ന്യൂദല്‍ഹി: ഇറാനെതിരായ ഉപരോധത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സഹകരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി ടിമോത്തി ഗീത്നര്‍. ഒരു ചോദ്യത്തിന് മറുപടി പറയവെ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാനെതിരായ ഉപരോധം ശക്തമാക്കിയിട്ടുണ്ടെന്ന് ഗീത്നര്‍ പറഞ്ഞു. എല്ലാ മേഖലകളിലും പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍ ഇന്ത്യന്‍ ഉപരോധം ശക്തമാണ്.
ആണവ പരീക്ഷണം നടത്താനുള്ള തീരുമാനവുമായി ഇറാന്‍ മുന്നോട്ടുപോയതാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. അടുത്തകാലത്തായി ഇറാനെതിരായ ഉപരോധത്തില്‍ അന്താരാഷ്‌ട്ര സഹകരണം ഉറപ്പുവരുത്തുന്നതില്‍ അമേരിക്ക വിജയിച്ചിട്ടുണ്ടെന്നും ഗീത്നര്‍ പറഞ്ഞു.
ഇറാനില്‍നിന്നും എണ്ണ വാങ്ങുന്നതില്‍ മിക്ക രാജ്യങ്ങളും കുറവ് വരുത്തിയിട്ടുണ്ട്. ഇത്തരം കടുത്ത നടപടികള്‍ ഇറാനെ ആണവപദ്ധതിയില്‍നിന്നും പിന്തിരിപ്പിക്കുന്നതിനാണ്.
വേള്‍ഡ് ബാങ്കില്‍നിന്നും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ഇറാന് നല്‍കുന്നതിനെ അമേരിക്ക എതിര്‍ക്കും. അവസാനമായി സാമ്പത്തിക സഹായം നല്‍കിയത് 2005 ലാണെന്നും ഗീത്നര്‍ പറഞ്ഞു.
















