കൊച്ചി: എറണാകുളത്തെ പൊതുഗതാഗത രംഗത്തു വന്‍മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന സീ പോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ടു സ്ഥലം വിട്ടു കിട്ടുന്നതിനായി പ്രതിരോധ വകുപ്പിനു കീഴിലുള്ള നാഷണല്‍ ആംഡ് ഡിപ്പോയും (എന്‍എഡി) കേരള റോഡ്സ് ആന്റ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോര്‍പറേഷനും (ആര്‍ബിഡിസികെ ) തമ്മിലുള്ള ധാരണാപത്രം വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ കൈമാറി.
23 വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് റോഡ് വികസനത്തിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറ്റം യാഥാര്‍ഥ്യമായത്. വ്യവസ്ഥ പ്രകാരം ഭൂമി വിലയായി 23.11 കോടി രൂപ എന്‍എഡിക്കു കൈമാറിക്കഴിഞ്ഞു. എച്ച് എം ടി ജംഗ്ഷന് മുതല്‍ തൊരപ്പു വരെ 5.5 മീറ്റര്‍ വീതി കൂട്ടുന്നതിനൊപ്പം ചുറ്റുമതിലും കൈമാറ്റം ചെയ്തു ലഭിച്ച ഭൂമിയില്‍ നിര്‍മിക്കും. 38 കോടിയാണ് ഇവിടെ മൊത്തം ചെലവ് കണക്കാക്കിയത്. എച്ച്എംടി ഭൂമി വില കൂടി കണക്കിലെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് 64 കോടിയാണു നല്‍കേണ്ടി വന്നത്. അങ്ങിനെ വരുമ്പോള്‍ ഒരു കിലോമീറ്റര്‍ റോഡിന് 81 കോടി രൂപയാണു നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം മഹിളാലയം, ചൊവ്വര എന്നിവിടങ്ങളിലെ റോഡു പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. മഹിളാലയം മുതല്‍ 6 കിലോമീറ്ററില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കിഫ്ബി അനുവദിച്ച 540 കോടി രൂപയാണു ഇതിനു ചെലവ്. ചൊവ്വര മുതല്‍ എയര്‍ പോര്‍ട്ട് വരെ 4.4 കിലോമീറ്റര്‍ വികസനത്തിന് 210 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ കളക്ടറേറ്റ് ഭാഗത്തു വീതി കൂട്ടുന്ന പണികള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അതിവേഗം പൂര്‍ത്തിയാക്കും. കൊച്ചിയുടെ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡു വികസനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: