തൃശൂര്‍: റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടും അത് പ്രയോജനപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാതെ വെള്ളക്കെട്ട് നിവാരണപദ്ധതി നടപ്പാക്കാന്‍ കോര്‍പ്പറേഷനില്‍ നടപടി.
സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കാതെ എ.ഡി.ബി. വായ്പയനുസരിച്ചുള്ള 29 കോടി രൂപയുടെ വെള്ളക്കെട്ട് നിവാരണപദ്ധതി നടപ്പാക്കരുതെന്നായിരുന്നു കൗണ്‍സിലിന്റെ ആവര്‍ത്തിച്ചുള്ള തീരുമാനമെങ്കിലും അതിന് കാലതാമസം വരുമെന്നും പദ്ധതി നഷ്ടപ്പെടുമെന്നുള്ള പേരില്‍ പദ്ധതി ഉടനെ നടപ്പാക്കാനാണ് തീരുമാനം.
എന്നാല്‍ കോര്പ്പറേഷന് നിലപാട് അടിസ്ഥാനമില്ലാത്തതാണെന്ന് സര്‍വ്വേ അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു. കോര്പ്പറേഷന് പ്രദേശത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും റീസര്‍വ്വേ പൂര്‍ത്തിയായിക്കഴിഞ്ഞതാണ്. ഇവിടെയെല്ലാം തോടുകളുടേയും കാനകളുടേയും അതിര്‍ത്തി നിര്‍ണയിച്ച് സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്. ഇതനുസരിച്ച് കയ്യേറ്റങ്ങള്‍ കയ്യോടെ ഒഴിവാക്കാവുന്നതാണെന്ന് സര്‍വ്വേ അധികൃതര്‍ അഭിപ്രായപ്പെടുന്നു. ഈ ഭാഗങ്ങളില്‍ ഇനിയൊരു സര്‍വ്വേ കോര്പ്പറേഷന് നടത്തേണ്ട ആവശ്യമില്ല.
തൃശൂര്‍ കോര്പ്പറേഷന് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 14 വില്ലേജുകളില്‍ നടത്തറ, ഒല്ലൂര്‍, മരത്താക്കര, എടക്കുന്നി, വില്‍വട്ടം, കുറ്റൂര്‍, പൂങ്കുന്നം വില്ലേജുകളില്‍ റീസര്‍വ്വേ പൂര്‍ത്തിയായതാണ്. പെരിങ്ങാവ് വില്ലേജിലും റീസര്‍വ്വേയുടെ ആദ്യഘട്ടം കഴിഞ്ഞ് കയ്യേറ്റങ്ങള്‍ കണ്ടെത്തി അതിരുകള്‍ നിശ്ചയിച്ചതാണ്. തൃശൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ് വില്ലേജുകളാണ് നഗരത്തില്‍ ഇനി കൂടുതലായി സര്‍വ്വേ നടത്തേണ്ടതുള്ളത്.
എ.ഡി.ബി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന തോടുകളുടേയും വലിയ കാനകളുടേയും സര്‍വ്വേ ബഹുഭൂരിഭാഗവും തീര്‍ന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍തന്നെ നഗരസഭയ്ക്ക് കയ്യേറ്റങ്ങള്‍ ഒഴിവാക്കി എ.ഡി.ബി. പദ്ധതിയനുസരിച്ചുള്ള വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്ന് സര്‍വ്വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അവശേഷിക്കുന്ന സ്ഥലങ്ങളിലെ തോടുകളും കാനകളും മാത്രമായി സ്വകാര്യ ഏജന്‍സികളുടെകൂടി സഹകരണത്തോടെ താമസിയാതെതന്നെ സര്‍വ്വേ നടത്താനാകുമെന്നും ഇക്കാര്യത്തില്‍ ജില്ലാ കളക്ടറുടെ സഹായം കോര്പ്പറേഷന് തേടുകയാണ് വേണ്ടതെന്നും സര്‍വ്വേ അധികൃതര്‍ പറയുന്നു.
2005-ല്‍ അന്നത്തെ കളക്ടര്‍ പ്രേമചന്ദ്രക്കുറുപ്പ് മുന്‍കൈ എടുത്ത് ജില്ലയിലെ സര്‍വ്വേയര്‍മാരെ മുഴുവന്‍ പ്രയോജനപ്പെടുത്തി ഒരു മാസം സര്‍വ്വേ നടത്തിയതാണെങ്കിലും കണ്ണംകുളങ്ങര, കൊക്കാല, ഗാന്ധിനഗര്‍ പ്രദേശങ്ങളിലേ പൂര്‍ത്തിയാക്കാനായുള്ളൂ. എങ്കിലും സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതോടൊപ്പംതന്നെ കോര്പ്പറേഷന് എഞ്ചിനീയര്‍മാര്‍ ജെ.സി.ബി. ഉപയോഗിച്ച് കുറെയേറെ ഭാഗത്തെ കയ്യേറ്റങ്ങളും പൊളിച്ചു നീക്കിയിരുന്നു. വെള്ളക്കെട്ട് ദുരിതത്തിനിരയാകുന്ന ജനങ്ങളുടെ വന്‍പിന്തുണയോടെയായിരുന്നു കയ്യേറ്റംനീക്കല്‍ നടന്നത്.
റവന്യൂ സര്‍വ്വേയര്‍മാരെവെച്ച് മാത്രം സര്‍വ്വേ പൂര്‍ത്തിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ അന്ന് സര്‍വ്വേ ടെണ്ടര്‍ ചെയ്ത് നല്‍കിയതാണെങ്കിലും തെരഞ്ഞെടുപ്പുകാലം വന്നതോടെ കയ്യോടെ പൊളിച്ച് നീക്കലുണ്ടായില്ല. തുടര്‍ന്ന് വന്ന ഭരണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തുമില്ല. റീസര്‍വ്വേ പൂര്‍ത്തിയായ സ്ഥലങ്ങളിലെ കാനകളും തോടുകളും കയ്യേറ്റങ്ങള്‍ നീക്കിത്തന്നെ കോര്പ്പറേഷന് എളുപ്പം പദ്ധതി നടപ്പാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: