കൊച്ചി: ജില്ലയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എംവിഐപി, പിവിഐപി മൈനര്‍ ഇറിഗേഷന്‍ കനാലുകള്‍ ചപ്പുചവറുകള്‍ നിറഞ്ഞും കാടു കയറിയും ജലസേചന പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഇതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ജില്ലയിലെ കനാലുകളുടെ അറ്റകുറ്റ പണികള്‍ തൊഴിലുറപ്പില്‍ ഉള്‍പെടുത്തി പൂര്‍ത്തിയാക്കുവാനും വേനല്‍കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ടി.എം.ജേക്കബിന്റെ നോമിനിയായ ഏലിയാസ് മങ്കിടി പ്രമേയം അവതരിപ്പിച്ചു. വി.പി.സജീന്ദ്രന്‍ എം.എല്‍.എ അനുവാദകനായിരുന്നു.
ജില്ലയിലെ കനാലുകളുടെ നവീകരണം സംബന്ധിച്ച് നവംബര്‍ 15-ന് കളക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക് പരീത് അറിയിച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ കരാര്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യുന്നുണ്ട്. മുനിസിപ്പല്‍ മേഖലയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ കരാറുകാര്‍ക്ക് നേരിട്ട് ടെന്‍ഡര്‍ നല്‍കുകയാണ്. അതത് പഞ്ചായത്തുകളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയായിരിക്കും നവീകരണ പ്രവര്‍ത്തികള്‍ നടക്കുകയെന്ന് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
ഫോര്‍ട്ട് കൊച്ചി-എറണാകുളം റൂട്ടില്‍ നാല് ബോട്ട് സര്‍വ്വീസാണുള്ളത്. ഒരു സര്‍വ്വീസ് കൂടി അധികമായി നല്‍കി സര്‍വ്വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തിയതായി ഡൊമനിക്ക് പ്രസന്റേഷന്‍ എം.എല്‍.എ.യെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഡി.എം.ഒയുടെയും പോളിയൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റേയും നേതൃത്വത്തില്‍ ഓഫീസുകള്‍ അടക്കമുള്ള വ്യവസായ ശാലകളില്‍ പരിശോധന നടത്താന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ശുചിത്വമില്ലാത്തതാണ് കോതമംഗലം, കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നതെന്ന് ഡിഎംഒ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
കുന്നത്തുനാട് പ്രദേശത്ത് വ്യവസായ കേന്ദ്രങ്ങള്‍ വര്‍ദ്ധിച്ചതും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് താമസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും കമ്പനി ഉടമകള്‍ നല്‍കാത്തതും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകുന്നുണ്ടെന്ന് വി.പി.സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അതിനാല്‍ പുതിയ വ്യവസായ ശാലകള്‍ക്കു അനുവാദം നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം ശ്രദ്ധ പുലര്‍ത്തണം. പോളിയൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ പ്ലൈവുഡ് കമ്പനികളുടെ അപേക്ഷകളിന്‍മേല്‍ മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. മലിനീകരണ ബോര്‍ഡിന്റേയും മറ്റും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ അപേക്ഷകള്‍ സ്വീകരിക്കൂ എന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ 2012 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അതിന്റെ ഭാഗമായുള്ള പരിശീലനം ആരംഭിച്ചതായി എന്‍ആര്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ശില്‍പശാല നവംബര്‍ നാലിന് ജില്ലാ പഞ്ചായത്തില്‍ നടക്കും. ആലപ്പുഴ പാക്കേജിന്റെ മാതൃകയിലാണ് സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുക. നാലിന് ഉച്ച കഴിഞ്ഞ് ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പങ്കെടുക്കുന്ന പ്രത്യേക യോഗം ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ചേരുമെന്നും അവര്‍ പറഞ്ഞു.
തങ്കളം-കാക്കനാട് റോഡിന്റെ നിര്‍മ്മാണത്തില്‍ സര്‍വ്വേ നമ്പറില്‍ വന്ന മാറ്റവുമായി ബന്ധപ്പെട്ട് നവംബര്‍ അഞ്ചിന് രാവിലെ 11-ന് കളക്ടറുടെ ചേംബറില്‍ ടി.യു.കുരുവിള എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് കളക്ടര്‍ പറഞ്ഞു. രാമമംഗലം പഞ്ചായത്തില്‍ കാക്കട്ടല്‍ പടിക്കല്‍ പീടിക വഴി പോകുന്ന 11 കെ.വി ലൈന്‍ മലമ്പ്രദേശത്തുകൂടി പോകുന്നതിനാല്‍ മരങ്ങള്‍ വീണ് തുടര്‍ച്ചയായി വൈദ്യതി മുടങ്ങുന്നുണ്ട്. ഇതു പരിഹരിക്കാന്‍ കാക്കാട്ടേല്‍ പീടിക മുതല്‍ ആരംഭിക്കുന്ന പുതിയ 11 കെ.വി ലൈനിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് അടിയന്തരമായി ചാര്‍ജ്ജ് ചെയ്യണമെന്ന് ഏലിയാസ് മങ്കിടി പ്രമേയം അവതരിപ്പിച്ചു. വി.പി.സജീന്ദ്രന്‍ എംഎല്‍എ അനുവാദകനായിരുന്നു.
ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബെന്നി ബെഹ്നാന്‍ എംഎല്‍എ, മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നോമിനി അബ്ദുല്‍ റഹ്മാന്‍, കേന്ദ്ര മന്ത്രി കെ.വി.തോമസിന്റെ നോമിനി എം.പി.ശിവദത്തന്‍, എ.ഡി.എം ഇ.കെ.സുജാത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.ഗിരിജ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: