ഷിംല: ഹിമാചല്‍പ്രദേശിലെ കന്‍ഗ്രാ പട്ടണത്തിനു സമീപം നിയന്ത്രണംവിട്ട ബസ് മലയിടുക്കിലേയ്‌ക്കു മറിഞ്ഞ് എട്ടു തീര്‍ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. 42 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. ജമ്മു കാഷ്മീരിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥില്‍ നിന്നു തിരിച്ചുവരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഹിമാചലിലെ മറ്റു തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു സംഘം. നിയന്ത്രണംവിട്ട ബസ് 250 മീറ്റര്‍ താഴ്ചയിലേയ്‌ക്കാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
















