അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ വെറ്റില-അരൂര്‍ ദേശീയ പാതയില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനുസമീപം പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തട്ടയ്ക്കാട് ശ്രീകൃഷ്ണ ക്ഷേത്രം. നെട്ടൂര്‍ എന്ന് ഈ പ്രദേശത്തിന് പേരുവരാനുണ്ടായ ഐതീഹ്യവുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്. 108 ശിവക്ഷേത്രങ്ങള്‍ സ്ഥാപിക്കുക എന്ന അവതാരലക്ഷ്യവുമായി പരശുരാമന് ദേശസഞ്ചാരം നടത്തുകയും അങ്ങനെ ഈ പ്രദേശത്തുവരികയും ഇവിടെ ഒരു ക്ഷേത്രം സ്ഥാപിച്ച് ശിവനെ പ്രതിഷ്ഠിക്കുകയും (നെട്ടൂര്‍ മഹാദേവക്ഷേത്രം) ചെയ്തു. ഈ ക്ഷേത്രം നോക്കി നടത്തുവാന്‍ പരശുരാമന് തന്നെ എട്ട് നമ്പൂതിരി കുടുംബത്തെ ഈ ദേശത്തിന്റെ വിവിധ ഭാഗത്തു കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തുവെന്നും എട്ട് ഊര് ഉള്ള സ്ഥലം പറഞ്ഞുപറഞ്ഞ് ലോപിച്ച് നെട്ടൂരായി എന്നുമാണ് ഐതീഹ്യം. എട്ട് നമ്പൂതിരി കുടുംബമല്ല, 108 നമ്പൂതിരി കുടുംബമാണ് എന്നും ഒരു വാദമുണ്ട്. സ്ഥലത്തിന്റെ പേര് വച്ച് ലോപനം നോക്കുമ്പോള്‍ എട്ട് ഊര് എന്നതാണ് ശരിയെന്ന് ബലമേറുന്നു.
മഹാദേവ ക്ഷേത്രം നോക്കി നടത്തുന്നതോടൊപ്പം ഈ എട്ട് നമ്പൂതിരി ഇല്ലക്കാര്‍ക്ക് അവരുവരുടെതായ ഉപാസനാമൂര്‍ത്തി ക്ഷേത്രങ്ങള്‍ അവരവരുടെ ഇല്ലത്തോടുചേര്‍ന്ന് സ്ഥാപിച്ചിരുന്നു. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് തട്ടയ്ക്കാട് ശ്രീകൃഷ്ണക്ഷേത്രം. ഒരു മുനിശാപം കൊണ്ട് ഒരു നമ്പൂതിരി ഇല്ലം ഒഴിച്ച് ബാക്കി ഇല്ലങ്ങളെല്ലാം ക്രമേണ നശിച്ചുപോകുകയും ഈ ക്ഷേത്രവും ഇല്ലവും നശിക്കാതിരിക്കുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം ഓലകെട്ടി മേഞ്ഞ അമ്പലമായിരുന്നു. ഇപ്പോഴത്തെ നിലയിലായിട്ട് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. പഴമക്കാര്‍ ‘ഉരിയരിതേവര്’ എന്നുവിളിച്ചുപോന്നിരുന്നു. (ഈ പേരിനും ഒരു ഐതീഹ്യമുണ്ട്. വിസ്താര ഭയത്താല്‍ എഴുതുന്നില്ല.) ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശംഖ്, ചക്ര, ഗദ, പത്മധാരിയായ വിഷ്ണുവാണ്.
അന്യ ആളുകള്‍ക്ക് മുമ്പ് ക്ഷേത്ര പ്രവേശനമില്ലായിരുന്നതിനാല്‍ ദൂരെ മാറിനിന്ന് ശ്രീകൃഷ്ണനായി കണ്ട് പ്രാര്ഥിച്ചുപോന്നിരുന്നു. അങ്ങനെയാണ് തട്ടയ്ക്കാട് ശ്രീകൃഷ്ണ ക്ഷേത്രമെന്ന് അറിയപ്പെട്ടത്. ശ്രീകൃഷ്ണക്ഷേത്രമെന്ന് പറയുന്നെങ്കിലും പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണ്. തുല്യപ്രാധാന്യത്തോടുകൂടി വലതുഭാഗത്ത് ശ്രീധര്മശാസ്താവുമുണ്ട്.
അഷ്ടമി രോഹിണി ദിസം തീരുന്ന മുറയ്ക്ക് മൂന്നുദിവസ ഉത്സവവും, വിഷ്ണു, മണ്ഡല-മകരവിളക്ക്, കര്‍ക്കിടക മാസം തുടങ്ങിയ കാലങ്ങളില്‍ വിശേഷാല്‍ പൂജകളും, ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. നാരായണീയ പാരായണം, ഭാഗവത പാരായണം തുടങ്ങിയവ വ്യാഴാഴ്ച തോറും നടത്തിവരുന്നു. സന്താനലബ്ധിക്കും മംഗല്യഭാഗ്യത്തിനും രോഗശാന്തിക്കും വ്യാഴാഴ്ച തോറുമുള്ള ക്ഷേത്രദര്‍ശനം ഉത്തമമാണെന്നും ഇവിടുത്തെ ധര്‍മശാസ്താവ് വിളിച്ചാല്‍ വിളിപ്പുറത്തെത്തുമെന്നുമാണ് വിശ്വാസം.
ഉദ്ദിഷ്ട സിദ്ധിക്ക് ശാസ്താവിന് നാളീകേരമുടച്ചു പ്രാര്‍ഥിച്ചാല്‍ അനുഭവം സിദ്ധിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. വിഷ്ണുവിനെയും ധര്‍മ്മശാസ്താവിനെയും കൂടാതെ ഉപദേവീദേവന്മാരായി പരമശിവനും, ഭദ്രകാളിയും, ദുര്‍ഗാദേവിയും ബ്രഹ്മരക്ഷസും, യോഗീശ്വരനുമുണ്ട്. പാല്പായസം, നെയ്പായസം, ചന്ദനം ചാര്‍ത്ത്, അപ്പം, വെണ്ണ എന്നിവ വിഷ്ണു ക്ഷേത്രത്തിലും, എള്ള് നിവേദ്യം, അപ്പം, നീരാജനം, മാല ചാര്‍ത്ത്, നെയ്പായസം എന്നിവ ശാസ്താക്ഷേത്രത്തിലും സാധാരണ വഴിപാടുകളാണ്. വഴിപാടുകളായി നാരായണീയ പാരായണവും ഭാഗവതസപ്താഹവും ഉദയാസ്തമയ പൂജയും നടത്താറുണ്ട്. 2010 ആഗസ്റ്റ് 24 മുതല്‍ 2010 സെപ്തംബര്‍ 1-ാം തീയതി തീരുന്ന രീതിയില്‍ നാട്ടുകാരുടെ വകയായി ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും നടക്കും.
മാമ്പിള്ളിമന വകയായിരുന്ന ക്ഷേത്രം ഇപ്പോള്‍ നെട്ടൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീര്‍ണോദ്ധാരണവും പുനഃനിര്‍മാണവും നടത്തി പുലിയന്നൂര്‍ തന്ത്രത്തില്‍ പരിപാലിച്ചുവരുന്നു. ചുറ്റമ്പലത്തിന്റെയും ബലിക്കപ്പുരയുടെയും നിര്‍മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: