കൊച്ചി: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ വിചാരിക്കുന്ന പോലെ സാധ്യമാകണമെങ്കില്‍ എല്ലാവരുടെ ഭാഗത്തുനിന്നുമുള്ള കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ സഞ്ചാരമാര്‍ഗം മികച്ചതായെങ്കില്‍ മാത്രമേ വികസനങ്ങള്‍ അതിവേഗത്തില്‍ നടപ്പാകൂ. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് കേന്ദ്രം മെട്രോറെയിലിന് അംഗീകാരം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തടിക്കകടവ് അടുവാശ്ശേരി പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പണംകൊണ്ട് മാത്രം വികസനം നടപ്പാകുമെന്നാരും ധരിക്കരുത്. പണം വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കൂടി കഴിയണം. സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പുകളിലൊന്നായിരുന്ന പൊതുമരാമത്ത് ഇന്ന് ഏറ്റവും മികച്ച വകുപ്പായി മാറിയത് വകുപ്പിന്റെ നിരന്തര പരിശ്രമം കൊണ്ടാണ്. ഏത് രാജ്യത്തെയും വികസനം ആദ്യം അളക്കുന്നത് അവിടുത്തെ ഗതാഗത സൗകര്യം നേക്കിയാണ്. അടിസ്ഥാന സൗകര്യം വികസിച്ചെങ്കില്‍ മാത്രമേ സംസ്ഥാനത്തിന് വികസനത്തില്‍ ഏറെ മുന്നോട്ടുപോകാനാവൂ. അത്തരം വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള അത്യാധുനിക വികസനമാണ് പൊതുമരാമത്ത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂട്ടായ പ്രവര്‍ത്തനമാണ് വികസനത്തിന് ഊര്‍ജ്ജം നല്‍കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും. സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള നഷ്ടപരിഹാരം ഉടനെ ലഭ്യാമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുന്നുകര-കരുമാല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 32.55 കോടി ചെലവില്‍ നിര്‍മിക്കുന്ന ഈ പാലം പൂര്‍ത്തിയാകുന്നതോടെ കുന്നുകര, മാഞ്ഞാലി, ചെങ്ങമനാട്, മാള എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ക്ക് ആലുവയിലും വല്ലാര്‍പാടം റോഡിലും എത്തിച്ചേരാനാകും. കോരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണചുമതല. 278.75 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. ഇരുവശവും 7.50 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും 1.50 മീറ്ററില്‍ നപ്പാതയും പാലത്തിന്റെ പ്രത്യേകതയാണ്.
ചടങ്ങില്‍ കെ.പി.ധനപാലന് എം.പി., വി.ഡി.സതീശന് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഷാജി, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സാജിത ഷംസു, കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ ഷംസുദ്ദീന്, നബാര്‍ഡ് സീനിയര്‍ ചീഫ് ജനറല്‍ മാനേജര്‍ രാഘവേന്ദ്രറാവു, ചീഫ് എഞ്ചിനീയര്‍ റ്റി.ബാബുരാജ്, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എസ്.ഹുമയൂണ്‍, എക്സിക്യട്ടീവ് എഞ്ചിനീയര്‍ പി.എ.ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: