വൈദ്യനാഥനില്‍ നിന്നു നാല്പത്തഞ്ചുകിലോമീറ്റര് കിഴക്കു …കയ്ക്കുപോകുന്ന വഴിയിലാണ്. …… ഭഗല്പുരത്തുനിന്നോ ബസ്മാര്‍ഗം ഇവിടെത്താം.
ഇന്നാട്ടുകാരുടെ അഭിപ്രായപ്രകാരം ഇതാണ് നാഗേശ്വരജ്യോതിര്‍ലിംഗം.
ഇവിടുത്തെ പ്രധാനക്ഷേത്രം ശ്രീവാസുകീനാഥന്റേതാണ്. ഇതുകൂടാതെ പാര്‍വ്വതി, കാളി, അന്നപൂര്‍ണ്ണ, രാധാകൃഷ്ണന്, താര, ത്രിപുരസുന്ദരി, ഭൈരവി, ധൂമാവതി, മാതംഗി, കാര്ത്തികേയന്, ഗണേശന്, സൂര്യന്, ഛിന്നമസ്തക ബഗല, ത്രിപുരബൈരവി, കമല, വടകുഭൈരവന്, കാലഭൈരവന്, സുദര്‍ശനചക്രം, ഹനുമാന് മുതലായ ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍ ഇവിടെ അടുത്തുതന്നെ ഉണ്ട്. ഒരിക്കല്‍ ഇവിടം ശാക്തമതാവലംബികളുടെ കേന്ദ്രമായിരുന്നിരിക്കാം.
ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്. ക്ഷേത്രത്തിനടുത്തുതന്നെയാണ് ചന്ദ്രകൂപസരോവരം.
അതിപ്രസിദ്ധനായ ശിവഭക്തനായി സുപ്രിയനെന്നൊരാളുണ്ടായിരുന്നു. ദാരുകനെന്ന ഒരസുരന് ആ ഭക്തനെ കൊല്ലാന്‍ ഒരിക്കല്‍ വന്നു. തത്സമയം സര്‍വ്വേശ്വരനായ ശങ്കരന് പ്രത്യക്ഷനായി ആ അസുരനെ ഹനിച്ച് തന്റെ ഭക്തനെ രക്ഷിച്ചു. കുറെക്കാലത്തിനുശേഷം വാസു എന്നു പേരായ ഒരു വേടന് ഇവിടുണ്ടായിരുന്ന ശിവലിംഗം അന്വേഷിച്ചു. വളരെനാളത്തെ തിരച്ചിലിനുശേഷം അവന് അതു കണ്ടുപിടിച്ചു. തുടര്‍ന്ന് വളരെക്കാലം വാസു ആ ശിവലിംഗം വച്ചു പൂജിച്ചു. തന്മൂലം ഇതിനു വാസുകീനാഥ് എന്നു പേരുണ്ടായി. ഇവിടെ നിന്ന് ഈശാനകോണില് (വടക്കുകിഴക്കുകോണ്) വാസുകി പര്‍വ്വതമുണ്ട്. അമൃതമഥനത്തിനുശേഷം ദേവന്മാര് ഉപേക്ഷിച്ച വാസുകി ഇവിടെയെത്തി വിശ്രമിച്ചു. പിന്നീടു വാസുകി ഇവിടെ ലിംഗാര്‍ച്ചന നടത്തി. ഇങ്ങനെ ഒരു സ്ഥലപുരാണവുമുണ്ട്.
കല്‍ക്കത്ത
പശ്ചിമബംഗാള്‍ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഭാരതത്തിലെ പ്രമുഖ പട്ടണങ്ങളിലൊന്നും വലിയ തുറമുഖനഗരവുമാണ് കല്‍ക്കത്ത. ഈ വന്‍നഗരം മഹാനദിയായ ഗംഗയുടെ തീരത്താണ്. ഇവിടുത്തെ ആദികാളീക്ഷേത്രം അന്‍പത്തൊന്നു ശക്തിപീഠങ്ങളിലൊന്നാണ്. ഇവിടെ സതിയുടെ വലതുകാലിലെ നാലുവിരലുകള്‍ വീണു.
കല്‍ക്കത്തയില്‍ വളരെയധികം ധര്‍മ്മശാലകളും, ഹോട്ടലുകളുമുണ്ട്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം താമസത്തിനും വിനോദത്തിനും മറ്റുമുള്ള എല്ലാവിധ ആധുനികസൗകര്യങ്ങളും ഇവിടുണ്ട്. അതുപോലെ എല്ലാവിധയാത്രാസൗകര്യങ്ങളും ഇവിടെലഭ്യമാണ്.
വളരെയധികം ക്ഷേത്രങ്ങള്‍ കല്‍ക്കത്തയിലുണ്ട്. എന്നാല്‍ പുണ്യക്ഷേത്രങ്ങലെന്നു പറയാവുന്നവയായി നാലെണ്ണമാണുള്ളത്.
ആദികാളി : ടാലീഗഞ്ചിലെ ബസ് – ട്രാം സ്റ്റേഷനില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ നഗരത്തിനുവെളിയിലാണ് ഈ ദേവീക്ഷേത്രം. പ്രധാനക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായി ആറാറു ശിവക്ഷേത്രങ്ങളുണ്ട്.
കാളീക്ഷേത്രം : ഇതു സുപ്രസിദ്ധമായ ക്ഷേത്രമാണ്. ദേവീക്ഷേത്രത്തിനു സമീപം തന്നെ നകുലേശ്വരമെന്ന ശിവക്ഷേത്രമുണ്ട്.
ദക്ഷിണേശ്വരം : ഈ പേരില്‍ ഒരു റെയില്‍വേ സ്റ്റേഷന് തന്നെയുണ്ട്. ഈ സ്ഥലം ഗംഗാതീരത്താണ്. പ്രധാനക്ഷേത്രം കൂടാതെ ചതുരത്തറകളില് പന്ത്രണ്ടു ശിവക്ഷേത്രങ്ങളുമുണ്ട്. ശ്രീരാമകൃഷ്ണദേവന് ഈ ക്ഷേത്രത്തില്‍ ആരാധനനടത്തിയിട്ടുണ്ട്. അദ്ദേഹം താമസിച്ചിരുന്ന മുറി ഇവിടെ പ്രധാനക്ഷേത്രത്തിനടുത്തു കാണാം. അതില്‍ അനേകം സ്മാരകചിഹ്നങ്ങള്‍ സുരക്ഷിതമായി വച്ചിട്ടുണ്ട്. പരമഹംസന്റെ പത്നി ശ്രീശാരദാദേവിയുടെയും രാസമണിറാണിയുടെയും സമാധികളും ഇവിടുണ്ട്. ശ്രീരാമകൃഷ്ണപരമഹംസന് ധ്യാനനിമഗ്നനായിരുന്നത് ഒരു വടവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നു. ആ വടവൃക്ഷം ഇപ്പോഴും ഇവിടെ നില്പുണ്ട്.
ബേലൂര്‍മഠം : ഇത് ദക്ഷിണേശ്വരത്തിന് ഏകദേശം നേരെ മുന്നിലായി ഗംഗയുടെ മറുകരയിലാണ്. സ്വാമിവിവേകാനന്ദനാണ് ഈ മഠം സ്ഥാപിച്ചത്. ഇതില്‍ ശ്രീരാമകൃഷ്ണന്റെ പാവനക്ഷേത്രമുണ്ട്. ഇവിടെത്തന്നെയാണ് സ്വാമിവിവേകാനന്ദന്റെ സമാധിയും.
കല്‍ക്കത്ത ഭാരതത്തിലെ ചരിത്രപ്രസിദ്ധരായ അനേകം മഹാത്മാക്കളുടെ ജന്മഭൂമിയാണ്. അവരില്‍ മഹര്‍ഷി രവീന്ദ്രനാഥടാഗോര്‍, ശ്രീകേശവചന്ദ്രസേനന്, സ്വാമിവിവേകാനന്ദന്, ശ്രീദേവന്ദ്രനാഥടാഗോര്, ശ്രീചിത്തരഞ്ജന്ദാസ് മുതലായവര്‍ പ്രത്യേകം സ്മരണീയരാണ്.
തീര്‍ത്ഥാടകര്‍ക്ക് ഗംഗാസാഗരത്തില്‍ പോകുന്നതിനും നവദ്വീപിലോ ആസാമിലോ കാമാഖ്യയിലോ പോകുന്നതിനും കല്‍ക്കത്തയില്‍ വന്നു പോകുന്നതാണു സൗകര്യം.
ഗംഗാസാഗരം
“ഗംഗാ സര്‍വ്വത്ര പുണ്യാസീത് ത്രിണി സ്നാനേ വിശേഷതഃ
ഹരദ്വാരേ പ്രയാഗേ ച ഗംഗാസാഗരസംഗമേ.”
ഗംഗ സകലദിക്കിലും പുണ്യദായിനിയാണ്. എന്നാല്‍ മൂന്നുസ്ഥലങ്ങളില്‍ പ്രത്യേകം പുണ്യദായിനിയായി പ്രകീര്‍ത്തിക്കപ്പെടുന്നു. ഹരദ്വാരം, പ്രയാഗ, ഗംഗാസാഗരസംഗമം.
കല്‍ക്കത്തയില്‍ നിന്ന് അറുപതുകിലോമീറ്റര്‍ തെക്ക് ഡയമണ്ഡ് ഹാര്‍ബര്‍ എന്നൊരു സ്റ്റേഷനുണ്ട്. അവിടെ നിന്നു വള്ളങ്ങളും കപ്പലും ഗംഗാസാഗരത്തേക്കു പോകുന്നുണ്ട്.
ഈ സാഗരദ്വീപ് കല്‍ക്കത്തയില്‍ നിന്ന് നൂറ്റമ്പതു കിലോമീറ്ററ് തെക്കാണ്.
ഏകദേശം നൂറ്റമ്പതു ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ളതാണ് ഈ ദ്വീപ്. ഇതു മുഴുവന്‍ വനങ്ങളാല്‍ നിറയപ്പെട്ടതും ജനവാസമില്ലാത്തതുമാണ്. ഏതാനും സാധുക്കള്‍ അവിടവിടെ താമസിക്കുന്നത് ജനവാസരഹിതമെന്നതിന് ഒരപവാദമായുണ്ട്. ഗംഗാസാഗര സംഗമസ്ഥാനത്തു നിന്ന് ഏതാനും കിലോമീറ്റര്‍ വടക്ക് വാമതഖലയില് ഒരു പുരാതനക്ഷേത്രമുണ്ട്. അതിനടുത്ത ചന്ദന്പീഡിയ്ല ഒരു ജീര്‍ണിച്ച ക്ഷേത്രം കാണാം. ബുഡ് – ബുഡീരിന്റെ തീരത്ത് വിശാലാക്ഷി ക്ഷേത്രമുണ്ട്.
ഗംഗാസാഗരോത്സവം നടക്കുന്നത് ഗംഗ സമുദ്രത്തില്‍ ചേരുന്ന സ്ഥലത്തിനു കുറച്ചുകൂടി അപ്പുറത്തുള്ള സ്ഥലത്തുവെച്ചാണ്. ഗംഗാമുഖം ഏതാനുംകിലോമീറ്റര്‍ പിന്നില്വച്ചുതന്നെ മാറിപ്പോയിരിക്കുന്നു.
മകരസംക്രമം (ജനുവരി 14) ദിവസമാണ്. ഗംഗാസാഗരോത്സവം നടക്കുന്നത്. ഈ ഉത്സവം അഞ്ചുദിവസം നീണ്ടുനില്‍ക്കും. ഇതില്‍ മൂന്നുദിവസം സ്നാനത്തിനു പ്രാധാന്യമുള്ള ദിനങ്ങളാണ്.
ഇവിടെ ക്ഷേത്രമൊന്നുമില്ല. ഉത്സവസമയത്ത് ഒന്നരക്കിലോ മീറ്റര്‍ സ്ഥലം കാടുവെട്ടിത്തെളിച്ച് സ്ഥലം തയ്യാറാക്കും. എന്നോ ഒരിക്കല്‍ ഇവിടെ കപിലമഹര്‍ഷിയുടെ ക്ഷേത്രമുണ്ടായിരുന്നിരിക്കാം. അതുസമുദ്രം എടുത്തുപോയി. ഇപ്പോള്‍ കപിലമുനിയുടെ വിഗ്രഹം കല്‍ക്കത്തയില്‍ വച്ചിട്ടുണ്ട്. ഉത്സവത്തിന് രണ്ടു നാലുദിവസം മുന്‍പ് പുരോഹിതന് ആ വിഗ്രഹം എടുത്തുകൊണ്ടു വരും. മണല്‍പ്പുറത്തു ചതുരത്തറ നിര്‍മ്മിച്ച് ക്ഷേത്രമുണ്ടാക്കി ചുവന്നനിറമുള്ള ആ വിഗ്രഹം അതില്‍ വച്ച് ആരാധന നടത്തുന്നു.
ഇവിടെ യാത്രക്കാര്‍ മണല്പ്പുറത്തുതന്നെയാണു താമസം. മുണ്ഡനവും ശ്രാദ്ധവും ഇവിടെ വളരെ പ്രധാനമാണ്. മധുരജലം ഇവിടെ ഇല്ല. എന്നാല്‍ മധുരജലമുള്ള ഒരു സരസ്സുണ്ട്. തെളിക്കാതെയും നന്നാക്കാതെയും കിടക്കുന്ന അതില്‍ ആരും കുളിക്കുന്നില്ല. അതിലെ ജലം കുടത്തില്‍ കോരിക്കൊണ്ടുപോരുന്നു.
കാര്‍ത്തിക (വൃശ്ചിക)ത്തിലെ വെളുത്തവാവിന്നാളും കുറെപ്പേര് ഗംഗാസാഗരത്തില്‍ പോവുന്നുണ്ട്. അന്ന് ആഹാരസാധനങ്ങള്‍ കല്ക്കത്തയില്നിന്നേ കരുതിക്കൊണ്ടുപോകണം. എന്തെന്നാല്‍ സാഗരദ്വീപ് അന്നു ജനശൂന്യമായിരിക്കും. ഉത്സവക്കാലത്ത് അവിടെ നിറയെ കച്ചവടമുണ്ടായിരിക്കും.
താരകേശ്വരം
ഹൗറയില്‍നിന്ന് ഒരു റെയില്‍വേലൈന്‍ താരകേശ്വരംവരെ പോകുന്നുണ്ട്. സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. താരകേശ്വരം ഒരു ചെറിയ ചന്തകൂടിയാണ്. യാത്രക്കാര്‍ ഇവിടെ പണ്ഡകളുടെ വസതികളിലാണ് താമസിക്കുന്നത്. ക്ഷേത്രത്തിനുസമീപം ദുഗ്ധഗംഗാസരോവരമുണ്ട്. തീര്‍ത്ഥാടകര്‍ അതില്‍ സ്നാനം ചെയ്യുന്നു. താരകേശ്വരക്ഷേത്രത്തിനു സമീപം തന്നെയാണ് കാളീക്ഷേത്രം. വൈദ്യനാഥത്തിലെപ്പോലെ ഇവിടെയും ആശകള്‍ സാധിക്കേണ്ടവര്‍ വഴിപാടുനടത്തുന്നു. അവര്‍ സാധ്യതാസങ്കല്പ്പത്തോടെ ജലപാനംപോലുമില്ലാതെ വ്രതമനുഷ്ഠിച്ച് പഞ്ചാക്ഷരമന്ത്രം ജപിച്ചുകൊണ്ടിരിക്കുന്നു.
– സ്വാമി ധര്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: