തൃപ്പൂണിത്തുറ(കൊച്ചി): കഥകളിക്ക് മഹത്തായ സംഭാവനകള്‍ നല്കിയ ആര്‍എല്‍വി ദാമോദര പിഷാരടിയുടെ ശതാഭിഷേക സമാദരണം-സാമോദദാമോദരം 10ന് കളിക്കോട്ട പാലസില്‍ നടക്കും. കഥകളിയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹത്തിന് നൂറിലധികം ശിഷ്യസമ്പത്തുണ്ട്. 1970ല്‍ തുടങ്ങി അതിപ്രശസ്തമായ ധാരാളം കഥകളി അരങ്ങുകള്‍ക്ക് നേതൃത്വം നല്കി.
കഥകളിക്ക് നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി 2022ലെ കേരളകലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 10ന് രാവിലെ 9ന് പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട് ദീപം തെളിയിക്കുന്നതോടെ കാര്യപരിപാടികള്‍ ആരംഭിക്കും.
9.30ന് സൗഹൃദസംഗമം നടന് ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 11ന് ഗുരുവന്ദനം, 12ന് കോട്ടയ്ക്കല്‍ മധു, നെടുമ്പിള്ളി റാം മോഹന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളിപ്പദകച്ചേരി, ഉച്ചയ്ക്ക് ശേഷം 3ന് ഫാക്ട് പത്മനാഭന്, സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ അവതരിപ്പിക്കുന്ന ലവണാസുരവധം കഥകളി, 5ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശ്രീരാജ് എന്നിവര്‍ അവതരിപ്പിക്കുന്ന കേളി എന്നിവ നടക്കും. തുടര്‍ന്ന് സമാദരണ സമ്മേളനം എംഎല്‍എ കെ. ബാബു ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ ദാമോദര പിഷാരടിയെ ആദരിക്കും. ശേഷം ദുര്യോധന വധം കഥകളിയും നടക്കും. ആര്.വി. ശശികുമാര്‍ പ്രസിഡന്റും പുലിയന്നൂര്‍ ദിലീപന് നമ്പൂതിരിപ്പാട് ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘം കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: