ട്രിപ്പോളി: ഗദ്ദാഫി ഭരണകൂടം നിലംപതിച്ചതോടെ ലിബിയയിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. ട്രിപ്പോളിയയുടെ പൂര്‍ണ്ണ നിയന്ത്രണം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. എണ്ണക്കിണറുകളാല്‍ സമ്പന്നമായ ലിബിയയോടുള്ള ബന്ധത്തിന് വന്‍കിട രാജ്യങ്ങള്‍ക്കെല്ലാം താത്പര്യമുണ്ട്.
ഗദ്ദാഫിയുടെ പതനത്തെക്കുറിച്ചും വിപ്ലവത്തെ തുടര്‍ന്ന് ലിബിയയുടെ സമീപനം സംബന്ധിച്ചും ലോകരാജ്യങ്ങള്‍ പ്രതികരിച്ചു തുടങ്ങി. ഗദ്ദാഫിയുഗത്തിന് അന്ത്യമായെന്നും ലിബിയയുടെ നിയന്ത്രണം ഇപ്പോള്‍ ജനങ്ങള്ക്കണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു.
ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ടെലഫോണില്‍ ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗദ്ദാഫി ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഗദ്ദാഫി ഭരണകൂടത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഉടന്‍ അവസാനിപ്പിക്കുമെന്നും ബ്രിട്ടണ് പ്രഖ്യാപിച്ചു.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദൗത്യ സംഘങ്ങളെ ലിബിയയുടെ യുദ്ധമേഖലകളിലേക്ക് അയയ്ക്കാന്‍ ഇറ്റലി തീരുമാനിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഫ്രാന്‍സ് ഉന്നതതലയോഗം വിളിച്ചു. തീവ്ര ഇസ്ലാം നിലപാടുകളുള്ള രാജ്യമായിരിക്കില്ല സ്വതന്ത്ര ലിബിയയെന്ന് ലിബിയയുടെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ പ്രഖ്യാപിച്ചു.
ഇന്ന് ലിബിയയില്‍ നിന്നും അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രധാനനഗരങ്ങളിലെല്ലാം പ്രക്ഷോഭകാരികളുടെ ചെറുതും വലുതുമായ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: