തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം മുള്ളരിങ്ങാട്ട് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മുള്ളരിങ്ങാട് തുരുത്തേല്‍ തോമസിന്റെ ഭാര്യ അന്നമ്മയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തോമസിന്റെ മൃതദേഹം ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു.
ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ഇവരുടെ വീടിന് സമീപത്ത് നിന്നാണ് അന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ശക്തിയായി പെയ്ത മഴയില്‍ തോമസിന്റെ വീടിരുന്നതിന്റെ അരകിലോമീറ്ററോളം മുകളില്‍ നിന്ന് ഉരുള്‍പൊട്ടി മലവെള്ളം ആഞ്ഞുപതിക്കുകയായിരുന്നു.
സിമന്റ് ഇഷ്ടികയും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച വീടിനകത്തായിരുന്നു ദമ്പതികള്‍. കുത്തിയൊലിച്ചുവന്ന മലവെള്ളം വീട് തകര്‍ത്ത് ഇരുവരെയും ഒഴുക്കിക്കൊണ്ട് പോവുകയായിരുന്നു. തോമസിന്റെ മൃതദേഹം വീടിന് അരകിലോമീറ്റര്‍ താഴെ നിന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: