കൊച്ചി: ഐറ്റി രംഗത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ഇന്‍ഫോ പാര്‍ക്ക് അടുത്ത ഏഴു വര്‍ഷം കൊണ്ട് തൊഴിലവസരം അഞ്ചുമടങ്ങിലധികം വര്‍ധിപ്പിക്കാനുളള തയാറെടുപ്പിലാണ്. 2004-ല്‍ സ്ഥാപിതമായ പാര്‍ക്ക് 34 ലക്ഷം ച.അടി സമുച്ചയങ്ങളിലായി 104 ഐ.റ്റി അനുബന്ധ കമ്പനികളിലൂടെ 15,000 പേര്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ അവസരം നല്‍കുന്നത്. 2018-ല്‍ ഇന്‍ഫോപാര്‍ക്കിലെ മൊത്തം തൊഴിലവസരം 80,000 കവിയുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജിജോ ജോസഫ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സോഫ്റ്റ്വെയര് കയറ്റുമതിയില്‍ ഇന്‍ഫോപാര്‍ക്ക് നാലുമടങ്ങോളം വര്‍ധന കൈവരിച്ചു. 2007-08 ലെ 247.05 കോടിയില്‍ നിന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 900 കോടിയായി കയറ്റുമതി വരുമാനം വര്‍ധിച്ചു. 5.30 ലക്ഷം ച.അടിയില്‍ നിന്ന് 34 ലക്ഷം ച.അടിയിലേക്ക് ഐ.റ്റി അനുബന്ധ കെട്ടിട സമുച്ചയങ്ങള്‍ വളര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് ഒന്നാം ഘട്ടത്തിലെ 82-ഉം രണ്ടാംഘട്ടത്തിലെ 32-ഉം ഏക്കര്‍ സ്ഥലത്തിന് സെസ് പദവി ലഭിച്ചതാണ്. രണ്ടാം ഘട്ടത്തിലെ 67 ഏക്കറിനുളള സെസ് പ്രഖ്യാപനം ഉടനുണ്ടാകും. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ 60 ഏക്കറിന് നേരത്തെ സെസ് പദവി ലഭിച്ചിരുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ നിലവിലുളള 31 ലക്ഷം ച.അടിയില്‍ മൂന്നില്‍ രണ്ടു ഭാഗം സമുച്ചയവും വികസിപ്പിക്കാന്‍ പങ്കാളികളായ കമ്പനികള്‍ മുന്നോട്ടു വന്നിരുന്നു. വരുന്ന മൂന്നു വര്‍ഷത്തിനുളളില്‍ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഇന്‍ഫോപാര്‍ക്കിന്റെ മൊത്തം സമുച്ചയം 50 ലക്ഷം ച.അടിയായി വികസിപ്പിക്കും. അതുവഴി 40,000 ഐ.റ്റി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കും.
ഇന്‍ഫോ പാര്‍ക്ക് വികസനത്തിനായി പുത്തന്കുരിശ,് കുന്നത്തുനാട് വില്ലേജുകളിലായി ഏറ്റെടുത്ത 160 ഏക്കറില്‍ 125 ഏക്കറിന്റെയും എല്ലാ സ്ഥലമെടുപ്പു നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2500 കോടി ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ 80 ലക്ഷം ച.അടി വിസ്തൃതിയില്‍ ഐ.റ്റി അനുബന്ധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. 2018-ല്‍ 80,000 പ്രൊഫഷണലുകള്‍ പണിയെടുക്കുന്ന രാജ്യത്തെ ഒന്നാംകിട ഐ.റ്റി സ്ഥാപനമായി ഇന്‍ഫോപാര്‍ക്ക് മാറുമെന്ന് ജിജോ ജോസഫ് ചൂണ്ടിക്കാട്ടി. 12-ാം പഞ്ചവത്സര പദ്ധതി കാലയളവില്‍ 260 കോടി ചെലവില്‍ 12 ലക്ഷം ച.അടി ഐറ്റി സമുച്ചയം കൂടി നിര്‍മിക്കും. ചെറുകിട, ഇടത്തരം കമ്പനികള്‍ക്കു കൂടി സൗകര്യമൊരുക്കുന്ന വിധമാണ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തനതായി ചെലവിടും. 2050 കോടി രൂപ ഐ.റ്റി കമ്പനികളില്‍ നിന്നും സംരംഭകരില്‍ നിന്നും വികസന പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്നുണ്ട്.
2011 ജനുവരിയില്‍ കമ്മീഷന് ചെയ്ത ചേര്‍ത്തല ഇന്‍ഫോ പാര്‍ക്ക് ഒന്നാംഘട്ടത്തിന്റെ ഭാഗമായി 1000 പേര്‍ക്കാണ് തൊഴില്‍ ലഭ്യമായത്. സ്ഥലവില ഒഴികെ 75 കോടിയാണ് അവിടെ നിക്ഷേപം വേണ്ടിവന്നത്. 2.40 ച.അടി കെട്ടിട സമുച്ചയം അവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ 50,000 ച.അടി സമുച്ചയമാണ് തയാറാക്കിയത്. 24 കമ്പനികളിലായി 400 പേര് അവിടെ തൊഴിലെടുക്കുന്നു. 15 ഏക്കര്‍ കൂടി അവിടെ ഏറ്റെടുത്ത ശേഷം സെസ് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: