പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിന്റെ ആസ്ഥാനമാണ് തിരുവല്ല പട്ടണം. റോഡരുകില്‍ ഒരു കമാനം. അതില്‍ തിരുവല്ല ശ്രീ വല്ലഭക്ഷേത്രം എന്ന് തിളങ്ങുന്ന അക്ഷരങ്ങള്‍. അതുവഴി തിരിഞ്ഞ് അരകിലോമീറ്റര്‍ പോയാല്‍ ശ്രീ വല്ലഭക്ഷേത്രനടയിലെത്താം.
ക്ഷേത്രത്തിനു മുന്നില്‍ പ്രധാന ഗോപുരം. ഗോപുരമുകളില്‍ മഹാവിഷ്ണുവിന്റെ മനോഹരരൂപം. ഇതുപോലെ മൂന്നു വാതിലുകള്‍ വേറെയും. എല്ലാം അതിവിദഗ്ദ്ധമായ രീതിയില്‍ തീര്‍ത്തവ. വടക്കേഗോപുരം ആണ്ടില്‍ ഒരിക്കല്‍ മാത്രമേ തുറക്കുകയുള്ളു എന്നത് ഇവിടത്തെ ഒരു പ്രത്യേകത. എട്ട് ഏക്കറോളം വരുന്ന ക്ഷേത്രപറമ്പ്. ചുറ്റും ഉയര്‍ന്ന മതില്‍കെട്ട്. നാലുവശവും നടപ്പാതകള്‍. ക്ഷേത്രനടയിലേക്ക് കടന്നാല്‍ ആരെയും ആകര്‍ഷിക്കുന്നതും ഭക്തിജനിപ്പിക്കുന്നതുമായ ഒരു സ്തംഭം. മുകളില്‍ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗരുഡഭഗവാന്. മഹാദേവന് അഭിമുഖമായി തൊഴുകയ്യോടെ ഇരിക്കുന്നു. ബലിക്കല്പുരയുടെ മുന്നില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണകൊടിമരം.
ക്ഷേത്രത്തിനടുത്തുള്ളത് ചംക്രോത്ത് മഠം. പണ്ട് ഈ മഠത്തില്‍ ഒരു അന്തര്‍ജ്ജനമുണ്ടായിരുന്നു. ചംക്രോത്തമ്മ എന്ന് ആദരവോടെ വിളിച്ചിരുന്ന അവര്‍ക്ക് കുട്ടികളില്ലായിരുന്നു. അതുകൊണ്ട് അവര്‍ ഏകാദശി വ്രതം മുടക്കിയിരുന്നില്ല. ഓരോ ദ്വാദശിക്കും ഒരു ബ്രഹ്മചാരിക്കെങ്കിലും ഭക്ഷണം കൊടുക്കാതെ അവര്‍ പാരണ വീടാറില്ല. ഒരിക്കല്‍ നേരം ഏറെകഴിഞ്ഞിട്ടും ഒരാളുപോലും എത്താതിരുന്നപ്പോള്‍ അന്തര്‍ജ്ജനം ഭഗവാനെ വിളിച്ചുകരയാന്‍ തുടങ്ങി. അതോടെ ബോധംകെട്ട് വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ അപരിചിതനായ ഒരു ബ്രഹ്മചാരി അവരുടെ മുന്പില് നില്ക്കുന്നു. ഊണു തയ്യാറായിട്ടുണ്ടെന്നും വേഗം കുളിച്ചുവരണമെന്നും അമ്മ പറഞ്ഞു. ബ്രഹ്മചാരി കുളിക്കാനായി പുഴയില്‍പോകാനൊരുങ്ങിയപ്പോള്‍ അങ്ങോട്ടുപോകരുതെന്നും അവിടെ മനുഷ്യനെ തിന്നുന്ന കിരാതന്‍മാരുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. മാത്രമല്ല അടുത്തുള്ള കിണര്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. അതുകൊണ്ട് തൃപ്തനാകാതെ ബ്രഹ്മചാരി പുഴയില്‍ കുളിക്കാന്‍ പോയി. കുളിക്കാനിറങ്ങിയപ്പോള്‍ ജലത്തില്‍ വസിച്ചിരുന്ന ശിവഭക്തനായ തുകലാസുരനുമായി ഏറ്റുമുട്ടി. ഒടുവില്‍ ശ്രീചക്രം കൊണ്ട് അസുരനെ വധിച്ചു. അസുരന് കൂടെകൊണ്ടുനടന്നിരുന്ന ശിവലിംഗം എടുത്ത് കുന്നിന്മുകളില് പ്രതിഷ്ഠിക്കുകയും ചെയ്തു. തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ശിവലിംഗം ഇളകിവരുന്നതു കണ്ടു. അപ്പോള്‍ സാധാരണ വലിപ്പമുള്ള ആ ശിവലിംഗത്തിന്റെ ഉച്ചിയില്‍ ഒരു നുള്ളുകൊടുത്തു. അതോടെ ആ ഭാഗത്ത് ഒരു ഗര്‍ത്തമുണ്ടായി. രണ്ടു പറ പൂവിട്ടാല്‍ മൂടാവുന്നത്ര ആഴമുണ്ടതിന്. ബ്രഹ്മചാരി വീണ്ടും പുഴയിലിറങ്ങി ചക്രം കഴുകി. ചക്രം കഴുകിയ കടവിന് ചക്രക്ഷാളനകടവ് എന്നു പേരുവന്നു. ക്ഷേത്രത്തില്‍ നിന്നും ഒരുകിലോമീറ്റര്‍ തെക്കുമാറിയാണ് ഈ കടവ്. അതിനുശേഷം ചംക്രോത്ത്പോയി ഊണും കഴിച്ചു. ചംക്രോത്ത് അമ്മയുടെയും ദേശത്തിന്റെയും രക്ഷകനായി ബ്രഹ്മചാരിയായി എത്തിയത് ഭഗവാനായിരുന്നു. ഭഗവാന് തന്നെ ശ്രീ ചക്രത്തെ സുദര്‍ശനമൂര്‍ത്തിയായിട്ട് പടിഞ്ഞാട്ട് പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീട് നാടുവാഴിക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായി. നേത്രാവതി നദിയില്‍ ഒരു വിഗ്രഹം കിടപ്പുണ്ടെന്നും അതെടുത്ത് സുദര്‍ശനമൂര്‍ത്തിയുടെ സാന്നിധ്യംകൊണ്ട് വൈഷ്ണവ സ്ഥാനമായിത്തീര്‍ന്ന ഇവിടെ പ്രതിഷ്ഠിക്കണമെന്നുമായിരുന്നു അത്. വാസുകി മഹര്‍ഷി പൂജിച്ചിരുന്ന ഈ വിഗ്രഹം ജലാധിവാസത്തില്‍ സമര്‍പ്പിച്ചിട്ട്പോയതാണെന്നും ദര്‍ഭയും മണലും കൊണ്ട് നിര്‍മ്മിച്ചതാണീ വിഗ്രഹമെന്നും ഐതിഹ്യം.
അത് വീണ്ടെടുക്കാന്‍ പോയിട്ട് കിട്ടാതെ വരികയും വെള്ളത്തിനടിയില്‍ നിന്ന് എടുക്കുന്നത് എങ്ങനെ എന്ന് ആലോചിച്ചുനില്ക്കുമ്പോള് അവിടെ എത്തിയ ഒരു തുളു ബ്രാഹ്മണന് വെള്ളത്തില്‍ മുങ്ങി എടുക്കുകയായിരുന്നു. ബ്രഹ്മചാരിയായി വിഷ്ണുഭഗവാന് ചംക്രോത്ത് അമ്മയ്ക്ക് ദര്‍ശനമേകിയതുപോലെ തുളുബ്രാഹ്മണനായി ഗരുഡഭഗവാനും അവിടെ എത്തുകയായിരുന്നു. ആ വിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അതുതന്നെയാണ് ഇപ്പോഴും ഇവിടെയുള്ള ചതുര്‍ബബാഹുവിഗ്രഹം. ഗദയില്ല. കടിഹസ്തമായിട്ടാണ്. കണ്ണഞ്ചിപ്പിക്കുന്ന വിഗ്രഹത്തിന് നല്ല വലിപ്പം. പ്രതിഷ്ഠ നടത്തിയത് ദുര്‍വ്വാസാവ് മഹര്‍ഷിയാണെന്ന് ഐതിഹ്യം. വൈഷ്ണഭാവത്തിന്റെ ഏറ്റവും വിശേഷപ്പെട്ട അഞ്ചുരീതികളിലാണ് ഇവിടെ പൂജാദികാര്യങ്ങള്‍ നടന്നുവരുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാല്‍ ഉഷപൂജ.ശ്രീബലിവരെ വേഷത്തിലും ഭാവത്തിലും ബ്രഹ്മചാരി. പന്തീരടി പൂജ നടത്തുന്നത് യോഗിയായിട്ട്. ഉച്ചപൂജയ്ക്ക് ബ്രഹ്മപ്രജാപതിയായി. നാലാം പൂജയ്ക്ക് രാജഭാവത്തോടുകൂടി വിഷ്ണുവാണ്. അഞ്ചാമത്തെ പൂജ മുതല്‍ പള്ളിക്കുറുപ്പുവരെയുള്ള ക്ഷേത്രകാര്യങ്ങള്‍ ദേവകാര്യങ്ങള്‍ക്കു മാത്രമായിട്ടുള്ളതാണ്. പള്ളിക്കുറുപ്പ് ഉള്ളതുപോലെ കലശം ഉള്‍പ്പെടെ നിത്യവും നാല് അഭിഷേകവുമുണ്ടിവിടെ. പ്രദക്ഷിണവഴിക്കു പുറത്തായി തെക്കുഭാഗത്ത് ഗണപതിക്കും ശാസ്താവിനും പ്രത്യേക ശ്രീകോവിലുമുണ്ട്.
വഴിപാടുകളില്‍ പ്രധാനപ്പെട്ടതാണ് പടറ്റിപഴം നിവേദ്യം. പന്തീരായിരം കദളിപ്പഴം ദേവന് സമര്‍പ്പിച്ച് നൈവേദ്യം നടത്തി പ്രസാദം തിരിച്ചുനല്‍കുന്ന ഈ വഴിപാട് പന്തീരടി പൂജസമയത്താണ് നടത്തുന്നത്. പണപ്പായസവും തുലാപ്പായസവും പ്രഥമന്‍ പോലുള്ള ചതുശ്ശതവും മറ്റു വഴിപാടുകളാണ്. കഥകളി ഇവിടെ വിശേഷ വഴിപാടാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആണ്ടില്‍ ഇരുന്നൂറിലധികം കഥകളി നടക്കാറുണ്ട്. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര് സ്വാമി ദര്‍ശനത്തിനായി ഇവിടെ എത്തി. അകത്തുചെന്ന് സോപാനത്തില്‍ കയറിനോക്കി ഭഗവാനെ കണ്ടില്ല. അവിടെയെല്ലാം അന്വേഷിച്ചിട്ടും ഭഗവാന്റെ സാന്നിധ്യം അനുഭവപ്പെട്ടില്ല. നിരാശനായ സ്വാമിയാര് കിഴക്കേ ഗോപുരം വഴി പോകാനൊരുങ്ങുമ്പോള്‍ ഭഗവാന് കഥകളി കണ്ട് രസിക്കുന്നതായിട്ടാണ് കാണപ്പെട്ടത്. ആ സങ്കല്പത്തിലാണ് ഇന്നും ഇവിടെ കഥകളി നടക്കുമ്പോള്‍ പ്രത്യേകം വിളക്ക് കത്തിച്ചുവയ്ക്കാറുള്ളത്.
ഉത്സവം കുംഭത്തിലെ പൂയത്തിന് ആറാട്ട്. പത്തുദിവസം കണക്കാക്കി കൊടിയേറും. എട്ട് ഉത്സവബലികളും ദേവസ്ഥാനത്തു തന്നെയുള്ള സ്ഥലമാണിത്. രണ്ടുകൊടിമരം. സ്വര്‍ണ്ണകൊടിമരത്തിനു പുറമെ മരംകൊണ്ടുള്ള മറ്റൊരണ്ണം പുറത്തുമുണ്ട്.
തിരുവല്ലയിലെ ഉത്രശ്രീബലി മഹോത്സവം പ്രസിദ്ധം. മകയിരം നക്ഷത്രത്തില്‍ തിരുവല്ലയ്ക്ക് അടുത്തുള്ള ആലംതുരുത്തി, പടപ്പാട്ട്, കരുനാട്ടുകാവ് എന്നീ ഭഗവതിക്ഷേത്രങ്ങളില് കൊടിയേറുന്നു. അതിന്റെ എട്ടാംദിവസം ഉത്രം നക്ഷത്രം വരാറുള്ളതുകൊണ്ടാണ് ഉത്രശിവേലി എന്നുപറയുന്നത്. ശ്രീബലി ദിവസം വെളുപ്പിന് രണ്ടുമണിക്ക്ശേഷമാണ് വടക്കേഗോപുരനട തുറക്കുന്നത്. പ്രധാന ആറാട്ട് എഴുന്നെള്ളിച്ചുവരുന്ന കൂട്ടത്തില്‍ ഒരു കുടിയെഴുന്നെള്ളിപ്പും നടക്കും. ഭഗവതിമാരെ ജീവത എന്ന വാഹനത്തില്‍ എടുത്ത് താളമേളങ്ങളോടും നൃത്തത്തോടും കൂടി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഉത്രശ്രീബലി ദര്‍ശിച്ചാല്‍ സര്‍വ്വപാപവുംതീരുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: