പാറ്റ്ന: ബിഹാറില്‍ രണ്‍വീര്‍ സേനാ തലവന്‍ ബ്രഹ്മേശ്വര്‍ സിംഗ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐയ്‌ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ബ്രഹ്മേശ്വര്‍ സിംഗിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍, ബിഹാര്‍ കോണ്‍ഗ്രസ് ഘടകം തുടങ്ങിയവരും കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ ബ്രഹ്മേശ്വര്‍ സിംഗിനെ അജ്ഞാതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രത്യേക സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ബിഹാറില്‍ രണ്‍വീര്‍ സേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജെഡി-യു എം.എല്‍.എ സുനില്‍ പാണ്ഡെയുടെ അടുത്ത അനുയായിയെ ഇന്നലെ രാത്രി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. നേരത്തെ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.
















