ഇത് പഞ്ചാബിലെ സുപ്രസിദ്ധ നഗരമാണ്. സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രധാന തീര്‍ത്ഥസ്ഥലം കൂടിയാണ് ഇവിടം. ഈ നഗരത്തില്‍ അനേകം ധര്‍മ്മശാലകളുണ്ട്. പട്ടണമദ്ധ്യത്തില്‍ അമൃതസരസ്സെന്ന വലിയ തടാകമുണ്ട്. ഇവിടെ പതിമ്മൂന്നു ഗുരുദ്വാര (അഖാഡ)കളുണ്ട്. അതില്‍ പ്രധാന ഗുരുദ്വാര – സുവര്‍ണ്ണക്ഷേത്രം – ഒരു തടാകമദ്ധ്യത്തിലാണ്. ഇതു സിക്കുകാര്‍ അത്യന്തം പാവനമായി കരുതുന്നു. ഭാരതത്തിലെ പ്രധാന പുണ്യതീര്‍ത്ഥങ്ങളില്‍ ഒന്നും ദര്‍ശനീയവുമാണ് ഇവിടം.
എല്ലാ ഗുരുദ്വാരകളിലും ഭക്തന്മാര് ശിരസ്സുമറയ്ക്കാതെ പോവാന്‍ അനുവദിക്കില്ല. തൊപ്പി വച്ചിട്ടോ തലയില്‍ ഉറുമാല് കെട്ടിയോ തലപ്പാവു ധരിച്ചോ വേണം ഉള്ളില്‍ കടക്കാന്‍. ഇതു പ്രത്യേകം ഓര്‍ത്തിരിക്കേണ്ട കാര്യമാണ്.
പട്ടണത്തില്‍ സനാതനധര്മ്മാനുസാരമുള്ള ദുര്‍ഗ്ഗാക്ഷേത്രവും പാവനമാണ്. ഇതും സരോവരമദ്ധ്യത്തിലാണു നിലകൊള്ളുന്നത്. അതില്‍ ശ്രീരാമ പഞ്ചായത്ത്, ലക്ഷ്മീനാരായണ്, ശ്രീരാമകൃഷ്ണ ഈ ക്ഷേത്രങ്ങളുമുണ്ട്. വിശാലമായ ആ സരസ്സിന്റെ തീരത്ത് മനോഹരമായ തുളസീ ക്ഷേത്രം കാണാം.
അമൃത്സര്‍ നഗരത്തില്‍ വേറെയും അനേകം ക്ഷേത്രങ്ങളുണ്ട്. അതില്‍ സത്യനാരായണക്ഷേത്രം ദര്‍ശിക്കേണ്ടതാണ്.
രാഷ്ട്രീയപ്രാധാന്യമുള്ള ജാലിയന്‍വാലാബാഗ് എന്ന സ്ഥലം ഈ പട്ടണത്തിലാണ്. അതില്‍ വെടികൊണ്ട സ്ഥാനങ്ങള്‍ – അടയാളങ്ങള്‍ – സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
രിബാന്‍സര്‍
പഞ്ചാബിലെ മണ്ഡി എന്ന സ്ഥലത്തുനിന്നു പതിനഞ്ചു കിലോ മീറ്റര്‍ അകലെയാണ് രിബാന്‍സര്‍. മണ്ഡിയില്‍ നിന്ന് ഇവിടേക്കെത്താന്‍ വാഹനസൗകര്യം ലഭിക്കും. ഇവിടെ ഒരു വലിയ തടാകമുണ്ട്. അതിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ‘മോനി – പാനീ’ എന്നു പറയപ്പെടുന്ന ബുദ്ധക്ഷേത്രങ്ങളാണ്. ശിവന്റെയും ലക്ഷ്മീനാരായണന്റെയും ലോമശമഹര്ഷിയുടെയും ക്ഷേത്രങ്ങളും ഇവിടുണ്ട്.
തടാകത്തില്‍ നീന്തിനടക്കുന്ന മാതിരി തോന്നുന്ന ഏഴുഭാഗങ്ങളുണ്ട്. അവയിലെ വൃക്ഷങ്ങളില്‍ ദേവവിഗ്രഹങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ദ്വീപുകള്‍ തടാകതീരത്തുകൊണ്ടു വന്നു കാണിച്ചുകൊടുക്കുന്നു. തടാകത്തിനു കിഴക്കുഭാഗത്തു സിഖ്ഗുരുദ്വാരയാണ്.
നയനാദേവി
പഞ്ചാബ് സംസ്ഥാനത്തുള്ള ഈ തീര്‍ത്ഥസ്ഥലത്തേക്ക് ആനന്ദപൂര്സാഹബ് സ്റ്റേഷനില്‍ നിന്ന് പത്തുകിലോമീറ്റര്‍ ബസില്‍ സഞ്ചരിക്കണം. പിന്നീടു പന്ത്രണ്ടു കിലോമീറ്റര്‍ നടക്കുകയും വേണം. പര്‍വ്വതത്തിലൂടെ കയറ്റം കയറി പോകുന്ന വഴിയാണ്. പര്‍വ്വതത്തിനു മുകളിലാണ് നയനാദേവീക്ഷേത്രം.
ശുകനാല്
മുസഫര്‍ നഗരത്തില്‍ നിന്ന് പത്തൊന്‍പത് കിലോമീറ്റര്‍ അകലെ ഗംഗാതീരത്തുള്ള മനോഹരമായ പുണ്യസ്ഥലമാണ് ഇവിടം. ഇവിടെയിരുന്നാണ് വ്യാസപുത്രനായ ശുകബ്രഹ്മര്‍ഷി ശാപഗ്രസ്ഥനായ പരീക്ഷിത്തു മഹാരാജാവിനെ ഭാഗവതം സപ്താഹം കേള്‍പ്പിച്ചത്. അതിനാലാണ് ഈ സ്ഥലത്തിനു ശുകാനാല് എന്നു പേരുണ്ടായതെന്നു പറയപ്പെടുന്നു. ഇവിടെ വന്നു ചേരാന്‍ പട്ടണത്തില്‍ നിന്നും ബസുണ്ട്. ശുകബ്രഹ്മര്‍ഷിയുടെ പവിത്രമായ ക്ഷേത്രവും ഇവിടുണ്ട്. തീര്‍ത്ഥാടകര്‍ക്കു താമസത്തിനു ധര്‍മ്മശാലകളുണ്ട്.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: