പാലക്കാട് ജില്ലയില്‍ പല്ലാവൂര്‍ പഞ്ചായത്തിലാണ് പുരാതനവും പ്രസിദ്ധവുമായ പല്ലാവൂര്‍ ശിവക്ഷേത്രം. ത്രികാല ശീവേലിയ്ക്കുള്ള അപൂര്‍വ്വക്ഷേത്രം. കൂറ്റന്‍ മതില്‍ക്കെട്ട് കൊണ്ട് വ്യത്യസ്തമായ മഹാക്ഷേത്രം.
പല്ലാവൂര്‍ ജംഗ്ഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക് അര കിലോമീറ്റര്‍ദൂരം. ക്ഷേത്രസന്നിധിയിലെത്തുമ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്നത് മതിലാണ്. കരിങ്കല്ലുകളാല്‍ തീര്‍ത്തവ. ഈ ആനപ്പിള്ള മതില് ഒറ്റ രാത്രികൊണ്ട് ഭൂതഗണങ്ങള്‍ തീര്‍ത്തതാണെന്ന് ഐതിഹ്യം. പതിനാറടിയോളം ഉയരം വരുന്ന മതിലിന്റെ നിര്‍മ്മാണത്തിന് മണല്‍ക്കൂട്ടോ ചാന്തോ മറ്റുചേരുവയോ ഇല്ല. പൂര്‍ത്തിയാകാതെ കിടന്ന കുറച്ചുഭാഗം കൂട്ടിച്ചേര്‍ക്കാന്‍ വളരെ നാളത്തെ പൂജകള്‍ വേണ്ടി വന്നിരുന്നുവെന്ന് നാട്ടുകാര്‍. ഈ ക്ഷേത്രത്തിന് ആയിരത്തിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്നു. ഈ ക്ഷേത്രത്തില്‍ വൃത്താകൃതിയിലുള്ള ശ്രീകോവില്‍, അതില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി ശിവലിംഗപ്രതിഷ്ഠ. ഉഗ്രമൂര്‍ത്തീ ഭാവം. ആ ഭാവത്തിന്റെ ശക്തികുറയ്ക്കാനെന്നവണ്ണം ഏഴു കുളങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. കിഴക്കോട്ട് ദര്‍ശനമായി ശ്രീപാര്‍വ്വതിയുണ്ട്. ക്ഷേത്രത്തിന് കിഴക്കുവശത്ത് വലിയ കുളം. ഇവിടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത് ഖരന് എന്നാണ് ഐതിഹ്യം. ശിവഭക്തനായിരുന്ന ഖരന് എന്ന അസുരന് മോക്ഷപ്രാപ്തിക്കായി ഒരേ സമയം മൂന്നു ക്ഷേത്രങ്ങളില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയുണ്ടായി. അതില്‍ പല്ലുകൊണ്ട് പ്രതിഷ്ഠിച്ച ഈ ക്ഷേത്രം പല്ലാവൂര്‍ ആയി. അതുപോലെ ഇടതുകൈകൊണ്ട് അയിലൂരും വലതുകൈകൊണ്ട് തൃപ്പാളൂരും പ്രതിഷ്ഠിക്കുകയായിരുന്നു. ഇവിടെനിന്നും രണ്ടിടത്തേക്കുള്ള ദുരവും തുല്യമാണ്. ഈ മൂന്നിടവും ഒരേ ദിവസം തൊഴുന്നത് നല്ലതാണെന്ന് വിശ്വാസം. പല്ലാവൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഈ ക്ഷേത്രത്തിന്റെ കീഴേടവുമാണ്. വടക്കുഭാഗത്ത് അയ്യപ്പനും സുബ്രഹ്മണ്യനും കന്നിമൂലയില്‍ ഗണപതിയും, നാലമ്പലത്തിന് പുറത്ത് കനകശേരി അമ്മ, സീതാദേവി, കുട്ടിശിവന്‍, വേട്ടയ്ക്കൊരുമകന്‍ എന്നീ ഉപദേവന്മാരും കിഴക്കുവശത്തെ ആലന്‍ചുവട്ടില്‍ നാഗരുമുണ്ട്. അഞ്ചുപൂജകള്‍. ധാരയും അഭിഷേകവുമുണ്ട്. അതില്‍ പൂര്‍ണാഭിഷേകം പ്രസിദ്ധമായ വഴിപാടാണ്. പാല്, തൈര്, നെയ്യ്, പഞ്ചഗവ്യം, പഞ്ചാമൃതം, തേന്‍, കരിമ്പിന്നീര്, ചെറുനാരങ്ങാനീര്, ഇളനീര്, നല്ലെണ്ണ, ശുദ്ധജലം ഇവ നാലും അഞ്ചും ഇടങ്ങഴി വീതം അഭിഷേകം കഴിക്കും. അതു കഴിഞ്ഞാല്‍ അന്നദാനം. പന്ത്രണ്ട് ബ്രാഹ്മണശ്രേഷ്ഠര്‍ രുദ്രം ജപിക്കാനുണ്ടാകും.
എല്ലാ മലയാളമാസവും ഒന്നാം തീയതിയും ഇവിടെ വിശേഷമാണ്. അതുപോലെ നവരാത്രി വിളക്കും. ആദ്യത്തെ വിളക്ക് ഉള്ളാട്ടില്‍ കുടുംബം വകയാണ് നടത്തുക. ആറാം വിളക്ക് പെരുംചേരിയില്‍ കുടുംബം. ഏഴാം വിളക്ക് ബ്രഹ്മണരുടേതും. എട്ടാം വിളക്ക് ദേശവിളക്കുമാണ്. വിളക്കിന് ആനഎഴുന്നെള്ളത്തുമുണ്ട്.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: