“കുരുക്ഷേത്രം ഗമിഷ്യാമി കുരുക്ഷേത്രേ വസാമ്യഹം
യ ഏവം സതതം ബ്രൂയാത്സോ �പി പാപൈഃ പ്രമുച്യതേ.”
“ഞാന്‍ കുരുക്ഷേത്രത്തില്‍ പോവും. കുരുക്ഷേത്രത്തില്‍ താമസിക്കും എന്നിങ്ങനെ എല്ലായ്പോഴും പറയുന്നവന് സകല പാപങ്ങളില്‍ നിന്നും മോചിക്കപ്പെടുന്നു.”
ഭാരതതലസ്ഥാനമായ ദില്ലിയില്‍ നിന്ന് ഉദ്ദേശം നൂറ്റമ്പതു കിലോമീറ്റര്‍ അകലെയാണ് ഭാരതപ്രസിദ്ധമായ കുരുക്ഷേത്രം. ഇത് ഹരിയാന സംസ്ഥാനത്താണ്. ഇതിനെ ധര്‍മ്മക്ഷേത്രമായി മഹാഭാരതം പ്രകീര്‍ത്തിക്കുന്നു.
പുരാതനകാലത്ത് ഈ സ്ഥലം ‘ബ്രഹ്മാവിന്റെ ഉത്തരദേവി’ എന്നു പറയപ്പെട്ടിരുന്നു. സരസ്വതീനദീതീരത്ത് മഹര്‍ഷിമാരുടെ ആശ്രമമുണ്ടായിരുന്നു. ഈ ഭൂഭാഗം ഇപ്പോള്‍ ഏകദേശം അന്‍പതുകിലോമീറ്റര്‍ വിസ്താരത്തില്‍ വര്‍ത്തുളാകാരമായി സ്ഥിതിചെയ്യുന്നു. (ഇപ്പറഞ്ഞത് ഇരുപത്തഞ്ചുകൊല്ലം മുമ്പത്തെ സ്ഥിതിയാണ്. ഇപ്പോള്‍ ഈ സ്ഥലത്ത് ധാരാളം കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും റെയില്‍വേ സ്റ്റേഷനും മറ്റുമുണ്ട്.)
ചന്ദ്രവംശത്തിലെ പുരാതനരാജാവയ കുരു ഇവിടം തപസ്സ്, സത്യം, ക്ഷമ, ദയ, ശൗചം, ദാനം, യോഗം, ബ്രഹ്മചര്യം ഈ അഷ്ടാംഗങ്ങളുടെ ധര്‍മ്മഭൂമിയാക്കിത്തീര്‍ക്കണമെന്നു നിശ്ചയിച്ചു. സുവര്‍ണ്ണരഥത്തില്‍ കയറി അദ്ദേഹം ഇവിടെ വന്നു. ആ രഥത്തില്‍ അദ്ദേഹം ഒരു കലപ്പ ഘടിപ്പിച്ചിരുന്നു. ശ്രീശങ്കരന്റെ വാഹനമായ കാളയെയും യമധര്‍മ്മന്റെ വാഹനമായ പോത്തിനെയും കെട്ടി കുരുരാജാവും നിലം ഉഴുതു. ധര്‍മ്മത്തിന്റെ കൃഷിയില്‍ മഹാദേവനും മൃത്യുദേവനും യാതൊരു തടസ്സവും വരുത്തിയില്ല. അവര്‍ സഹായികളായി വര്‍ത്തിച്ചു.
ഇതുകണ്ടു ദേവേന്ദ്രന് ചോദിച്ചു – ‘എന്തു ചെയ്യുകയാണ്?’
കുരു രാജാവ് – അഷ്ടാംഗധര്‍മ്മം കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണ്.
ഇന്ദ്രന് – അതിനു വിത്തെവിടെയാണ്?
കുരു – എന്റെ പക്കലുണ്ട്.
ഇന്ദ്രന് മടങ്ങിപ്പോയി. എന്തെന്നാല്‍ ധര്‍മ്മത്തിന്റെ വിത്ത് ഹൃദയത്തിലുള്ളവര്‍ സ്വര്‍ഗത്തിനുടമയാണ്. അദ്ദേഹത്തിന് ഒന്നും കൊടുക്കേണ്ടതായിട്ടില്ല. അദ്ദേഹത്തെ പരാജയപ്പെടുത്താനും സാദ്ധ്യമല്ല.
രാജാവ് ദിവസംതോറും ഏഴുക്രോശം ഭൂമി ഉഴുതുകൊണ്ടിരുന്നു. നാല്പത്തെട്ടു ക്രോശം ഭൂമി ഉഴുതുതീര്‍ന്നപ്പോള്‍ ധര്‍മ്മത്തിന്റെ പരമദേവനായ വിഷ്ണുഭഗവാന് അവിടെ വന്നു. അദ്ദേഹം ഇന്ദ്രനെപ്പോലെ ചോദിച്ചു. രാജാവ് ഇന്ദ്രനുനല്‍കിയ മറുപടിയും നല്കി. അപ്പോള്‍ വിഷ്ണുഭഗവാന് പറഞ്ഞു: ‘വിത്ത് എനിക്ക് തരൂ, ഞാന്‍ വിതയ്ക്കാം.’
ധര്‍മ്മത്തിന്റെ ബീജമാണ് ആത്മോത്സര്‍ഗ്ഗം. രാജാവ് സാവധാനം കൈകളും കാലുകളും ശിരസ്സും ഭഗവല്പാദങ്ങളില് സമര്‍പ്പിച്ചു. ഭഗവാന് അവ ചക്രംകൊണ്ടു മുറിച്ച് തയ്യാറാക്കിയ ഭൂമിയില്‍ അവിടെവിടെയായി അമര്‍ത്തിവച്ചു. അന്നുമുതല്‍ ഈ ഭൂമി കുരുവിന്റെ വയല്‍ – കുരുക്ഷേത്രം – ധര്മ്മക്ഷേത്രം – എന്നിങ്ങനെ പ്രസിദ്ധമായി.
ശ്രീകൃഷ്ണഭഗവാന് ഈ പുണ്യഭൂമിയില്‍ നിന്നാണ് ഭക്തനും ബന്ധുവുമായ അര്‍ജ്ജുനനു ഗീത ഉപദേശിച്ചത്. മഹാഭാരതകാലത്തിനും വളരെ മുന്‍പ് പരശുരാമന് ദുഷ്ടന്മാരായ ക്ഷത്രിയരെ സംഹരിച്ചു. ഇവിടെ രക്തഹ്രദം (തടാകം) ഉണ്ടാക്കി. അവിടെയാഗം നടത്തി. മഹാഭാരതകാലത്തും പിന്നീടും അനേകം പ്രാവശ്യം ഇവിടെ യുദ്ധക്കളമായിത്തീര്‍ന്നിട്ടുണ്ട്. യുദ്ധങ്ങളില്‍ എതിര്‍ത്തു പടവെട്ടി വീരചരമം പ്രാപിച്ച യോദ്ധാക്കളുടെ രക്തം വീണു നനഞ്ഞു പവിത്രമായതാണ് ഇവിടത്തെ ഓരോ തരി മണ്ണും.
കുരുക്ഷേത്രം വളരെയധികം വിസ്തൃതമായ ഭൂഭാഗമാകയാല്‍ അവിടത്തെ തീര്‍ത്ഥങ്ങള്‍ എപ്പോഴും പല ജില്ലകളിലായി സ്ഥിതി ചെയ്യുന്നു. യാത്രക്കാര്‍ പോകേണ്ടതും സന്ദര്ശിക്കേണ്ടതുമായ പ്രധാന സ്ഥാനങ്ങള്‍ പറയാം.
ബ്രഹ്മസരസ്സ്
കുരുക്ഷേത്രം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ ഇവിടത്തെ പ്രധാന പുണ്യതീര്‍ത്ഥമായ ബ്രഹ്മസരോവരം സ്ഥിതി ചെയ്യുന്നു. ഇക്കാലത്തു പോലും സൂര്യഗ്രഹണാവസരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ സരോവരത്തില്‍ വന്നു സ്നാനം ചെയ്ത് ആത്മസംതൃപ്തി നേടുന്നുണ്ട്. ഈ തടാകത്തില്‍ രണ്ട് ദ്വീപുകളുണ്ട്. ഇവയില്‍ ചില പുരാതന ക്ഷേത്രങ്ങളുമുണ്ട്. ഒരു ദ്വീപില്‍ ചിത്രകൂപമെന്ന ഒരു തീര്‍ത്ഥമുണ്ട്.സംനിഹിതം : ഇത് ഒരു ചെറിയ തടാകമാണ്. യാത്രക്കാര്‍ ആദ്യം ഇവിടെയാണ് എത്തുന്നത്. ഇതിന്റെ പടിഞ്ഞാരെ തീരത്ത് ലക്ഷ്മീനാരായണക്ഷേത്രം കാണാം.
കുരുക്ഷേത്രത്തില്‍ ബിര്‍ളാമന്ദിരവും വേറെ ചില ധര്‍മ്മശാലകളുമുണ്ട്. ഇവയില്‍ യാത്രക്കാര്‍ക്കു താമസത്തിനും വിശ്രമത്തിനും വേണ്ടത്ര സൗകര്യമുണ്ട്.
ഥാനേസര്‍ശഹര്‍ – റെയില്‍വേ സ്റ്റേഷനില്‍ നിന്നു രണ്ടര കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. നഗരത്തിനു സമീപം സ്ഥാണീശ്വര മഹാദേവന്റെ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ഭദ്രകാളീക്ഷേത്രം – സ്ഥാണീശ്വരക്ഷേത്രത്തില്‍ നിന്ന് അല്പം അകലെയാണ് ഭദ്രകാളീക്ഷേത്രം. ഇതും അമ്പത്തൊന്നു ശക്തിപീഠങ്ങളില്‍പെട്ടതാണ്. പാണ്ഡവര്‍ യുദ്ധാരംഭത്തിനു മുമ്പ് ഇവിടെ വന്നു ദേവീ പൂജ നിര്‍വ്വഹിച്ചു. മഹാഭാരതത്തില്‍ അര്‍ജുനന്റെ ദേവീസ്തോത്രം വായിക്കാവുന്നതാണ്. ഇവിടെ ദേവിയുടെ അസ്ഥിവീണു.
ജ്യോതിസരസ്സ് – ഇതാണു ശ്രീകൃഷ്ണഭഗവാന് അര്‍ജുനനു ഗീതോപദേശം നല്കിയ സ്ഥലം. ഇത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാറ് പോഹേവായ്ക്കു പോകുന്ന വഴിയരുകിലാണ്.
സരസ്വതീനദി – ജ്യോതിസരസ്സില്‍ നിന്നു വടക്ക് ഈ പേരില്‍ ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിനരികിലൂടെയാണ് സരസ്വതീനദി ഒഴുകുന്നത്. ഇപ്പോള്‍ നദിയില്ല. ജലാശയം മാത്രം കാണാം. ജ്യോതിസരസ്സില്‍ ഒരു പുരാതന പേരാല്‍വൃക്ഷവും ഏതാനും ക്ഷേത്രങ്ങളുമുണ്ട്.
പേഹേവാ (പൃഥൂദകം) – കുരുക്ഷേത്രത്തില്‍ ഇത് വളരെ പാവനമായ സ്ഥലമായി പുരാണങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. ഇവിടെയെത്താന്‍ കുരുക്ഷേത്രം ബസ്സ്റ്റേഷനില് നിന്ന് പതിന്നാലു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇത് പൃഥുമഹാരാജാവ് നിര്‍മ്മിച്ച തടാകമാണ്. ഇതിനു ചുറ്റുമായി അനേകം ക്ഷേത്രങ്ങളുണ്ട്.
കുരുക്ഷേത്രം – പഹേവാ മാര്‍ഗത്തില്‍ നരാകതരി (ഭീഷ്മശരശയ്യ)യുടെ സ്ഥാനത്ത് ഒരു തടാകമുണ്ട്. ഇതുകൂടാതെ പല തടാകങ്ങളും അനേകം ക്ഷേത്രങ്ങളും തീര്‍ത്ഥങ്ങളായും പവിത്രങ്ങളായും ഈ പുണ്യഭൂമിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: