പത്തനംതിട്ട: ഭാരതത്തിന്റെ നഷ്ടപ്പെട്ട ധാര്‍മ്മിക മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള സമരമാണ് അണ്ണാഹസാരെയുടേതെന്ന് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു. പുല്ലാട് ശിവപാര്‍വ്വതി ബാലികാസദനത്തിന്റെ പുതിയ മന്ദിര സമര്‍പ്പണത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അണ്ണാഹസാരെയുടെ അഴിമതിക്കെതിരേയുള്ള സമരത്തെ വിശ്വഹിന്ദുപരിഷത്ത് പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. അഴിമതിക്കെതിരായി സമരം ആര് നടത്തിയാലും വി.എച്ച്.പി പിന്തുണയ്ക്കും. അണ്ണാഹസാരെയുടെ സംഘത്തില്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ടവരാണ് അണിനിരന്നിരിക്കുന്നത്.
ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കണം. ശബരിമലയടക്കമുള്ള വലിയ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എത്തുന്ന ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ കടമ. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നികുതി ഇനത്തിലോ വേതന ഇനത്തിലോ പണം ഈടാക്കുന്നതും ശരിയല്ല. ക്ഷേത്രങ്ങളുടെ ഭരണ ചുമതല ഭക്തര്‍ക്ക് നല്‍കണം.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളിലെ ഒരു പൈസപോലും സര്‍ക്കാരിന്റേതല്ല. ക്ഷേത്രത്തിലെ സ്വത്ത് ഭഗവാന്റേതാണ്. അവ സൂക്ഷിക്കേണ്ടത് സര്‍ക്കാര്‍ ട്രഷറികളിലല്ല. ഭാരതീയ ധര്‍മ്മസംഹിതകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നതുകൊണ്ടാണ് ഈ അമൂല്യസ്വത്ത് നഷ്ടപ്പെടാതെ തലമുറകളായി കാത്തുസൂക്ഷിക്കാനിടയായത്. അതേസമയം ധര്‍മ്മച്യുതി സംഭവിച്ച സര്‍ക്കാരിന്റെ കൈവശം ഈ സ്വത്തുവകകള്‍ എത്തിയാല്‍ അത് കൊള്ളയടിക്കപ്പെടാനാണ് സാധ്യത.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നാല്‍പ്പത്തിരണ്ടായിരം കോടി രൂപയുടെ വിദേശ പണമാണ ്ഭാരതത്തിലേക്ക് മതപരിവര്‍ത്തനത്തിനായി ഒഴുകിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് ബി.ആര്.ബലരാമന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: