മുംബൈ: അദാനി ഗ്രൂപ്പ് മഹാരാഷ്‌ട്രയിലെ ചേരി പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സ്പെഷ്യലിസ്റ്റായി മാറുന്നു. മുംബൈ പോലുള്ള ആധുനിക നഗരത്തിന്റെ മുഖം ആഗോള സമൂഹത്തിന്റെ മുന്‍പില്‍ മിനുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വികസിക്കുന്ന ഇന്ത്യയ്‌ക്ക് ഇനി ഇത്തരം ചേരികള്‍ ഭൂഷണമല്ല. ഈ തിരിച്ചറിവില്‍ നിന്നാണ് എക്കാലത്തും മുംബൈ നഗരത്തിന്റെ മുഖത്തെ കറുത്തപാടുകളായ ധാരാവി ഉള്‍പ്പെടെയുള്ള ചേരികള്‍ കാണാന്‍ കൊതിക്കുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ധാരാവിയുടെ പുനര്‍വികസന പദ്ധതി നടപ്പാക്കാന്‍ പോകുന്നത് അദാനിയാണ്. ഇതിനുള്ള അവസാനത്തെ തടസ്സവും സുപ്രീംകോടതിവിധിയിലൂടെ നീങ്ങിക്കിട്ടി. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി അദാനിയ്‌ക്ക് കരാര്‍ നല്‍കിയതില്‍ പിഴവുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അദാനിക്ക് കരാര്‍ നല്‍കിയതില്‍ അനീതിയില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. കാരണം ഏറ്റവും കുറഞ്ഞ തുക പറഞ്ഞിരിക്കുന്നത് അദാനി ഗ്രൂപ്പ് ആണ്.
ഇപ്പോഴിതാ ധാരാവിയ്‌ക്ക് പുറമെ, മോട്ടിലാല്‍ നഗര്‍ ചേരിയും വികസിപ്പിക്കുന്ന ചുമതല അദാനിയ്‌ക്ക് ലഭിക്കുകയാണ്. 36000 കോടിയുടേതാണ് ഈ പദ്ധതി. മോട്ടിലാല്‍ നഗര്‍ ഒന്ന്, രണ്ട്, മൂന്ന് ചേരികള്‍ വികസിപ്പിക്കുക എന്നത് മുംബൈയിലെ ഏറ്റവും വലിയ ഭവനനിര്‍മ്മാണ പദ്ധതിയായി മാറുമെന്ന് പറയുന്നു. ഗോറിഗാവോണ്‍ വെസ്റ്റിന്റെ പടിഞ്ഞാറന്‍ സബര്‍ബന്‍ പ്രദേശത്തെ 143 ഏക്കറിലാണ് ഭവനപുനര്‍നിര്‍മ്മാണം ഈ പദ്ധതി പ്രകാരം നടക്കുക. എല്‍ ആന്‍റ് ടി യേക്കാള്‍ മികച്ച തുകയാണ് അദാനി ടെണ്ടറില്‍ വെച്ചത്. കൂടുതല്‍ നിര്‍മ്മാണ ഏരിയയും അദാനി വാഗ്ദാനം ചെയ്തു. ഇതോടെ ഈ കരാറും അദാനിയ്‌ക്ക് കിട്ടും.
മോത്തിലാല്‍ നഗര്‍ വികസിപ്പിക്കാനുള്ള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് മഹാരാഷ്‌ട്ര ഹൗസിങ് ആന്‍റ് ഏരിയ ഡവലപ് മെന്‍റ് സൊസൈറ്റിക്ക് കഴിഞ്ഞ ആഴ്ചയാണ് മുംബൈ ഹൈക്കോടതി അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: