ന്യൂദല്‍ഹി: അഴിമതിവിരുദ്ധ നിയമത്തിലോ മറ്റ് ക്രിമിനല്‍ നിയമങ്ങളിലോ വ്യവസ്ഥ ചെയ്തിരിക്കുന്ന കുറഞ്ഞ ശിക്ഷയില്‍ കുറവ് വരുത്താന്‍ കോടതികള്ക്കധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേസില്‍ ഉള്‍പ്പെട്ട പണം എത്ര കുറവായാലും ശിക്ഷിക്കപ്പെട്ടാല്‍ പ്രതിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പോലും കോടതികള്‍ക്ക് മിനിമം ശിക്ഷ ഇളവു ചെയ്യാനാവില്ല. ഇങ്ങനെ ശിക്ഷ ഇളവുചെയ്യാന്‍ അനുഛേദം 142 പ്രകാരം പ്രത്യേക അധികാരമുള്ള സുപ്രീംകോടതിക്കു പോലും കഴിയില്ലെന്ന് ജസ്റ്റിസുമാരായ സദാശിവം, ബി.എസ്. ചൗഹാന് എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ അഴിമതിയില്‍ അതിലുള്‍പ്പെടുന്ന സംഖ്യ ഒരു പ്രശ്നമല്ല. മറിച്ച് പ്രോസിക്യൂഷന് ഹാജരാക്കുന്ന തെളിവുകളാണ് പ്രധാനം. ഒരു ഉദ്യോഗസ്ഥന് ജോലി നഷ്ടപ്പെട്ടു എന്നതുകൊണ്ടു മാത്രം മിനിമം ശിക്ഷയില്‍ കുറവു ചെയ്യാനാകില്ല. 200 രൂപ കൈക്കൂലി വാങ്ങിയ എ.ബി. ഭാസ്കരറാവുവിന്റെ കേസിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. ഒരു സഹപ്രവര്‍ത്തകനില്‍നിന്ന് ഔദ്യോഗികമായ കാര്യം ചെയ്തുകൊടുക്കുവാനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഈ കേസില്‍ സിബിഐ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: