പെരുമ്പാവൂര്‍: പ്ലൈവുഡ് ബിസിനസ്സ് നടത്തുന്ന ഒരാളുടെ 2 മെയില്‍ ഐഡികളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ ലാഭം കൊയ്ത കേസില്‍ ഉത്തരാഞ്ചല്‍ സ്വദേശി പോലീസ് പിടിയിലായി. ഉത്തരാഞ്ചല്‍ ഉത്തംസിംഗ് നഗര്‍ ജില്ലയില്‍ താമസിക്കുന്ന സൗരവ് റെയ്ദാനി (24) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂര്‍ മേഖലയില്‍ ഉല്പാദിപ്പിക്കുന്ന പ്ലൈവുഡ് ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങിയശേഷം അന്യസംസ്ഥാനത്തേക്കും പുറം രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന സൗരവ് എന്റര്‍പ്രൈസസ് എന്ന പേരില്‍ കമ്പനി നടത്തിവരികയായിരുന്ന പ്രതി ഇതേ ബിസിനസ് പെരുമ്പാവൂരില്‍ നടത്തിവരുന്ന കൂവപ്പടിയിലെ ഖുശി ഇന്റര്‍നാഷണല്‍ ഉടമ മനീഷ് ബന്‍സാള്‍ എന്നയാളുടെ രണ്ട് മെയില്‍ ഐഡിയില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുവഴി മനീഷ് ബന്‍സാള്‍ വിദേശകമ്പനികളുമായി ഉറപ്പിച്ചിരുന്ന ക്വട്ടേഷന്‍ വിവരങ്ങള്‍ അറിഞ്ഞ് അതിലും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷന്‍ വെച്ചാണ് സൗരവ് ബിസിനസ് നടത്തിവന്നിരുന്നത്. തന്റെ ബിസിനസ് നഷ്ടമായപ്പോള്‍ മനീഷ് നടത്തിയ അന്വേഷണത്തിലാണ് തന്റെ രഹസ്യവിവരങ്ങള്‍ പ്രതി ചോര്‍ത്തുന്നതായി അറിഞ്ഞത്. തുടര്‍ന്ന് എസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐ വി. റോയിയും സംഘവും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പെരുമ്പാവൂരിലുള്ള സഫ എന്ന ലോഡ്ജില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിത്യേന സന്ദര്‍ശിക്കാറുള്ള പെരുമ്പാവൂരിലുള്ള സ്പീഡ് കമ്പ്യൂട്ടര്‍ എന്ന കഫേയിലെ ജീവനക്കാരുടെ സഹായവും പ്രതിയെ പിടികൂടുന്നതില്‍ ഉണ്ടായി എന്നും പോലീസ് അറിയിച്ചു. എസ്ഐ രവി, എഎസ്ഐ റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷുക്കൂര്‍, പ്രസാദ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: