സബര്‍മതീ നദീതീരത്താണ് ഈ നഗരം. മഹാത്മാഗാന്ധിയുടെ സബര്‍മതീ ആശ്രമം ഇവിടെയുണ്ട്.ഈ നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രം കാണാം. കാലൂപുര ശ്മശാനത്തില്‍ ദുഗ്ധേശ്വരക്ഷേത്രമുണ്ട്. ഇവിടത്തെ ശ്മശാനവും കാണാന്‍ കൗതുകമുള്ളതാണ്. സബര്‍മതീതീരത്ത് ക്യാമ്പില്‍ ഭീമനാഥക്ഷേത്രം നില്ക്കുന്നു. ക്യാമ്പില്‍ത്തന്നെ ഖഡ്ഗധാരേശ്വരമെന്ന പ്രാചീനക്ഷേത്രവുമുണ്ട്. ഇവിടത്തെ ഹനുമത്ക്ഷേത്രം വളരെ പ്രസിദ്ധിയുള്ളതാണ്.കാലൂപുര കവാടത്തില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ നീലകണ്ഠേശ്വരക്ഷേത്രവും ശ്രീവല്ലഭാചാര്യ മഹാപ്രഭുവിന്റെ ആസ്ഥാനവുമുണ്ട്. മൂന്നു കവാടങ്ങള്‍ക്കു മുന്നിലായി ഭദ്രകാളീക്ഷേത്രം കാണാം. ഹാജാപടേലിലെ മൈതാനത്ത് ശ്രീരാമക്ഷേത്രമുണ്ട്. രായ്പുരത്ത് ശ്രീരാധാവല്ലഭന്റെ ക്ഷേത്രവുമുണ്ട്.ഇവ കൂടാതെ സ്വാമിനാരായണക്ഷേത്രം, ബഹുചരാക്ഷേത്രം, നരസിംഹക്ഷേത്രം, രണഛോഡ്രായന്റെ ക്ഷേത്രം, വേദമന്ദിരം മുതലായി ദര്‍ശനീയങ്ങളായ അനേകം ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്.
അഹമ്മദാബാദില്‍ നിന്ന് ഖേഡബ്രഹ്മാവരെ ഒരു റെയില്‍വേ ലൈന്‍ വരുന്നുണ്ട്. ഹിരണ്യാക്ഷീ നദീതീരത്ത് ബ്രഹ്മാവിന്റെ ക്ഷേത്രവും ഒരു കുണ്ഡവുമുണ്ട്.അവിടെ നിന്ന് ഒരു കിലോമീറ്ററോളം അകലെ ക്ഷീരജാംബാദേവീക്ഷേത്രവും മാനസരോവരമെന്ന കുളവുമുണ്ട്. ഇതിനടുത്തുതന്നെയാണ് ഹിരണ്യാക്ഷി, കോസംബി, ഭീമാക്ഷി ഈ നദികളുടെ സംഗമസ്ഥാനം. നദിയുടെ മറുകരയില്‍ ഭൃഗ്വാശ്രമം കാണാം. അഞ്ചുകിലോമീറ്റര്‍ അകലെ ചാമുണ്ഡാദേവീക്ഷേത്രമുണ്ട്.സബര്‍മതീ നദീതീരത്ത് സൂര്യക്ഷേത്രമുണ്ട്. ഗ്രാമത്തില്‍ മൊത്തം പത്തൊന്‍പതു ദേവീക്ഷേത്രങ്ങളുണ്ട്.
ഖേഡബ്രഹ്മാ ലൈനില്‍ ഈഡര്‍ സ്റ്റേഷനില്‍ നിന്ന് അന്‍പതുകിലോമീറ്റര്‍ അകലെയാണ് ശാമളാക്ഷേത്രം. ഇവിടേക്കു ബസ് സര്‍വ്വീസുണ്ട്. ക്ഷേത്രത്തിനടുക്കല് ചില ധര്‍മ്മശാലകളുണ്ട്. മേശ്വാനദീതീരത്താണ് ഈ സ്ഥലം. ഇതിനെ ഗദാധരപുരിയെന്നും ഹരിശ്ചന്ദ്രപുരിയെന്നും കാരാംബുകതീര്ത്ഥമെന്നും പറയുന്നുണ്ട്.ശാമളാജി ഗദാധരഭഗവാന്റെ ക്ഷേത്രമാണ്. അടുത്ത പ്രാന്തസ്ഥലങ്ങളില് രണഛോഡുരായ്, ഗിരിധാരീലാല്, കാശിവിശ്വനാഥ് എന്നീക്ഷേത്രങ്ങളുണ്ട്. ഈ വിശ്വനാഥക്ഷേത്രം ഭൂമിക്കടിയിലാണ്. ടേകരിയില്‍ ഭായിസവല്ക്ഷേത്രമുണ്ട്. മേശ്വാനദിയില് നാഗധാരാതീര്ത്ഥം. ഭൂമിക്കടിയിലെ ഗംഗാക്ഷേത്രവും ഹരിശ്ചന്ദ്രമഹാരാജാവിന്റെ യാഗവേദിയും കാണേണ്ടതുതന്നെയാണ്.
ഗുജറാത്ത് സംസ്ഥാനത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള കച്ച് ഉപദ്വീപിന്റെ വടക്കേ അറ്റത്ത് ഓഖാ തുറമുഖത്തിനടുത്താണ് ഭേട്ദ്വാരക ക്ഷേത്രം. ബഡോദരയില്‍ നിന്നും ഓഖയിലേക്കു തീവണ്ടിയുണ്ട്. ഓഖാസ്റ്റേഷനില് നിന്ന് ഉദ്ദേശം ഒന്നരക്കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് ഭേട്ദ്വാരക. ഇവിടെ ഇറങ്ങുന്നതിന് ബോട്ട് സര്‍വ്വീസുണ്ട്. ബോട്ടിനും യാത്രക്കാര്‍ക്കും സൗകര്യപ്രദമായി ഇരുഭാഗത്തും കടവുകെട്ടിയിട്ടുണ്ട്.ഭേട്ദ്വാരക പത്തുകിലോമീറ്റര്‍ നീളമുള്ള ദ്വീപിലാണ്. ഇവിടെ ധര്‍മ്മശാലകളുണ്ട്. പണ്ഡകളുടെ വസതികളിലും യാത്രികര്‍ക്കു താമസിക്കാം.
ശ്രീകൃഷ്ണമഹല് : വിസ്തൃതമായ നാലതിരുകള്‍ക്കുള്ളില്‍ രണ്ടു നിലയുള്ള മൂന്നു ഭവനങ്ങളും മൂന്നു നിലയുള്ള അഞ്ചു ഭവനങ്ങളും ചേര്‍ന്ന ബൃഹദ് ഭവനശൃംഖലയാണ് ദ്വാരകയിലെ ശ്രീകൃഷ്ണമഹല്. കവാടത്തിലൂടെ കിഴക്കോട്ട് നീങ്ങുമ്പോള്‍ ശ്രീകൃഷ്ണമഹല്. അതിനു കിഴക്കുഭാഗത്ത് പ്രദ്യുമ്നക്ഷേത്രം. നടുക്കു രണഛോഡുരായരുടെയും മറ്റൊരു വശത്ത് ത്രിവിക്രമന്റെയും ക്ഷേത്രം കാണാം. ഒരു ഭാഗത്ത് പുരുഷോത്തമന്, ദേവകീമാതാവ്, മാധവന് ഇവരുടെ ക്ഷേത്രങ്ങളുണ്ട്. കോട്ടയ്ക്കു തെക്കുപടിഞ്ഞാറ് അംബികാദേവിയുടെയും ഗരുഡന്റെയും ക്ഷേത്രങ്ങള്‍ നില്ക്കുന്നു. രണഛോഡുരായരുടെ ക്ഷേത്രത്തിനടുത്ത് സത്യഭാമയുടെയും ജാംബവതിയുടെയും ക്ഷേത്രങ്ങള്‍ കാണാം. കിഴക്ക് സാക്ഷി ഗോപാലന്, വടക്കു രുക്മിണി, രാധ ഇവരുടെ ക്ഷേത്രങ്ങള്‍ നില്ക്കുന്നു. ജാംബവതീ ക്ഷേത്രത്തിനു കിഴക്ക് ലക്ഷ്മീനാരായണന്റെയും രുക്മിണിയുടെ ക്ഷേത്രത്തിനു കിഴക്ക് ഗോവര്ദ്ധനനാഥന്റെയും ക്ഷേത്രങ്ങള്‍ കാണാം. ഭേട്ദ്വാരകയില് രണഛോഡ്താലാബ്, രത്നതാലാബ്, കചാരിതാലാബ്, മുതലായ ചില തടാകങ്ങളുണ്ട്. മുരളീമനോഷരന് ഹനുമാന് ടേകരീ, ദേവീക്ഷേത്രം, നവഗ്രഹക്ഷേത്രം, നീലകണ്ഠേശ്വരം മുതലായ ചില ദേവാലയങ്ങളും ഉണ്ട്.പ്രധാന ക്ഷേത്രത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ശംഖോദ്ധാരസരോവരം. ഇവിടെ ശംഖനാരായണക്ഷേത്രം കാണാം. ശ്രീകൃഷ്ണഭഗവാന് ഇവിടെവച്ച് ശങ്കവാസുരനെ വധിച്ചു.ഇവിടെത്തന്നെ വല്ലഭാചാര്യമഹാപ്രഭാവിന്റെ ആസ്ഥാനവും ഉണ്ട്. സമുദ്രതിരത്ത് ചരണഗോമതി, നവഗ്രഹചരണം, പത്മതീര്‍ത്ഥം, പഞ്ചകൂപകല്പവൃക്ഷം ഇവ ദര്‍ശിച്ച് കാളിയസര്‍പ്പം കടന്ന് ശംഖനാരായണനെ ദര്‍ശിച്ചിട്ട് പ്രദക്ഷിണം പൂര്‍ത്തിയാക്കണം.ബോട്ടില്‍ ഓഖയിലിറങ്ങിയിട്ട് മേരൂര്ഡാഗ്രാമത്തിലെത്തിയാല് അവിടെനിന്നും മൂന്നുകിലോമീറ്റര്‍ അകലെയാണ് ഗോപീതാലാബ്. ഓഖയില്നിന്നും ദ്വാരകയില്‍ നിന്നും സര്‍വ്വീസ് ബസുകളും ഉണ്ട്. ദ്വാരകയില്‍ നിന്ന് ഇരുപത്തിരണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് ഒരു ഗ്രാമീണ സരോവരമാണ്. ഈ തടാകത്തിലെ ചെളിയ്ക്ക് മഞ്ഞനിറമാണ്. ഇതിനെ ഗോപീചന്ദനം എന്നു പറയും. ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് ഈ ഗോപീചന്ദനം നിത്യകര്‍മ്മങ്ങള്‍ക്ക് അവശ്യവസ്തുവാണ്. സമീപത്ത് സ്ത്രീകളും കുട്ടികളും ഗോപീചന്ദനം വില്‍ക്കുന്നുണ്ട്. ഈ സരോവരത്തില്‍ ശ്രീകൃഷ്ണനും ഗോപിമാരും കുളിച്ചിട്ടുണ്ട്. അടുത്തുതന്നെ ധര്‍മ്മശാലയും ഗോപീനാഥന്റെയും രാധാകൃഷ്ണന്റെയും ക്ഷേത്രങ്ങളും കാണാം. ശ്രീവല്ലഭാചാര്യന്റെ ആസ്ഥാനവും ഇവിടുണ്ട്. ദ്വാരകയില്‍നിന്ന് പതിനാറു കിലോമീറ്റര്‍ അപ്പുറവും ഗോപീതാലാബിന് എട്ടുകിലോമീറ്റര്‍ ഇപ്പുറവുമാണ് ചെറുതും പാവനവുമായ നാഗനാഥ ്എന്ന ഭൂഗര്ഭക്ഷേത്രം. ഇവടത്തെ ശിവലിംഗം ജ്യോതിര്‍ലിംഗങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നു പറയപ്പെടുന്നു. കാഴ്ചയ്ക്ക് ഭക്തിയും കൗതുകവും വളര്‍ത്തുന്ന ഈ ഭൂഗര്ഭശിവക്ഷേത്രം ധാരാളം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ദ്വാരകയില്‍നിന്ന് മുപ്പത്തിരണ്ടു കിലോമീറ്റര്‍ അകലെയാണ് പുരാതനമായ പിണ്ഡാരകക്ഷേത്രം. ഇവിടെ ഒരു സരോവരമുണ്ട്. അതിന്റെ തീരത്ത് ജനങ്ങള്‍ ശ്രാദ്ധം നടത്തിയിട്ട് പിണ്ഡം തടാകത്തില്‍ അര്‍പ്പിക്കുന്നു. എന്നാല്‍ അവ ജലത്തില്‍ താഴ്ന്നുപോവാതെ മുകളില്‍ ഒഴുകിനടക്കുന്നു. ഇവിടെ കപാലമോചനേശ്വരന്, മോടേശ്വരന്, ബ്രഹ്മദേവന് മുതലായവരുടെ ക്ഷേത്രങ്ങളുണ്ട്. വല്ലഭാചാരയരുടെ ഇരിപ്പിടവും കാണാം.
കച്ചുപ്രദേശത്തെ പുരാണപ്രസിദ്ധമായ തീര്‍ത്ഥമാണ് നാരായണ സരസ്. ബോംബയില്‍ നിന്നു കച്ചിലെ ഓഖ തുറമുഖത്തുനിന്നും കപ്പലില്‍ മാണ്ഡവിയിലെത്തിയിട്ട് അവിടെനിന്ന് കച്ചിന്റെ പ്രധാനതിരമായ ഭുജ്നഗരത്തില് വരണം. ഭൂജില്നിന്നു നൂറ്റിമുപ്പതു കിലോമീറ്റര്‍ ദൂരെയാണ് നാരായണസരസ്സ്. ആദിനാരായണന്, ലക്ഷ്മീനാരായണന്‍, ഗോവര്ദ്ധനനാഥന് മുതാലയക്ഷേത്രങ്ങളും വല്ലഭാചാര്യമഹാപ്രഭുവിന്റെ ആസ്ഥാനവും ഇവിടുണ്ട്.നാരായണസരസ്സില് നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ കോടേശ്വരക്ഷേത്രം നില്ക്കുന്നു. നാല്പതുകിലോമീറ്റര് ദൂരെ വഴിയരികില്‍ ആശാപുരീദേവിയുടെ പ്രധാനക്ഷേത്രവും ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: