“നേത്രദ്വയം മഹേശസ്യ കാശീ കാഞ്ചി പുരീദ്വയം.’ കാശിയും കാഞ്ചിയും പുരികള്‍ ശ്രീശങ്കരഭഗവാന്റെ രണ്ടുനയനങ്ങളാണ് – കണ്ണുകള്‍ക്കു തുല്യം പ്രാധാന്യമേറിയവയാണ്.
മോക്ഷദായികളായ സപ്തപുരികളില്‍ അയോദ്ധ്യയും മഥുരയും ദ്വാരകയും വൈഷ്ണവപുരികളാണ്. ഹരിദ്വാര്‍, കാശി, ഉജ്ജൈന്‍ ഇവ ശൈവപുരികളും. എന്നാല്‍ കാഞ്ചിപുരി ഹരിഹരാത്മകമാണ്. ഇതിന് ശിവകാഞ്ചിയെന്നും വൈഷ്ണവകാഞ്ചിയെന്നും രണ്ടു ഭാഗങ്ങളുണ്ട്.
ഇവിടെ ബ്രഹ്മദേവന് കഠിനതപസ്സുചെയ്തു ശ്രീദേവി ദര്‍ശനം നേടി.
ചെങ്കല്‍പേട്ട ജംഗ്ഷനില്‍ നിന്ന് ആര്‍ക്കോണത്തേക്കുള്ള ലൈനില്‍ ഇരുപത്തിരണ്ടുകിലോമീറ്റര്‍ അകലെയാണ് കാഞ്ചീപുരം സ്റ്റേഷന്. മദ്രാസ്, ചെങ്കല്‍പേട്ട, തിരുപ്പതി, തിരുവണഅണാമല മുതലായ നഗരങ്ങളില്‍ നിന്ന് കാഞ്ചിയിലേക്കു ബസ് സര്‍വ്വീസുണ്ട്. ശിവകാഞ്ചിയിലും വൈഷ്ണവകാഞ്ചിയിലും യാത്രക്കാര്‍ക്കു താമസിക്കാന്‍ ധര്‍മ്മശാലകളുണ്ട്.
ശിവകാഞ്ചി : സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ്. പട്ടണത്തിന്റെ ഈ ഭാഗത്ത് സര്വ്വതീര്ത്ഥമെന്ന സരോവരമുണ്ട്. സ്നാനത്തിനുള്ള പ്രധാനസ്ഥാനം ഇതാണ്. തടാകത്തിനു നടുവില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ സരോവരത്തില്‍ മുണ്ഡനവും ശ്രാദ്ധവും ആളുകള്‍ നടത്തുന്നുണ്ട്. സരോവരത്തിനു നാലുവശവും ചില ക്ഷേത്രങ്ങളുണ്ട്. അതില്‍ പ്രധാനമാണ് കാശി വിശ്വനാഥക്ഷേത്രം.
ഏകാമ്രേശ്വരം : ശിവകാഞ്ചിയിലെ പ്രധാനക്ഷേത്രം ഇതാണ്. ക്ഷേത്രം വളരെ വലുതാണ്. പ്രധാന കവാടത്തിനു രണ്ടു വശങ്ങളിലായി സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ക്ഷേത്രങ്ങള്‍ നില്ക്കുന്നു. മറ്റൊരുഭാഗത്ത് ശിവഗംഗാ സരോവരം കാണാം. മൂന്നു കവാടങ്ങള്‍ക്കുള്ളില്‍ ഏകാമ്രേശ്വരലിംഗം ദര്‍ശിക്കാം. ലിംഗമൂര്‍ത്തിയുടെ പിന്നില്‍ ഉമാമേഹശ്വരവിഗ്രഹമുണ്ട്. ഇതില്‍ അഭിഷേകം നടത്തുന്നില്ല. ഒരു വക എണ്ണയാണ് അര്‍പ്പിക്കുന്നത്. പഞ്ചതത്ത്വലിംഗത്തില് ഇതു ഭൂതത്ത്വലിംഗമാണ്.
ആദ്യപ്രദക്ഷിണത്തില് ഗണേശന്, നൂറ്റെട്ടുലിംഗം നന്ദീശ്വരന്, ചണ്ഡികേശ്വരലിംഗം, ചന്ദ്രകണ്ഠബാലാജി എന്നിവ കാണാം. രണ്ടാമത്തെ പ്രദക്ഷിണത്തില്‍ കാലിക, കോടിലിംഗം, ശിവപാര്‍വ്വതിമാരുടെ സ്വര്ണ്ണവിഗ്രഹമുള്ള കൈലാസക്ഷേത്രം ഇവ കാണാം. ഒരു പ്രത്യേക ക്ഷേത്രത്തില്‍ പാര്വ്വതീദേവിയുണ്ട്. മറ്റൊരു ക്ഷേത്രത്തില്‍ സ്വര്ണ്ണകാമാക്ഷി വസിക്കുന്നു.
ഏകാമ്രേശ്വരന്റെ അങ്കണത്തില്‍ വളരെ പഴക്കമുള്ള ഒരു മാവ് വൃക്ഷമുണ്ട്. തീര്‍ത്ഥാടകര്‍ ഇതിനു പ്രദക്ഷിണം വയ്ക്കുന്നു. ഇതിന്റെ ചുവട്ടില്‍ തപോനിരതയായിരിക്കുന്നു കാമാക്ഷിയുണ്ട്.
പാര്‍വ്വതി ഒരിക്കല്‍ കുടത്ത ഇരുട്ടുളവാക്കി. ഇതില്‍ കുപിതനായി ശങ്കരന് പാര്‍വ്വതിയെ ഉപേക്ഷിച്ചു. ഇവിടെ വാലുകാലിംഗ് ഏകാമ്രേശ്വനെ നിര്‍മ്മിച്ചുവച്ചു തപസ്സുചെയ്തു പാര്‍വ്വതി വീണ്ടും ശങ്കരനെ പ്രസന്നനാക്കി.
കാമാക്ഷി : ഏകാമ്രേശ്വരത്തുനിന്ന് അരക്കിലോമീറ്റര്‍ ചെന്നാല്‍ ദക്ഷിണഭാരതത്തിലെ ഏറ്റവും പ്രധാന ശക്തിപീഠമായ കാമാക്ഷിയിലെത്താം. ഇത് അന്‍പത്തൊന്നു ശക്തിപീഠങ്ങളുള്ളതില് പ്രാധാന്യമേറിയതാണ്. ഇവിടെ സതിയുടെ കങ്കാളം (അസ്ഥിപഞ്ജരം) വീണു. ഈ ക്ഷേത്രത്തിനു കാമകോടി എന്നു പറയുന്നു.
ഇതു വിശാലമായ ക്ഷേത്രമാണ്. അകത്തുനിന്നു അന്നപൂര്‍ണ്ണയുടെയും ശാരദയുടെയും ക്ഷേത്രങ്ങള്‍ വേറെയുണ്ട്. ആദിശങ്കരാചാര്യരുടെ വിഗ്രഹവുമുണ്ട്. കാമാക്ഷി ക്ഷേത്രത്തിന്റെ പ്രധാനകവാടത്തില്‍ കാമകോടി യന്ത്രമുണ്ട്.
വാമനക്ഷേത്രം : കാമാക്ഷിക്ഷേത്രത്തില് നിന്ന് അല്പം അകലെയാണ് ഈ ക്ഷേത്രം. ഇതില്‍ ത്രിവിക്രമഭഗവാന്റെ വലിയ വിഗ്രഹം കാണാം. ഇതു പത്തടി പൊക്കമുള്ള വിഗ്രഹമാണ്. ഒരു കാല് പൊക്കി പിടിച്ചിരിക്കുന്നു. പാദത്തിനു കീഴെ ബലിയുടെ ശിരസ്സുണ്ട്. നീളമുള്ള മുളയില്‍ പന്തം കത്തിച്ചു പിടിച്ച് പൂജാരി ദര്‍ശനം നടത്തിക്കുന്നു.
സുബ്രഹ്മണ്യന് : വാമനക്ഷേത്രത്തില്‍ നിന്ന് അല്പം അകലെയാണ്. ഈ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് ഇവിടെ വളരെ ആദരവും മാന്യതയും സിദ്ധിച്ചിരിക്കുന്നു.
വിഷ്ണുകാഞ്ചി : ശിവകാഞ്ചിയില് നിന്നു രണ്ടുകിലോമീറ്റരോളം അകലെയാണ് വിഷ്ണുകാഞ്ചി. ഇവിടെ പതിനെട്ടു വിഷ്ണുക്ഷേത്രങ്ങളുണ്ടെന്നു പറയുന്നു. എന്നാല്‍ പ്രധാനക്ഷേത്രം ശ്രീവരദരാജക്ഷേത്രം മാത്രമാണ്.
വളരെ വിശാലമാണ് ഈ വരദരാജക്ഷേത്രം. അതിനുള്ളില്‍ കോടിതീര്ത്ഥമെന്ന സരസ്സുണ്ട്. ഇതു സ്ഥിരമായ തീര്‍ത്ഥമാണ്. ഇതിന്റെ പടിഞ്ഞാറെ തീരത്ത് വരാഹക്ഷേത്രവും സുദര്ശനക്ഷേത്രവുമുണ്ട്. സുദര്ശനക്ഷേത്രത്തിലെ യോഗനൃസിംഹവിഗ്രഹം സുദര്ശനവിഗ്രഹത്തിനു പിന്നിലാണ്.
ശ്രീരാമാനുജാചാര്യരുടെ എട്ടുപീഠങ്ങളിലൊന്ന് ഇവിടെയാണ്. ഇവിടത്തെ ആചാര്യന് പ്രതിവാദി ഭയങ്കരനാണെന്നു പറയപ്പെടുന്നു.
ഒന്നാമത്തെ പ്രദക്ഷിണത്തില്‍ ഗരുഡസ്തംഭവും ശ്രീരാമാനുജാചാര്യന്റെ ക്ഷേത്രവും നില്ക്കുന്നു. അടുത്ത പ്രദക്ഷിണത്തില്‍ ലക്ഷ്മീദേവീക്ഷേത്രമുണ്ട്. മൂന്നാമത്തെ പ്രദക്ഷിണത്തില്‍ അങ്കണമദ്ധ്യത്തില്‍ ശ്രീദേവരാജ (വിഷ്ണു) ന്റെ ക്ഷേത്രം കാണാം. മണ്ഡപത്തിനു മുന്നില്‍ ചെറിയ ക്ഷേത്രത്തില്‍ യോഗനൃസിംഹമൂര്ത്തി. ഇത്രയും പ്രദക്ഷിണം കഴിഞ്ഞ് പിന്നില്‍ നിന്ന് ഇരുപത്തിനാലു പടികള്‍ കയറിയാല്‍ ജഗ്മോഹന് ആയി. ഇവിടെ മൂന്നു കവാടങ്ങള്‍ക്കുള്ളിലാണ് ശ്രീവരദരാജഭഗവാന് പരിലസിക്കുന്നത്. അദ്ദേഹത്തിന്റെ കഴുത്തില്‍ സാളഗ്രാമം കൊണ്ടുള്ള മാലയുണ്ട്.
താഴെയിറങ്ങിവന്നാല് ആണ്ടാള്‍, ധന്വന്തരി, ഗണേശന് മുതലായ ദേവതകളെ കാണാം. വിഷ്ണുകാഞ്ചിയില് ശ്രീവല്ലഭാചാര്യമഹാപ്രഭുവിന്റെ ആസ്ഥാനമുണ്ട്.
ദേവാധിരാജന്‍ : ആ ശേഷശായി വിഗ്രഹം ജലത്തില്‍ മുഴുകിയിരിക്കുയാണ്. ഇരുപതുവര്ഷത്തിലൊരിക്കല് ഇതു വെളിയില്‍ കൊണ്ടുവരാറുണ്ട്.
ശങ്കരാചാര്യപീഠം : വിഷ്ണുകാഞ്ചിയില്ത്തന്നെയാണ് ശ്രീശങ്കരാചാര്യരുടെ കാമകോടിപീഠം സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: