ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ പകപോക്കലില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ ഏഴാമത് സിവില്‍ സര്‍വീസസ് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യം കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സിവില്‍ സര്‍വീസ് രംഗം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സര്‍വീസില്‍ ലോകത്തിലെ മികച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരായിരിക്കും. ഇതു ജനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നു നേടിയതാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു ഉദ്യോഗസ്ഥരുടെ മേല്‍ കൂടുതല്‍ ജോലി സമ്മര്‍ദമുണ്ട്. എന്നാല്‍ ഇതു കടമയായി കാണാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി തുടച്ചു നീക്കുന്നതോടൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സധൈര്യം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള സാഹചര്യം രൂപപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടു സ്വീകരിക്കരുത്. തെറ്റാണെന്നു കരുതി തീരുമാനങ്ങള്‍ എടുക്കാതിരിക്കുകയും അരുത്.
ജോലിക്കിടയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്ന തന്റേതല്ലാത്ത പിഴവുകള്‍ പൊറുക്കുകയും അവരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്മോഹന് സിങ് പറഞ്ഞു. പൂര്‍ണമായും അഴിമതി മുക്തമായ ഒരു സിവില്‍ സര്‍വീസ് സമൂഹം വാര്‍ത്തെടുക്കുകയെന്നത് ഏറെക്കുറെ അപ്രാപ്യമാണ്. എന്നാല്‍ ഘട്ടംഘട്ടമായി അഴിമതി തുടച്ചു നീക്കാന്‍ നമുക്കാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സിവില്‍ സര്‍വീസ് രംഗത്തെ മികച്ച ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: