പേര്‍ വീതവും,സെഹോര്‍,ദഹര്‍,സിയോനി,രത്ലം,കാണ്ഡവ ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്.മനുഷ്യരെക്കൂടാതെ മുന്നൂറിലധികം കന്നുകാലികള്‍ക്കും ജീവന്‍ നഷ്ടമായി.കനത്ത മഴയെ തുടര്‍ന്ന് പതിനാലായിരത്തിലധികം വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നലെ വരെ മാത്രം സംസ്ഥാനത്ത് 675.9 മില്ലീമീറ്റര്‍ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് സംസ്ഥാനത്ത് ശരാശരി പെയ്യുന്ന മഴയെക്കാള്‍ 66മില്ലീമീറ്റര്‍ അധികം. 18 ജില്ലകളില്‍ സാധാരണ പെയ്യുന്ന മഴയെക്കാള്‍ അധികമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അധികമഴയും വെള്ളപ്പൊക്ക ദുരിതവും അനുഭവിക്കുന്ന ജില്ലകള്‍ ആവശ്യപ്പെടുകയാണങ്കില്‍ കൂടുതല്‍ സഹായമനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മണ്‍സൂണ്‍ മഴ കനക്കുന്നതിന് മുമ്പു തന്നെ എല്ലാ ജില്ലകള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചിരുന്നു.ഇതുകൂടാതെ അധികധനസഹായമായി സിഹോര്‍ ജില്ലക്ക് 2.80കോടി രൂപയും,ഭോപ്പാലിന് 1. 75 കോടി രൂപയും ഹോസങ്കാബാഗ് ജില്ലക്ക് 1.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റെയ്സന്‍,ഹര്‍ദ്ദ,രേവ, വിദിഷ,കര്‍ഗോണ്‍, ദിന്‍ന്ധോരി,രാജ്ഗഡ്, സാഗര്‍, ബുരന്‍പുര്‍, ജബല്‍പൂര്‍, സിദ്ദി, കാന്ധി, സിങ്കുരാലി തുടങ്ങിയ ജില്ലകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
















