ന്യൂദല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ പിടിപ്പുകേടും അനാസ്ഥയും രാജ്യരക്ഷക്ക് ഭീഷണിയായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിനെ പിരിച്ചുവിട്ട് മുഖംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍നീക്കം. പ്രധാനമന്ത്രിക്കയച്ച കത്ത് ചോര്‍ത്തിയത് വി.കെ. സിംഗാണെന്ന് ആരോപിച്ചാണ് ഈ നീക്കം. ഇതിനായി പാര്‍ലമെന്റിന്റെ പൊതുവികാരം കരസേനാ മേധാവിക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ട്.
കരസേനാ മേധാവി അച്ചടക്കരാഹിത്യം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടിയെ രംഗത്തിറക്കിയതിന് പിന്നില്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതേസമയം, കരസേനാ മേധാവിയെ പുറത്താക്കണമെന്ന നിലപാടിനെ പിന്തുണക്കാനാകില്ലെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം സിപിഎം ആവശ്യപ്പെട്ടു. കത്ത് ചോര്‍ത്തിയതിനു പിന്നില്‍ എത്ര വലിയ ഉന്നതരാണെങ്കിലും ശിക്ഷിക്കാന്‍ മടിക്കരുതെന്ന് പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മാര്‍ച്ച് 12 നാണ് കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈന്യത്തിനാവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും രാജ്യത്തിനില്ലെന്നും കാലിയായ സൈനികടാങ്കാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സൈനിക മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഇതിനിടെ, കോഴ വാഗ്ദാനംചെയ്തുവെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച് സിബിഐ എടുത്ത കേസില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സാക്ഷിയാക്കുമെന്ന് അറിയുന്നു. കരസേനാ മേധാവിയെ കുടുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ് എടുത്തതിനുശേഷം പ്രതിരോധമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനാണ് സിബിഐ ആലോചിക്കുന്നത്. കോഴ വാഗ്ദാനത്തെക്കുറിച്ച് പ്രതിരോധ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് വി.കെ. സിംഗ് പറഞ്ഞിരുന്നു. രേഖാമൂലം പരാതി നല്‍കാന്‍ സിബിഐ കരസേനാ മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോഴ വിവാദത്തില്‍ എപ്പോഴാണ് കരസേനാ മേധാവി സിബിഐക്ക് രേഖാമൂലം പരാതി നല്‍കുകയെന്ന് ഇനിയും തീരുമാനമെടുത്തിട്ടില്ല. നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങുന്നതിന് തനിക്ക് പതിനാല് കേടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വി.കെ. സിംഗിന്റെ വെളിപ്പെടുത്തല്‍. സിബിഐ ഉദ്യോഗസ്ഥരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വി.കെ.സിംഗ് പറഞ്ഞത് പരാതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നാണ്. സിബിഐ വൃത്തങ്ങളാണ് ഇത് സൂചിപ്പിച്ചത്.
വി.കെ.സിംഗ് പരാതി നല്‍കുകയാണെങ്കില്‍ സിബിഐ കേസുമായി മുന്നോട്ടുപോകും. മറിച്ചാണെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തും. വി.കെ. സിംഗ് യാത്രയിലാണെന്നും തിരിച്ചെത്തിയതിനുശേഷം തീരുമാനമെടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സുചിപ്പിച്ചു. റിട്ട. ലഫ്. ജനറലാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ കരസേനാ മേധാവി പറഞ്ഞിരുന്നു. ടേപ്പ് ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: