തിരുവനന്തപുരം: പാമോലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്മാറി. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജഡ്ജി ഹൈക്കോടതിയോട് അപേക്ഷിച്ചു. വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റാന്‍ ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തമാസം പത്തിനു വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും പാമോലിന്‍ കേസ് അന്നു പരിഗണിക്കുമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കോടതി സ്വമേധയാ കേസ് ഇന്നലെ പരിഗണിക്കുകയായിരുന്നു. ഇന്നലെ കേസ് വിളിച്ചപ്പോള്‍ താന്‍ പിന്മാറുകയാണെന്നു ഹനീഫ അറിയിച്ചു. കേസിലെ എല്ലാ കക്ഷികള്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ടു നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
പാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ചു തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടതു സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളുടെയും നിലവിലെ നിയമത്തിന്റെയും അടിസ്ഥാനത്തിലാണെന്നും എന്നാല്‍ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ നിരന്തരമായി പ്രസ്താവനകള്‍ വരുന്ന സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് ഉചിതമായിരിക്കില്ലെന്നതിനാല് താന്‍ ഈ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിയുകയാണെന്നും വിജിലന്‍സ് കോടതി അറിയിച്ചു. നിയമപരമായ കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണു താന്‍ വിധി പ്രസ്താവിച്ചതെന്നും കേസ് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നും ഹനീഫ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പാമോലിന്‍ അഴിമതിക്കേസില്‍ പങ്കില്ലെന്നു കാണിച്ചു വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ചു വ്യക്തമായി അന്വേഷിക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും വിജിലന്‍സ്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ജഡ്ജിയെ വ്യക്തിപരമായി അധിഷേപിക്കുന്ന രീതിയില്‍ നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തിയിരുന്നു. കോടതിക്കു നിയമമറിയില്ലെന്നും കോടതി രാഷ്ട്രീയം കളിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ പി.സി. ജോര്‍ജ് ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു രണ്ടു കോടതിയലക്ഷ്യ കേസുകള്‍ ഇതേ കോടതിയില്‍ നിലവിലുണ്ട്.
വിജിലന്‍സ് പ്രത്യേക ജഡ്ജി പി. കെ. ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് പി.സി.ജോര്‍ജ് സപ്തംബര്‍ പത്തിന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ. ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പയസ് സി.കുര്യാക്കോസ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിരുന്നു. ഇതോടൊപ്പം ജഡ്ജി ഹനീഫ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ അടുത്തയാളാണെന്ന നിലയിലുള്ള പരാമര്‍ശങ്ങളും ജോര്‍ജ് നടത്തിയിരുന്നു.
പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ കേസില്‍ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷവും തുടരന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് ജിജി തോംസണിന്റെ ആവശ്യം.
നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ജഡ്ജിയുടെ പിന്മാറ്റം പ്രതിപക്ഷം ആയുധമാക്കും. കോടതിക്കുപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം യുഡിഎഫ് ഭരണത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. പ്രതിപക്ഷ ആരോപണങ്ങളില്‍ നിയമസഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: