മരട്: മന്ത്രിബന്ധുകൂടിയായ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മ്മിക്കുന്നത് വിവാദമാവുന്നു. കുമ്പളം പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ദേശീയപാതയില്‍ നിന്നും ആരംഭിച്ച് കിഴക്കോട്ടു പോവുന്ന പുതിയ പാലം ജെട്ടി റോഡ് 1200 മീറ്റര്‍ ടാറിംഗ് നടത്തുവാന്‍ പൊതുമരാമത്ത് വകുപ്പിന് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് മന്ത്രിബന്ധുവിന്റെ പുഴയോരത്തുള്ള വീട്ടിലേക്ക് 500 മീറ്റര്‍ നീളത്തില്‍ 7 ലക്ഷം രൂപ മുടക്കി അനധികൃതമായി സ്വകാര്യ റോഡ് നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് രംഗത്തുവന്നിരിക്കുന്നത്.
പ്രധാനറോഡില്‍ നിന്നും അര കിലോമീറ്റര്‍ മാറി പുഴയോരത്താണ് സ്വകാര്യ വ്യക്തിയുടെ ഇരുനില വീട്. വീട്ടുടമ മിക്കപ്പോഴും വിദേശ സന്ദര്‍ശനത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു. അവര്‍ വീട്ടിലുണ്ടാവുന്ന സമയത്ത് കേന്ദ്രമന്ത്രി ഇവിടെ സന്ദര്‍ശകനായി എത്താറുണ്ട്. വീട്ടുടമ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി പഞ്ചായത്തിനെ സ്വാധീനിച്ചാണ് റോഡ് സര്‍ക്കാര്‍ പണം ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസുകാരനായ കുമ്പളം പഞ്ചായത്ത് പ്രസിഡന്റും, വാര്‍ഡ്മെമ്പറും ചേര്‍ന്നാണ് സ്വകാര്യ റോഡ് പിഡബ്ല്യുഡിയെക്കൊണ്ട് ടാറിംഗ് നടത്തിക്കുവാന്‍ തീരുമാനിച്ചതെന്ന് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം മുരുകേശന് ആരോപിച്ചു. പ്രദേശത്തെ ഒട്ടേറെ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ അവസ്ഥയിലാണ്. ഇവയൊന്നും പരിഹരിക്കാതെയാണ് മന്ത്രിബന്ധുവായ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പഞ്ചായത്തിന്റെ ഒത്താശയോടെ റോഡ് ടാറിംഗ് നടത്തുവാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ റോഡുപണി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
പൊതുഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് ടാറിംഗ് നടത്തുന്നതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുവാന്‍ തയ്യാറെടുക്കുകയാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: