കൊച്ചി: അഞ്ച് ആട്ടക്കഥകള്‍, പത്തു ഭീമന്മാര്… അരങ്ങില്‍ പത്ത് കഥകളി കലാകാരികള്‍… കഥകളി ആചാര്യന് കലാമണ്ഡലം കരുണാകരന് അനുസ്മരണ ചടങ്ങില്‍ മകളും കഥകളി കലാകാരിയുമായ രഞ്ജിനി സുരേഷിന്റെ പത്ത് ശിഷ്യകളാണ് ബകവധം, ദുര്യോധനവധം, കല്യാണസൗഗന്ധികം, കീചകവധം എന്നീ കഥകളിലെ ഭീമന്റെ വേഷങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 10 ഭീമന്മാര് വേദിയില്‍ നിറഞ്ഞാടി.
ഭീമ വേഷങ്ങള്‍ സ്ത്രീ ചൈതന്യം ആവാഹിച്ച് ആസ്വാദക ഹൃദയം കീഴടക്കി. ഭീമനൊപ്പമുള്ള മറ്റു കഥാപാത്രങ്ങളും സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്തതും ഏറെ ശ്രദ്ധേയമായി. ഇവര്‍ രഞ്ജിനിയുടെ ശിഷ്യകള്‍ തന്നെയാണ്.
വൈക്കം കരുണാകരന് സ്മാരക കഥകളി വിദ്യാലയത്തിലെ ശിഷ്യകളാണ് ഭീമ വേഷത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചത്. രഞ്ജിനിയും കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിച്ചത്. അച്ഛന് കലാമണ്ഡലം കരുണാകരന് അനശ്വരമാക്കിയ ഹിഡുംബിയായി കലാമണ്ഡലം കരുണാകരന്റെ കൊച്ചു മകള്‍, രഞ്ജിനിയുടെ മകള്‍ കാമ്യാ തെക്കേ പിഷാരം വേദിയിലെത്തിയതും സവിശേഷതയായി.
പെണ്‍കുട്ടികളും പ്രായമായവരുമടക്കം 30 പേരാണ് ഈ വിദ്യാലയത്തില്‍ കഥകളി അഭ്യസിക്കുന്നത്.
11 വര്‍ഷമായി കഥകളി അഭ്യസിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ വര്‍ഷം കൃഷ്ണം കരുണാകരം എന്നപേരില്‍ കൃഷ്ണവേഷങ്ങളെ അരങ്ങിലെത്തിച്ചിരുന്നു. ഇടപ്പിള്ളി കഥകളി ആസ്വാദക സദസുമായി സഹകരിച്ചായിരുന്നു പരിപാടി. കേശവന് നമ്പീശന്, സുരേഷ് നീട്ടിയത്ത്, പ്രകാശ് കെ. പി എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: