കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്താണ് അതിപുരാതനമായ മല്ലികാര്‍ജ്ജുനക്ഷേത്രം. ചന്ദ്രഗിരിപ്പുഴയുടെ കുളിരണിഞ്ഞ് കര്‍ണ്ണാടകത്തോട് ചേര്‍ന്നുനിടക്കുന്ന മനോജ്ഞമായ ഭൂപ്രദേശമാണിത്.
പ്രധാന രാജവീഥിക്കരുകില്‍ ക്ഷേത്രം. ക്ഷേത്രത്തിലേയ്ക്കിറങ്ങുന്നിടത്ത് വിശാലമായ അങ്കണം. വലിയ ബലികല്ല് ഉണ്ട്. ബല്‍ക്കല്‍പ്പുരയില്ല. മുന്പില് ധ്വജമുണ്ട്. ചെമ്പുമേഞ്ഞ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി മല്ലികാര്‍ജ്ജുനനായ ശിവന് ഇരുന്നരുളുന്നു. തെക്കുഭാഗത്ത് പടിഞ്ഞാറോട്ട് രക്തേശ്വരിയുണ്ട്. കൂടാതെ ഗണപതി, സുബ്രഹ്മണ്യന്, അയ്യപ്പന് എന്നീ ഉപദേവതകളുമുണ്ട്. ക്ഷേത്രത്തിന്റെ ഇടതുഭാഗത്തും വലതുഭാഗത്തും പീഠം മാത്രമുള്ള ശ്രീകോവിലുകള്‍. വിശേഷാവസരങ്ങളില്‍ ദേവനെ എഴുന്നെള്ളിച്ചിരുത്താനുള്ള സ്ഥാനമാണിത്. മൂന്നുനേരം പൂജയുണ്ട്. രുദ്രാഭിഷേകമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി മല്ലികാര്ജ്ജുനപൂജയും നടന്നുവരുന്നു. വൃശ്ചികത്തിലെ ഷഷ്ഠിയും കുംഭത്തിലെ ശിവരാത്രിയും വിശേഷപ്പെട്ട ആഘോഷങ്ങളാണ്. മീനം അഞ്ചിന് കൊടിയേറി അഞ്ചുദിവത്തെ ഉത്സവം. അഞ്ചുദിവസവും വാദ്യാഘോഷവും തിടമ്പുനൃത്തവും ഉണ്ട്. കയ്യിലും കാതിലും ആഭരണങ്ങളണിഞ്ഞ് അലക്കി തേച്ച വസ്ത്രം പാകത്തില്‍ ഞൊറിഞ്ഞുടുത്ത് എത്തുന്നതാണ് തിടമ്പുനൃത്തക്കാരന്റെ വേഷം. മാരാരുടെ കൊട്ടിന്റെ താളത്തിനൊത്ത് നൃത്തക്കാരന് ചുവടുവയ്ക്കുന്നു.നാലാം ദിവസത്തേയും അഞ്ചാം ദിവസത്തേയും ഉത്സവങ്ങള്‍ കേമമാകും. നാലാം ഉത്സവത്തിന് ദേവന് എഴുന്നെള്ളി കുറന്തക്കാട് കട്ടയില്‍ പോകും. ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ അവിടെ പൂജയും വെടിയും നടക്കും. ഇതുപോലെ അഞ്ചാം ദിവസം പള്ളം റോഡിലെ കട്ടയിലാണ് ആഘോഷം നടക്കുക. അതുകഴിഞ്ഞാല്‍ ക്ഷേത്രകുളത്തിലെ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഉത്സവത്തിന് ആദ്യാവസാനം പ്രസാദമൂട്ടുമുണ്ട്.
പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: