ഏകാഹാരേണ സന്തുഷ്ടഃ
ഷ്ടകര്‍മ്മനിരതഃ സദാ
ഋതുകാലാഭിഗാമി ച
സ വിപ്രോ ദ്വിജ ഉച്യതേ
ശ്ലോകാര്‍ത്ഥം : “ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ഭക്ഷിക്കുക. അമിതാഹാരം ഒഴിവാക്കുക. ദിനകൃത്യങ്ങള്‍ തെറ്റിക്കാതിരിക്കുക, ഗൃഹ ധര്‍മ്മിഷ്ഠ പാലിക്കുക, വൈകാരികമല്ലാതെ സന്തതിക്കുവേണ്ടി മാത്രം സഹശയനം ചെയ്യുക – ഇപ്രകാരമുള്ള വിപ്രനാണ് ബ്രാഹ്മണന്‍.”
ഗുരുചാണക്യന്‍ ബ്രാഹ്മണനായി കണക്കാക്കുന്നത് കുടുമയും പൂണൂലും ധരിച്ച് തറ്റുടുത്ത ഒരാളെയല്ല. മറിച്ച് ജാതി ഏതായാലും ശരി, ശാരീരികമായും ആത്മീയമായും മാനസികമായും സാത്വികനാണെങ്കില്‍ അയാള്‍ ബ്രാഹ്മണന്‍ തന്നെ. വ്യാഖ്യാനത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം ഒന്നുപറയട്ടെ, മനുസ്മൃതിയിലോ ഗീതയിലോ പരാമര്‍ശിക്കുന്ന ചാതുര്‍വര്‍ണ്ണ്യം സത്യത്തില്‍ ‘ഡിവിഷന്‍ ഓഫ് ലേബര്‍’ ആയിരുന്നു. ഇതു മനസ്സിലാക്കാത്ത, ചിന്തിച്ചറിയാന്‍ പോലും കഴിവില്ലാത്ത പിന്‍തലമുറ സമുദായത്തിലെ സ്ഥിരമായ സംവിധാനമാണ് ചാതുര്‍വര്‍ണ്യമെന്നും, ബ്രാഹ്മണന്റെ കീഴില്‍ മറ്റ് മൂന്നുജാതികളും ക്ഷത്രിയ അധീനതയില്‍ രണ്ട് ജാതികളും വൈശ്യന്റെ അടിമകളെപ്പോലെ നാലാമത്തെ ജാതിയും ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നും, പാശ്ചാത്യരവതരിപ്പിച്ച ഫ്യൂഡലിസത്തിന്റെ ഉദാഹരണമാണിതെന്നും പ്രസംഗിക്കുകയും എഴുതുകയും ചെയ്ത് ബഹുജനങ്ങളില്‍ ആഴമേറിയ തെറ്റിദ്ധാരണവളര്‍ത്തി പരസ്പരം വെറുക്കാനും വഴക്കു കൂടാനും യോജിക്കാതിരിക്കാനും വേണ്ടി നാലു ജോതിയേയും പ്രത്യേകമായി ഭിന്നിപ്പിച്ച് ഇതുവരെ നിര്‍ത്തി. ഒരൊറ്റ ചരിത്ര ഗവേഷകനും ചാതുര്‍വര്‍ണ്യത്തിന്റെ ആവിര്‍ഭാവം ഗവേഷണവിധേയമാക്കിയിട്ടില്ല. മുറി വൈദ്യന്‍ ആളെക്കൊല്ലും എന്നപോലെ കിട്ടിയ പകുതി അറിവ് വച്ച് പ്രാചീന വിശ്വാസങ്ങളെ കുളം തോണ്ടാന്‍ ഇന്നുവരെയുള്ള ഒട്ടുമിക്കനേതാക്കളും തന്നാലാവുംവിധം ശ്രമിച്ചിട്ടുണ്ട്. ഗുരുചാണക്യന്‍ മനുസ്മൃതിയുടെ ഉത്ഭവത്തിന് എത്രയോ കാലം കഴിഞ്ഞും. ബ്രാഹ്മണലക്ഷണം പറയുമ്പോള്‍ പൂണുനൂലിനെപ്പറ്റിയോ, യാഗാധികാര്യങ്ങളെപ്പറ്റിയോ, കീഴ്ജാതി വിവാഹത്തെപ്പറ്റിയോ, ഒരക്ഷരം പോലും പറയാതിരുന്നതെന്തുകൊണ്ട്? കാരണം അതൊന്നുമായിരുന്നില്ല, ബ്രാഹ്മണലക്ഷണം.
– എം.പി.നീലകണ്ഠന്‍ നമ്പൂതിര
















