“ത സ്നാത്വാച പീതാ ച യമുനാ യത്ര നിഃസൃതാ
സര്‍വ്വപാപവിനിര്‍മുക്താ പുനാത്യാസപ്തമം കുലം”.
സപ്ത പുണ്യനദികളില്‍ ഒന്നായ യമുനയുടെ ഉത്ഭവസ്ഥാനമാണ് യമുനോത്തരി. ഇവിടെ സ്നാനം ചെയ്യുകയും ഇവിടത്തെ തീര്‍ത്ഥജലം പാനം ചെയ്യുകയും ചെയ്താന്‍ സകല പാപങ്ങളില്‍ നിന്നു മനുഷ്യന് മുക്തനായിത്തീരുന്നു. മാത്രമല്ല, അവന്റെ വംശത്തിലെ ഏഴു തലമുറവരെയുള്ളവര്‍ പാപമുക്തരാകുന്നു.
ചില വിശേഷ സൂചനകള്‍
യമുനോത്തരി, ഗംഗോത്തരി, ബദരീനാഥം, കേദാരനാഥം ഈ പുണ്യസ്ഥലങ്ങള്‍ ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ ഇവിടെ നിന്ന് ആ യാത്ര ആരംഭിക്കണം.
ഇതില്‍ ഒന്നോ രണ്ടോ സ്ഥാനങ്ങളില്‍ ദര്‍ശനത്തിനു പോകുന്നെങ്കിലും ഹൃഷീകേശില്‍ നിന്നും യാത്ര ആരംഭിക്കാം. ബദരീനാഥത്തിലേക്കു മാത്രം കോട്ദ്വാര്‍ സ്റ്റേഷനില്‍നിന്നു കൂടി ബസ് പോവുന്നുണ്ട്. ഹൃഷികേശില്‍ നിന്നും ഏകദേശം മുന്നൂറു കിലോമീറ്റര്‍ അകലെ ഹിമവാന്റെ ഏകദേശം അങ്ങേയറ്റത്തായിട്ടാണ് ബദരീനാഥമെന്ന പുണ്യസ്ഥലം.
മേല്പറഞ്ഞ പുണ്യക്ഷേത്രങ്ങളിലേക്കെല്ലാം ബസ് പോകാവുന്ന ടാറിട്ട റോഡുണ്ട്. പക്ഷേ മഴക്കാലമായാല്‍ മല ഇടിഞ്ഞുവീണും കല്ലും മരവും മറിഞ്ഞു വീണും പലപ്പോഴും പല സ്ഥലങ്ങളിലും മാര്ഗ്ഗതടസ്സമുണ്ടാകുക പതിവാണ്. ഈ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ അക്കാലത്ത് പല ഏര്‍പ്പാടുകളും അവിടത്തെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഈ പരിസ്ഥിതിക്കു വര്‍ഷക്കാലത്ത് എത്രടം വരെ ബസു കിട്ടുമെന്ന് ഹൃഷീകേശില്‍ നിന്നേ അറിയാന്‍ കഴിയൂ.
അവിടെ നിന്നു കാല്‍നടയായി പോകണം. കൂലിക്കാരെ കിട്ടും. ഒരു കൂലിക്കാരന് ഒരു മന്നു ഭാരം വഹിച്ചു കൊണ്ടുപോകും. അവിടെ അവരുടെ രജിസ്റ്ററില്‍ പേരെഴുതി കൂട്ടിക്കൊണ്ടു പോകണം. അവരുടെ കൂലി വിവരം കാര്യാലയ (ഓഫീസ്) ത്തില്‍ അന്വേഷിച്ചറിയണം. ഇതെല്ലാം തീര്‍ത്ഥാടകര്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങളാണ്.
ഉത്തരാഖണ്ഡത്തിലെ എല്ലാ യാത്രയ്ക്കും തെറ്റി വീഴുകില്ലാത്ത (സ്ലിപ്പു ചെയ്യാത്ത) റബ്ബര്‍ ചെരിപ്പുണ്ടായിരിക്കണം. ഒപ്പം നല്ല ബലമുള്ള ഒരു വടിയും ഉണ്ടായിരിക്കുന്നതു കൊള്ളാം. മഴയുള്ളപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കുടകൊണ്ടു വലിയ പ്രയോജനമുണ്ടായെന്നു വരില്ല.
അറിയാത്ത പഴം, പച്ചക്കറി, ഇല മുതലായവ തൊടുകപോലും ചെയ്യരുത്. ചിലപ്പോള്‍ അവ വിഷമുള്ളവയായേക്കാം. തേള് പുഴു മുതലായവ കാടുകളിലുണ്ടാവും. അവ തൊട്ടാല്‍ പോലും ചിലപ്പോള്‍ വേദനിച്ചേക്കാം.
കല്‍ക്കണ്ടം, മുന്തിരിങ്ങ ഇവ കരുതുക. ദാഹിക്കുമ്പോള്‍ അരുവിയിലെ ജലം അതേപടി കുടിക്കാതിരിക്കുക. ജലം ആദ്യം ഗ്ലാസ്സിലോ തംബ്ലറിലോ എടുക്കുക. ഒരു മിനിറ്റ് അതേപടി ഇരിക്കട്ടെ. അതിനു പൊടിയും അഴുക്കും ഉണ്ടെങ്കില്‍ അടിയില്‍ ഊറും. പിന്നീടു കുടിക്കാം. അടിയിലെ കുറച്ചു വെള്ളം ദൂരെക്കളയുക. വീണ്ടും ദാഹിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുക.
യമുനോത്തരിക്കും കേദാരനാഥത്തിനുമുള്ള വഴിയില്‍ അവിടവിടെ വിഷമുള്ള കടന്നലുകള്‍ ഉണ്ടാവാം. അവ കുട്ടിയാല്‍ പരുക്കു പറ്റും. ആ ഭാഗം തടിക്കും. അതിനാല്‍ ശരീരഭാഗങ്ങള്‍ കഴിവുള്ളത്ര വസ്ത്രത്താല്‍ മറച്ചിരിക്കാന്‍ ശ്രദ്ധിക്കുക. ഡറ്റോള്, ടിഞ്ചര്‍ മുതലായ പ്രഥമ ശുശ്രൂഷാസാമഗ്രികള് കരുതുന്നതു നന്നായിരിക്കും.
ആപ്പിള്‍ മുതലായവ കിട്ടുന്നപടി ഭക്ഷിക്കരുത്. തണുപ്പു കൂടുതലായിരിക്കും. കമ്പിളി കരുതുന്നതു നന്ന്. ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്ര സാധാരണ ഏപ്രില്‍ പതിനഞ്ചിനു തുടങ്ങാം. ദീപാവലിയോടെ അവസാനിപ്പിക്കണം.
യമുനോത്തരിക്കു പോവുന്നത് ഹൃഷീകേശില്‍ നിന്നു ധാരസുവിലൂടെ ബസുമാര്ഗ്ഗമാണ്. ഹൃഷീകേശില്‍ നിന്നും ഇരുന്നൂറു കിലോമീറ്ററിലധികം ദൂരമുണ്ട്. ഇതില്‍ പത്തുകിലോമീറ്റര്‍ കാല്‍നടയായി പോവണം. ഇവിടം സമുദ്രനിരപ്പില്‍ നിന്നു പതിനായിരം അടി ഉയരുമുള്ളതാണ്. ഇവിടെ തീര്‍ത്ഥാടകരുടെ സഹായത്തിന് ചില ധര്‍മ്മശാലകളുണ്ട്.
ചൂടുവെള്ളം പുറപ്പെടുന്ന കുണ്ഡങ്ങള് ഇവിടെ കാണാം. അവയില്‍ നിന്നു സദാസമയവും ജലം ബഹിര്‍ഗമിച്ചുകൊണ്ടിരിക്കും. യാത്രക്കാര്‍ വസ്ത്രത്തില്‍ പൊതിഞ്ഞ് ഉരുളക്കിഴങ്ങ്, അരി മുതലായവ ആ ചൂടുവെള്ളത്തില്‍ അല്പസമയം മുക്കിവെച്ചാല്‍ വെന്തുകിട്ടും.
ഈ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ സാധ്യമല്ല. കുളിക്കുന്നതിനു പ്രത്യേകം സ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. അവിടെ കുളിക്കാന്‍ പാകത്തില്‍ ജലം തണുപ്പിച്ചിട്ടുണ്ടാകും. യമുനാജലം കുളിക്കാന്‍ സാധിക്കുന്നതിലുമധികം തണുപ്പേറിയതായിരിക്കും.
കളിന്ദപര്വ്വതത്തിലെ ഉയരംകൂടിയ സ്ഥാനത്തു നിന്ന് മഞ്ഞുരുകി ജലം ഇവിടെ വന്നു വീഴുന്നുണ്ട്. അതിനാലാണ് യമുനയ്ക്കു കാളിന്ദിയെന്നു പേരുണ്ടായത്.
ഇവിടെ ഒരു ചെറിയ യമുനാക്ഷേത്രമുണ്ട്. അവിടെ അസിതമുനിയുടെ ആശ്രമമുണ്ടായിരുന്നതാണ്. അദ്ദേഹത്തിന്റെ തപസ്സുമൂലം ഗംഗയുടെ ഒരു ചെറിയ അരുവി ഇവിടെ ഉണ്ടായി. അത് ഇപ്പോഴും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: