സന്താനഗോപാലമൂര്‍ത്തിയും സന്താപനാശകനുമായ ശ്രീ പൂര്‍ണ്ണത്രയീശന്റെ മാഹാത്മ്യത്തെ വര്‍ണ്ണിക്കുവാന്‍, അവിടുത്തെ ശയ്യാസ്ഥാനം അലങ്കരിക്കുന്ന ആദിശേഷനുപോലും സാദ്ധ്യമല്ല. സന്താനഗോപാലകഥയുടെ അനുബന്ധമായി പാര്ത്ഥന്, തന്റെ സാരഥിയും സഖിയും, സംരക്ഷകനും, സര്‍വ്വോപരി സാധുജനബന്ധുവുമായ ഭഗവാന്റെ തേജോമയമായ വിഗ്രഹം തൃപ്പൂണിത്തുറയില്‍ പ്രതിഷ്ഠിച്ചു എന്നതാണ് ഐതിഹ്യം.
തന്റെ ഭുജബലംകൊണ്ട് സര്‍വ്വവും സ്വാധീനത്തിലാക്കാം എന്ന് വ്യാമോഹിക്കുന്ന കലിയുഗ മനുഷ്യന്റെ പ്രതീകമാണ് അര്ജ്ജുനന് എന്ന് ഭാഗവതന്മാര്‍ പറയുന്നു. നരന്റെ കഴിവുകൊണ്ടല്ല, പ്രത്യുത, ‘കായേന വാചാ….’ എന്ന ഭാവത്തില്‍ സര്‍വ്വസ്വവും നാരായണനില്‍ അര്‍പ്പിച്ചുചെയ്യുമ്പോള്‍ ലഭ്യമാവുന്ന ഭഗവദനുഗ്രഹമാണ് എല്ലാ ശ്രേയസ്സുകള്‍ക്കും നിദാനം എന്ന ഗുണപാഠമാണ് സന്താനഗോപാലചരിതം നല്‍കുന്നത്. സ്വന്തം അനുഭവത്തിലൂടെ താന്‍ തിരിച്ചറിഞ്ഞ ആ ഭഗവദ്മാഹാത്മ്യം ഭാവിയില്‍ മനുഷ്യരാശി മുഴുവന്‍ ആസ്വദിച്ച്, സായൂജ്യമടയണമെന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണത്രേ അര്ജ്ജുനന് തന്റെ പൂണിയില്‍ ഭഗവദ്ചൈതന്യം ആവാഹിച്ചുകൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചത്. അന്ന് അര്ജ്ജുനന് ദര്‍ശനം നല്കി അനുഗ്രഹിച്ച അതേ സച്ചിദാനന്ദമൂര്‍ത്തി നമ്മെയും അനുഗ്രഹിക്കാന്‍ ഇവിടെ ആവിര്‍ഭവിച്ചത് ‘ഹന്തഭാഗ്യം ജനാനാം’ എന്നല്ലേ പറയേണ്ടൂ.
നിര്‍മ്മമനും നിരാകാരനുമായ ഭഗവാന് ഭക്തരെ അനുഗ്രഹിക്കുന്നതിനുവേണ്ടിയാണ് അവതാരങ്ങള്‍ സ്വീകരിക്കുന്നതെന്ന് സജ്ജനങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. ‘അനുഗ്രഹായ ഭക്താനാം സ്വേച്ഛയാ ഗൃഹ്ണതേ തനും, കാളിയനെ അനുഗ്രഹിയ്ക്കാനായി ഫണങ്ങള്‍ക്കു മുകളിലും കുറൂരമ്മയുടെ കുസൃതിക്കുടുക്കയായി കരിക്കലത്തിനുള്ളിലും വില്വമംഗലത്തെ അനുഗ്രഹിക്കാന്‍ ആനകള്‍ക്കു മുകളിലും നൃത്തമാടിയ ആ പരബ്രഹ്മസ്വരൂപി നമ്മുടെ ‘നെഞ്ഞാം രംഗത്തും തങ്കത്തളികളിളകി’ നൃത്തമാടട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.
കര്‍മ്മയോഗത്തില്‍ക്കൂടിയായാലും ഭക്തിയോഗത്തില്‍ക്കൂടിയായാലും ജ്ഞാനയോഗത്തില്‍ക്കൂടിയായാലും ഭഗവാനില്‍ വിലയം പ്രാപിക്കുകയാണ് ഒരു ജീവാത്മാവിന്റെ പരമമായ ലക്ഷ്യം എന്ന് ഭാഗവതം ഉദ്ബോധിപ്പിക്കുന്നു.
‘ശരം തു ജീവം പരമേവ ലക്ഷ്യം’ ഇതിനെ സാധൂകരിയ്ക്കാനെന്നവണ്ണം, ‘ജന്മലാഭ: പര: പുംസാം അന്തേ നാരായണസ്മൃതി:’ എന്ന ഭാവത്തോടെ ‘കൂട്ടുകൂടെന്റെ പൂര്‍ണ്ണത്രയീശാ’ എന്ന് മന്ത്രിച്ച് ഭഗവാനില്‍ വിലയം പ്രാപിച്ച മൂശാരിയെയും ‘ഭൂയാത് പതി: മേ ഭഗവാന് കൃഷ്ണ:’ എന്ന് പ്രാര്‍ത്ഥിച്ച് സായൂജ്യം നേടിയ നങ്ങേമക്കുട്ടിയെയും മകുടോദാഹരണങ്ങളായി ഭഗവാന് നമുക്ക് കാണിച്ചുതരുന്നു. ഇവര്‍ അനുഷ്ഠിച്ചതുപോലെ – ‘വാണീഗുണാനുകഥനേ….’ എന്നിങ്ങനെ കുബേരപുത്രന്മാര്‍ പ്രാര്‍ത്ഥിച്ചതുപോലെ- സകല ഇന്ദ്രിയങ്ങള്‍കൊണ്ടും ശ്രീ പൂര്‍ണ്ണത്രയീശനെ ആരാധിക്കാന്‍ നമുക്കു സാധിച്ചാല്‍ അതത്രേ നരജന്മത്തിന്റെ സാഫല്യം! അതത്രേ മോക്ഷമാര്‍ഗ്ഗം!
സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവയാണല്ലോ മുക്തിയുടെ 4 പടികള്‍. ഭക്തിയുടെ ലോകത്ത് എത്തുന്നതത്രേ സാലോക്യം. ഭഗവാന്റെ തിരുമുമ്പില്‍ വന്ന് കൈകൂപ്പാന്‍ സാധിക്കുന്നത് സാമീപ്യം. അങ്ങനെ ശ്രീ പൂര്‍ണ്ണത്രയീശന്റെ തിരുസന്നിധിയില്‍ നിര്‍വൃതിയോടെ നില്ക്കുമ്പോള്, നിമീലിതമിഴികളോടെ, സൂര്യപ്രഭാപൂരം പൊഴിക്കുന്ന ആ തോജോവിഗ്രഹദര്‍ശനം തന്നെ മോക്ഷദായകമാണ്.
‘നിര്‍ന്നിമേഷമായി നില്ക്ക നേത്രമേ! ഭാഗ്യാലിതാ
നിന്നിലേയ്ക്കൊഴുകുന്നു സച്ചിദാനന്ദാമൃതം’ എന്ന കവിവാക്യം അന്വര്‍ത്ഥം തന്നെ. ശ്രീ പൂര്ണ്ണത്രയീശന് നിമീലിതലോചനനായിട്ടല്ല, പ്രത്യുത, ഭഗവാന്റെ ‘ഭൂരികാരുണ്യവേഗ’മാണ് അത് കാണിക്കുന്നത് എന്ന് മഹത്തുക്കള്‍ പറയുന്നു. ആദിശേഷനാകുന്ന മെത്തയിന്മേല് യോഗനിദ്രയില്‍ പള്ളികൊള്ളുന്ന സമയത്ത് ഭക്തരുടെ ‘നാരായണാഖിലഗുരോ! ഭഗവന്‍ നമസ്തേ!’ എന്ന ആര്‍ത്തസ്വരംകേട്ട്, നേത്രോന്മീലനം ചെയ്യുന്നതിനുമുമ്പുതന്നെ കരുണാവാരിധിയും, ആര്‍ത്തത്രാണപരായണനായ ഭഗവാന് തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഭക്തരക്ഷ ചെയ്യാന്‍ എടുത്തുചാടുന്ന രൂപമാണത്രേ ശ്രീ പൂര്‍ണ്ണത്രയീശ വിഗ്രഹസങ്കല്പം. എന്റെ അച്ഛന് ഭഗവദ്മാഹാത്മ്യത്തെ വര്‍ണ്ണിച്ച് എഴുതിയ വരികള്‍ ഇക്കഥ സൂചിപ്പിക്കുന്നു.
ആര്‍ത്താലാപം ശ്രവിച്ചൂ, തിരുവടിയുടനെ
നിദ്രവേണ്ടെന്നുവച്ചു
കൈത്താര്‍കുത്തീട്ടെണീറ്റു, വിരവിലിടതു-
കാലിട്ടു കീഴ്പോട്ടു ചാടാന്‍
പാര്‍ത്തമേവുന്നു നോക്കാം കൊടിയ കുടിലതേ!
ദുര്‍വ്വിധേ! ദുര്‍ന്നിവാരേ!
തീര്‍ത്തോളൂ നീ കുരുക്കങ്ങനെ, യരികിലെനി
യ്ക്കുണ്ടു പൂര്ണ്ണത്രയീശന്!!!
ഭഗവാന്റെ ശ്രീകൃഷ്ണാവതാരത്തിനു മുന്നോടിയായി ദുഷ്ടന്മാരായ അസുരന്മാരുടെ ഭാരം സഹിയ്ക്കാഞ്ഞ് ദു:ഖിതനായിത്തീര്‍ന്ന ഭൂമിദേവിയേയുംകൂട്ടി ബ്രഹ്മാദിദേവന്മാര്‍ പാലാഴിയില്‍ച്ചെന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ദര്‍ശിച്ച ഭഗവത്രൂപവും ഇതുതന്നെയാണെന്ന് ശ്രീകൃഷ്ണവിലാസം കാവ്യം ഉദ്ഘോഷിക്കുന്നു.
ഇതി സ്തുതോ ദേവഗണേന ദേവോ
ദയാനിധി: ദാനവനിത്യശത്രു:
നൃഷീദുത്ഥായ ഭരാവഭുഗ്നേ
ഭുജംഗതല്‍പേ ഭുവനൈകനാഥ:
വര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്നം നടന്ന സമയം, ഭഗവദ്രൂപത്തെ ‘ശ്രീപൂര്‍ണ്ണനായിരിക്കുന്ന ത്രയീശന്’ എന്ന് ദൈവജ്ഞന്മാര് വിശേഷിപ്പിക്കുകയുണ്ടായി. ഇതുതന്നെയാണ് ‘യത് ത്രൈ ലോക്യ മഹീയസോ പിമഹിതം’ എന്ന് മേല്‍പ്പത്തൂരും ‘സൗന്ദര്യാര്‍ണ്ണവമിന്ദിരാശശിമണിശ്രീചന്ദ്രം’ എന്ന് ഗോശ്രീരാജവംശഭൂതനായ വീരകേരളവര്‍മ്മയും വര്‍ണ്ണിച്ചത്. ഐശ്വര്യാദി ഷഡ്ഗുണങ്ങളാല്‍ പരിപൂര്‍ണ്ണനായിരിക്കുന്ന ശ്രീ പൂര്‍ണ്ണത്രയീശനെ ഇതിലധികം എപ്രകാരം മനുഷ്യര്‍ക്ക് വിശേഷിപ്പിക്കാനാവും?
മനസ്സിനും വാക്കുകള്‍ക്കും അപ്രാപ്യമായ ചൈതന്യമാണ് ഈ പരബ്രഹ്മസ്വരൂപമെന്ന് മഹത്തുക്കള്‍ പറയുന്നു. കരുണാവാരിധിയായ, ആശ്രിതവത്സലനായ ശ്രീ പൂര്‍ണ്ണത്രയീശനെ നവവിധ ഭക്തികളില്‍ ഏതെങ്കിലും ഒന്നുകൊണ്ട് ഉപാസിക്കാന്‍ സാധിച്ചാല്‍ ജീവിതം ധന്യമായി.
സംഗമേശന് തമ്പുരാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: