മദ്ധ്യഭാരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രധാന പുണ്യസ്ഥലമാണ് വിന്ധ്യാചലം. ദേവീഭാഗവതത്തില്‍ പറയുന്ന സ്വായംഭൂവമനുവിന്റെ തപസ്സുകൊണ്ടു പ്രസാദിച്ച ദേവി അദ്ദേഹത്തിനു ദര്‍ശനവും വരദാനവും നല്‍കിയശേഷം വന്നു ചേര്‍ന്നത് വിന്ധ്യാചലത്തിലാണ്.
ഉത്തരറെയില്‍വേയിലെ മിര്‍സാപൂരില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് വിന്ധ്യാചലം സ്റ്റേഷന്. ഇവിടെ നാലു ധര്‍മ്മശാലകളുണ്ട്. ഇവിടെയും പണ്ഡകളുടെ വസതികളില്‍ യാത്രക്കാര്‍ക്കു താമസസൗകര്യം ലഭിക്കും.
ഇവിടത്തെ തീര്‍ത്ഥസ്ഥലം ഗംഗാതീരത്താണ്. ഗംഗാനദിക്കരയില്‍ നിന്നും വിന്ധ്യവാസിനിക്ഷേത്രത്തിലേക്ക് രണ്ടു ഫര്‍ലോംഗ് ദൂരമേ ഉള്ളൂ. ഈ ക്ഷേത്രം ഇവിടത്തെ മാര്‍ക്കറ്റിനു മദ്ധ്യഭാഗത്തായിട്ടാണ്. ക്ഷേത്രത്തില്‍ കൗശികീദേവിയുടെ വിഗ്രഹമുണ്ട്. ഈ ദേവിയെയാണ് വിന്ധ്യാവാസിനിയായി പ്രകീര്‍ത്തിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ നടുമുറ്റത്ത് പന്ത്രണ്ടു കൈകളുള്ള ദേവി, ഖര്‍പ്പരേശ്വരന്‍, ശിവന്, മഹാകാളി, ധര്‍മ്മധ്വജാദേവി ഇവരുടെ വിഗ്രഹങ്ങള്‍ ദര്‍ശിക്കാം. ഈ ക്ഷേത്രത്തില്‍ നിന്നും അല്പം അകലെയായി വിന്ധ്യേശ്വര ശിവക്ഷേത്രമുണ്ട്.
വിന്ധ്യാചലത്തില്‍ മഹാകാളിയെന്നു പറയുന്ന ചാമുണ്ഡാദേവിയുണ്ട്. ഈ സ്ഥലത്തിന് കാളീഖോഹ എന്നാണു പറയുന്നത്. വിന്ധ്യാചലത്തിലെ പ്രധാന സ്ഥാനത്തു നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ വന്നു ചേരുന്നതിന് പര്‍വ്വതം കയറിയിറങ്ങണം. അടുത്തുതന്നെ ഭൈരക്ഷേത്രം കാണാം. നൂറ്റിരുപത്തഞ്ചുപടികള്‍ കയറിചെന്നാല്‍ ഗേരുവാ താലാബ് കാണാം. തീര്‍ത്ഥാടകര്‍ ഇതില്‍ വസ്ത്രമുക്കി കാവിനിറം വരുത്തുന്നു. ഇവിടെ ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. നൂറുപടികള്‍ ഇറങ്ങിച്ചെന്നാല്‍ സീതാകുണ്ഡമായി. അതിനടുത്ത് ഒരു അരുവിയുണ്ട്. അരുവിയുടെ മറുകരയില്‍ അഷ്ടഭുജാദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നു.
അഷ്ടഭുജാദേവിയുടെ ക്ഷേത്രം നില്‍ക്കുന്നത് കാളീഖോഹയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്. ചിലര്‍ ഇതു മഹാസരസ്വതിയെന്നു പറഞ്ഞാണ് ആരാധിക്കുന്നത്.
ദ്വാപരയുഗാവസാനം ഉണ്ണികൃഷ്ണനെ കംസന്റെ തടവറയില്‍ നിന്ന് എടുത്തുകൊണ്ടുവന്നു. നന്ദഗോപരുടെ വസതിയില്‍ കിടത്തുകയും അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ വസുദേവര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. കംസന് ആ പെണ്‍കുട്ടിയെ കല്ലില്‍ തച്ചു കൊല്ലാന്‍ തുനിഞ്ഞപ്പോള്‍ അതു കയ്യില്‍ നിന്നു വഴുതിപ്പോയി. പരിഭ്രാന്തനായ കംസന് ആകാശത്തേക്കു നോക്കിയപ്പോള്‍ എട്ടുകൈകളോടും അവയില്‍ നാനാതരം ആയുധങ്ങളോടും കൂടി പ്രകാശിച്ചു നില്ക്കുന്ന ദേവിയെ കണ്ടതായി ഭാഗവതത്തില്‍ പറയുന്നു. ആ ദേവിയാണ് ഇവിടെ കുടികൊള്ളുന്നത്.
അഷ്ടഭുജയുടെ അടുത്ത് ഒരു ഗുഹയില്‍ ഒരു കാളീക്ഷേത്രമുണ്ട്. അവിടുന്നു ക്രമേണ ഭൈരവ കുണ്ഡം, ഭൈരവനാഥക്ഷേത്രം, മച്ഛന്ദരാകുണ്ഡം ഇവ ദര്‍ശിക്കാം. പര്‍വ്വതത്തില്‍ നിന്ന് ഇറങ്ങിയാല്‍ ശീതളാക്ഷേത്രവും തടാകവും കാണാം. അനന്തരം ഹനുമാന്‍ക്ഷേത്രം, രാമേശ്വരം ക്ഷേത്രം ഇവയും വിന്ധമ്യാചലത്തിലെത്തുമ്പോവേക്കും കാണാം.
പൂര്‍വ്വഭാരതം
പശുപതിനാഥക്ഷേത്രം
ഹിമാലയശൃംഗങ്ങളിലെ നേപ്പാള്‍ സംസ്ഥാനത്താണ് പാവനവും കീര്‍ത്തികേട്ടതുമായ പശുപതിനാഥക്ഷേത്രം. നേപ്പാളിന്റെ തലസ്ഥാനനഗരിയായ കാഠ്മാണ്ഡുവില് നിന്നു രണ്ടുകിലോമീറ്റര്‍ അകലെ വിഷ്ണുമതീ നദീതീരത്താണ് ഈ പുണ്യക്ഷേത്രം.
പശുപതിനാഥതീര്‍ത്ഥയാത്ര പ്രധാനമായി ശിവരാത്രി ദിവസമാണു നടത്തുന്നത്. ഇപ്പോള്‍ േ#തുകാലത്തും ഇവിടെ ദര്‍ശനം നടത്താവുന്നതാണ്. എന്നാല്‍ അതിലേക്ക് യാത്രക്കാരന്റെ പക്കല്‍ ചില രേഖകള്‍ ഉണ്ടായിരിക്കണം. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന ജില്ലാധികാരിയുടെ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യവാനാണെന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഇവ തീര്‍ച്ചയായും വേണം.
ദില്ലി, വാരാണസി, പാറ്റ്ന, ഗോരഖ്പൂര്‍ ഇവിടങ്ങളില്‍ നിന്ന് കാഠ്മണ്ഡുവിലേക്കു വിമാനസര്‍വ്വീസുണ്ട്. വടക്കുകിഴക്കന്‍ റെയില്‍വേയുടെ രക്സൗത് സ്റ്റേഷനു സമീപമായി നേപ്പാളിലെ വീരഗഞ്ജ് സ്റ്റേഷനുണ്ട്. അവിടെ നിന്നു അവ്ലേഖ് ഗഞ്ജവരെ ട്രെയിന്‍ പോവുന്നുണ്ട്. അവിടന്നു കാഠ്മാണ്ഡുവിലേക്കു ബസ് കിട്ടും.
കാഠ്മാണ്ഡുവിലും പശുപതിനാഥിലും ധര്‍മ്മശാലകളുണ്ട്.
പശുപതിനാഥില്‍ പഞ്ചമുഖലിംഗമാണു പ്രതിഷ്ഠ. ഇവിടം അഞ്ചുകേദാരങ്ങളില്‍ ഒന്നാണ്. ഇവിടെ മഹിഷരൂപം ധരിച്ച ശിവന്റെ ശിരോഭാഗമാണ്. ഇത് ശിവന്റെ അഷ്ടതത്ത്വ ലിംഗങ്ങളില്‍ ഒന്നാണ്. അടുത്തുതന്നെ വലിയ ഒരു ദേവീക്ഷേത്രമുണ്ട്.
പശുപതിനാഥക്ഷേത്രത്തില്‍ നിന്നും അല്പം അകലെയായി ഗുഹ്യേശ്വരി ദേവിയുടെ വലിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം തികച്ചും ഭവ്യതകളിയാടുന്നതാണ്. ഇത് അമ്പത്തൊന്ന് ശക്തിപീഠങ്ങളില്‍ ഒന്നാണ്. ഇവിടെ സതിയുടെ രണ്ടു കാല്‍മുട്ടുകളുമാണു വീണത്.
മുക്തിനാഥ – ദാമോദരകുണ്ഡം
മുക്തിനാഥിലേക്കുള്ള യാത്ര കടുത്ത ഹിമപ്രദേശത്തൂടെയാണ്. ഇതും നേപ്പാളില്‍ത്തന്നെയാണ്. ശൈത്യത്തിന്റെ കൂടുതലിനാല്‍ ഇങ്ങോട്ടുള്ള യാത്രയ്ക്ക് മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലമാണ് അനുയോജ്യം. ദാമോദര കുണ്ഡത്തിലേക്കുള്ള യാത്ര ആഗസ്റ്റ് സെപ്റ്റംബറിലാവുന്നതാണ് നന്ന്.
യാത്രയ്ക്ക് കമ്പിളി, ടോര്‍ച്ച്, ചൂടുലഭിക്കുന്ന വസ്ത്രം, വടി, മഴക്കോട്ട്, കൂളിംഗ്ഗ്ലാസ്സ്, വാസ്ലൈന്, പുളി, കൈയുറ മുതലായവ കരുതിയിരിക്കണം.
കാഠ്മാണ്ഡുവില് നിന്ന് മുക്തിനാഥിലേക്ക് നൂറ്റിനാല്പതു കിലോമീറ്റര്‍ ദൂരമുണ്ട്. കാഠ്മാണ്ഡുവില് നിന്നും ഗോരഖ്പൂരില്‍ നിന്നും പോഖരാവരെ വിമാനവും ബസും പോവുന്നുണ്ട്. പോഖരായില്‍ നിന്നു കാല്‍നടയായി നാഗഡാംഡാവരെ ഏഴുകിലോമീറ്റര്‍. അവിടുന്ന ഘോരേപാതി ആഒമ്പതുകിലോമീറ്റര്‍. അവിടുന്നു ഭക്തിനാഥ് പന്ത്രണ്ടു കിലോമീറ്റര്‍ മുഴുവന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇടയ്ക്കു താവളത്തിനും വിശ്രമത്തിനും അത്യാവശ്യസാധനങ്ങള്‍ വാങ്ങാനും സൗകര്യമുള്ള സ്ഥലങ്ങളാണ് മുകളില്‍ പറഞ്ഞവ.
മുക്തിനാഥില്‍ നാരായണി (ഗണ്ഡകി) നദിയില്‍ ഏഴു സ്ഥാനങ്ങളില്‍ ചൂടുവെള്ളം പുറപ്പെടുന്ന അരുവികളുണ്ട്. ഇവയുടെ ബഹിര്‍ഗമനസ്ഥാനത്ത് അടുത്ത് അഗ്നിജ്വാല കാണാവുന്നതാണ്. ഇവിടെ ചില ധര്‍മ്മശാലകളഉം ക്ഷേത്രങ്ങളുമുണ്ട്. മുക്തിനാഥ് അമ്പത്തൊന്നു ശക്തി പീഠങ്ങളില്‍പെട്ടതാണ്. ഇവിടെ സതിയുടെ വലതു കവിള്‍ത്തടം വീണു. ഇവിടെ മഞ്ഞിന്‍മുകളിലെ ഈ ദേവീക്ഷേത്രം വളരെ പാവനമായി കരുതുന്നു.
ഗണ്ഡകീനദിയുടെ ഉത്ഭവസ്ഥാനമാണ് ദാമോദരകുണ്ഡം. ഇതു മുക്തിനാഥില്‍ നിന്നു പതിനാറു കിലോമീറ്റര്‍ മുന്നിലാണ്. അങ്ങോട്ടു നല്ല വഴികളൊന്നുമില്ല. യാത്രക്കാര്‍ ടുക്ചേബസാറില്‍ നിന്നും ആഹാരസാധനങ്ങളും കൂടാരനിര്‍മ്മാണസാമഗ്രികളും കൂലിക്കാരെയും കൊണ്ടുവേണം പോവാന്‍.
ദാമോദര കുണ്ഡത്തിലെത്താന്‍ രണ്ടുദിവസത്തെ യാത്ര വേണ്ടി വരും. എന്നാല്‍ ഒരു ദിവസം കൂടി മുന്നോട്ടു പോയെങ്കിലേ യഥാര്‍ത്ഥ ദാമോദരകുണ്ഡത്തിലെത്തുകയുള്ളു. മഞ്ഞുകട്ടയ്ക്കു മുകളിലൂടെ വളരെ ജാഗ്രതയോടെ നടക്കണം. അതിന് വഴി നിശ്ചയമുള്ള കൂലിക്കാരന് കൂടെ ഉണ്ടായിരിക്കണം.
ഈ യാത്ര വളരെ വൈഷമ്യമേറിയതാണ്. തണുപ്പു വളരെ കഠിനമാണ്. തന്നിമിത്തം വളരെക്കുറച്ചാളുകളേ ഇങ്ങോട്ടു വരാറുള്ളു.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: