ആലപ്പുഴ: സംസ്ഥാനത്ത് പുതിയ പേരിലും രൂപത്തിലും മുസ്ലിം ഭീകരവാദികള്‍ രംഗത്തെത്തുന്നതിന് ഭരണ, പ്രതിപക്ഷങ്ങള്‍ പിന്തുണ നല്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മൂന്നാം ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയും ഭീകരവാദ സംഘടനകളെ നിരോധിച്ചാല്‍ മറ്റു രൂപത്തിലും പേരിലും രംഗത്തെത്തുന്നത് പതിവാണ്. ഭാരതത്തില്‍ അതിന് അവസരം കൊടുക്കാതെ ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
എന്നാല്‍ കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ഇതിന് ഒത്താശ ചെയ്യുന്നു. മെക് സെവന്‍ എന്ന പേരിലുള്ള കൂട്ടായ്മയ്‌ക്കു പിന്നില്‍ പിഎഫ്‌ഐയും, ജമാഅത്തെ ഇസ്ലാമിയുമാണെന്ന് പറഞ്ഞത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. എന്നാല്‍ അദ്ദേഹത്തിനതു മാറ്റിപ്പറയേണ്ടി വന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും, അഹമ്മദ് ദേവര്‍കോവിലും മെക് സെവനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ജില്ലാ സെക്രട്ടറിക്കു മാറ്റിപ്പറയേണ്ടി വന്നത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കളും ഈ കൂട്ടായ്മയെ പിന്തുണയ്‌ക്കുകയാണ്. മുസ്ലിം ഭീകരവാദത്തിനെതിരേ ആ മതത്തില്‍പ്പെട്ടവര്‍ തന്നെ രംഗത്തുവരണം. നിര്‍ഭാഗ്യവശാല്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങളല്ലാതെ മുസ്ലിം മത വിഭാഗത്തില്‍ നിന്ന് മത ഭീകരവാദത്തിനെതിരേ പ്രതികരണമുണ്ടാകുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കൈക്കൂലി കൊടുത്ത അതേ കമ്പനി ഭീകരവാദത്തിനു ഫണ്ട് ചെയ്തിട്ടുണ്ടെന്ന എസ്എഫ്‌ഐഒ സംശയം ഗൗരവതരമാണ്. മകള്‍ക്കും ഭീകരവാദികള്‍ക്കും ഒരേ കമ്പനി പണം നല്കുന്നതെന്തിനെന്ന് പിണറായി വിജയന്‍ കേരളത്തോട് വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരേ പോരാടാന്‍ പ്രേരണ നല്കുന്നതാണ് രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനം. രണ്‍ജീതിന്റെ കുടുംബത്തിനൊപ്പം പ്രസ്ഥാനം എക്കാലവുമുണ്ടാകും. ഭാരതത്തിന്റെ മണ്ണില്‍ നിന്ന് ഭീകരവാദം സമ്പൂര്‍ണമായി തുടച്ചുനീക്കാന്‍ കേന്ദ്ര സര്‍ക്കാരും, ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദേശീയ കൗണ്‍സിലംഗം വെള്ളിയാകുളം പരമേശ്വരന്‍, മേഖലാ പ്രസിഡന്റ് കെ. സോമന്‍, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.ഷോണ്‍ ജോര്‍ജ്, ബിപിന്‍ സി. ബാബു, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്‍, പൂങ്കുളം സതീശ്, പാറയില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: