നാടിന്റെ നീറുന്ന പ്രശ്നത്തിന് നനഞ്ഞിറങ്ങുന്ന സഖാക്കള്‍ നാലാള്‍ക്കിടയില്‍ സംസാരവിഷയമായിരുന്നു. തീച്ചൂളയില്‍ നിന്നുയര്‍ന്നുവന്ന സഖാക്കള്‍ തോറ്റ ചരിത്രം വായിച്ച പരിചയം പോലുമില്ല. കാരണം തോല്‍ക്കാനിട ബാലറ്റിലൂടെയാവും അതിനിട നല്‍കാറില്ല. അതെല്ലാം മായ്ച്ചെഴുതീത് കേരളത്തിലെ വല്യതമ്പ്രാന്റെ പിന്നില്‍ ഒന്നിച്ചുനിന്ന കമ്മ്യൂണിസ്റ്റ് സഖാക്കളായിരുന്നു. തോക്കിന് കുഴലീക്കൂടെ വിജയിക്കാന്‍ വല്യ ബുദ്ധിമുട്ടാ. അതോണ്ട് ബാലറ്റ് വഴി ബാലികേറാമലകണ്ടു തൃപ്തിപ്പെട്ടു. വിപ്ലവം തലക്കുകേറി ഒരാളേം വകവയ്ക്കാതെ തനി തന്റേടിയായി നടന്ന സഖാക്കള്‍ അരനൂറ്റാണ്ടിന് മുന്നത്തെ കഥ. ഇപ്പോള്‍ ഒരരയടിക്കാതെ ഒന്നിനും പറ്റില്ല. അത് വേറെ കാര്യം.
ഒരു സഖാവിനെ പൊളിറ്റ്ബ്യൂറോയും പൊളിയാത്ത ബ്യൂറോയും സ്ഥാനാര്‍ത്ഥിയാക്കാത്ത നാട്ടില്‍ പടയുറപ്പായപ്പോള് ചീട്ട് നല്കി നിര്‍ത്തി ഒന്നല്ല രണ്ടുതവണ. പോയി പോയി കല്‍പ്പനകള്‍ പരുങ്ങലിലായിക്കഴിഞ്ഞു. ചങ്കുറപ്പുള്ള നേതാക്കള്‍ക്ക് ഒരേയൊരു വാക്കേ കണ്ടിരുന്നുള്ളൂ ഇന്നോ……
തിരിമുറിയാതെ പെയ്യും തിരുവാതിരഞ്ഞാറ്റിലയും വെന്തുരുകുന്ന മീനച്ചൂടിലും സഖാക്കള്‍ ഒറ്റക്കെട്ടാണ്. ലോക ആവാസവ്യവസ്ഥക്കു കീഴില്‍ ചെറിയ പൊട്ടിത്തെറി വലിയ ഭൂകമ്പത്തില്‍ കലാശിച്ചപ്പോള്‍ കേരളത്തിലെ ചെങ്കൊടി വരെ കഷ്ണം രണ്ട്. ഇടതുപക്ഷത്തില്‍ വലതും പിറന്നു. പലതും കാണും. വലതന്മാര് എന്നറിയപ്പെടാന്‍ തുടങ്ങിയവര്‍ കുറ്റം പറയരുത്, കുടുംബത്തില്‍ പിറന്നവരായിരുന്നു കറയറ്റ നേതാക്കള്‍. കുടുംബത്തില്‍ കയറ്റാവുന്നവര്, അഹങ്കാരം അടുത്തൂടെ പോകാത്തവര്‍. ഇടതന്മാര് അതൊന്നുമായിരുന്നില്ല. വെറുതെ വീഴ്ച്ചേല്യ വിട്ടുവീഴ്ച്ചേല്യ. വെറിയന്മാരായി നടന്നു.
ലോകം വെറുത്ത ഇന്ദിരയുടെവരെ കൂടെക്കൂടി കാലം നയിക്കേണ്ടിവന്നു വലതന്മാര്ക്ക്. ഒരു ഗതീം പരഗതീം ഇല്യാത്തവര്. പക്ഷെ ഒന്ന്ണ്ട് തലവര. രണ്ട് സഖാക്കള്‍ മുഖ്യമന്ത്രിവരെയായി, ഒരു കുറ്റവും കേള്‍ക്കാത്തവരായി. അത് ചരിത്രം. തറവാട്ടീന്ന് വിട്ടാ പിന്നെ ചെരക്കേണ്ടിവരുമെന്ന് നാട്ട് ഭാഷ്യം. ന്നാല് അങ്ങിനെയല്ലെന്ന് പല സഖാക്കളും പില്ക്കാലത്ത് തെളിയിച്ചു. കൊടിവെച്ച കാറില്‍ പറന്നു നടന്നു. ഇത് സാക്ഷാല്‍ സഖാക്കള്‍ക്ക് കാണേണ്ടിവന്നു.
പിന്നെ പറഞ്ഞ് പറഞ്ഞ് കരുണാകരന്റെ കരുത്തിന് പിന്നില്‍ വലതന്മാര്ക്ക് നില്ക്കാന് വയ്യാതായി. ഒടുവില്‍ തറവാട്ടില്‍ അതിഥിയായിക്കൂടി അത്യാവശ്യം വെള്ളം കോരല്‍, വിറക് വെട്ടല്‍, ചേരേപ്പെറ്റാ പെരുവഴിയടിക്കുക…….. അങ്ങിനെനിന്നു. ആട്ടുംതുപ്പും കേള്‍ക്കേണ്ടീം വന്നു. ഇപ്പോഴും തഥൈവ. ഇടയ്ക്കിടക്ക് വലത് സഖാക്കള്‍ക്കും പൂട്ട് കിട്ടും. ന്നാലും ഉറക്കെക്കരയില്ല. പിന്നെ പടിപുറത്താവും പിന്നെ വല്യതാമസല്യാതെ കഥേം കഴിയും. എം.വി.ആറും ഗൗരിയമ്മയും ഇപ്പോ എവിടെയെത്തി…..
എക്കാലത്തും പറയുന്ന കാര്യമാണിത്. ഇടക്കിടെ ഒന്നോര്മിപ്പിക്കും. ന്നാലും ആരും കേട്ടതായി നടിക്കില്ല. ഒറ്റക്ക് കഴിഞ്ഞ് കൂടാനാവില്ല. സഹായത്തിന് വിളിച്ചാല്‍ പോലും കേള്‍ക്കാനാളില്ല. അങ്ങനെ വരുമ്പൊ തറവാട്ടില്‍ ചേക്കേറാന്‍ തോന്നും. പക്ഷേ അതിന് തറവാട്ടുകാര്…….സമ്മതിക്കണല്ലോ.
ഇപ്പോഴിതാ വീണ്ടും ചന്ദ്രപ്പന് സഖാവ് പറയുന്നു. പിണങ്ങിയിരിക്കരുത് ലയിക്കണം. മുങ്ങിച്ചാവാന്‍ കാലത്ത് പോലും രക്ഷിക്കാന്‍ വിളിച്ചുപറയുമ്പോള്‍ തിരിഞ്ഞിരിക്കരുതെന്ന് പറയാറുണ്ടെങ്കിലും ആര് കേള്‍ക്കാന്‍?
സഖാവിന്റെ ആവശ്യം ശരിതന്നെ. ഒന്നിക്കണം. ഒന്നിച്ച് മുന്നേറണം. പഴയ മുദ്രാവാക്യം ഉണ്ടല്ലോ, ‘സഖാക്കളെ മുന്നോട്ട്’. തല്ക്കാലം മുന്നോട്ടില്ല. കുത്തീര്പ്പാണ്. പൊരേല്. കാരണം ഇവിടെത്തന്നെ നീറുന്ന പ്രശ്നങ്ങളുണ്ട്. തെക്കും വടക്കും നടുക്കും ഒക്കെ പ്രശ്നമാണ്. തീര്‍ത്താലും തീരാത്ത പ്രശ്നം. അതുപോലെ നേതാവാരെന്നും ആര് നയിക്കണമെന്നും പ്രശ്നം തന്നെയാണ്. അതിനിടയില്‍ ‘ചന്ദ്രപ്രശ്നം’ വായിക്കാതിരുന്നില്ല. ഇത്രയും കാലംകഴിഞ്ഞപോലെ ഇതിങ്ങിനെ തന്നെ പോട്ടെ എന്നല്ലാതെ ഒരാളേം വിളിച്ചു കേറ്റേണ്ട ഗതി ഇപ്പോല്യ. കാരണം നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയില്‍ പണ്ടു നല്ല നേതാക്കള്‍ വാണിരുന്നു. ഇന്ന് ബാക്കിയുള്ളവരെ എല്ലാം ലോകം തിരിച്ചറിഞ്ഞു. സഖാവ് വെളിയം മുതല്‍ ങ്ങനെ നീണ്ടനിര നിറഞ്ഞ് കവിഞ്ഞ് കെടപ്പാണ്. വേണ്ടിവരുമ്പോ ആലോചിക്കാം തല്ക്കാലം സുല്ല്.
-പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: