ദമാസ്‌ക്കസ്: സിറിയ വിമതസേന പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ഇസ്രായേല്‍. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് നാടുവിട്ടതിന് പിന്നാലെ അയല്‍രാജ്യമായ സിറിയയില്‍ ഇസ്രയേല്‍ കനത്ത ബോംബിംഗ് നടത്തി. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്. ഇവ വിമതരുടെ കൈകളില്‍ എത്തിപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം. അതിനിടയില്‍ സിറിയയിലെ നിരവധി ഐസിസ് കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായി ബൈഡന്‍ അറിയിച്ചു.
അസ്സദിന്റെ ഭരണം അവസാനിച്ചതോടെ ഉയര്‍ന്ന് വരാന്‍ പോകുന്നത് കടുത്ത വെല്ലുവിളികളും അനിശ്ചിതത്വവുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹോംസ് വീഴുകയും, തലസ്ഥാനത്തിന്റെ നിലനില്‍പ്പ് ആശങ്കയിലാകുകയും ചെയ്തതോടെ അഞ്ച് പതിറ്റാണ്ടോളം നീണ്ട അസ്സദ് കുടുംബത്തിന്റെ ഏകാധിപത്യം കടപുഴകുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കയും സിറിയയിലെ വിവിധ ഇടങ്ങളില്‍ കനത്ത ആക്രമണങ്ങള്‍ നടത്തി. മദ്ധ്യ സിറിയയിലെ ഐസിസ് ക്യാമ്പുകളിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അവകാശപ്പെടുന്നു.
നിലവില്‍ സിറിയയില്‍ നടക്കുന്ന ആശയക്കുഴപ്പത്തില്‍ ഐസിസ് മുതലെടുക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ആക്രമണം നടത്തിയത്.അതേസമയം രാജ്യംവിട്ട സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് റഷ്യയില്‍ രാഷ്‌ട്രീയ അഭയം ലഭിച്ചിട്ടുണ്ട്. അസദും കുടുംബവും മോസ്‌കോയിലെത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസദിന്റെ പതനത്തെ സ്വാഗതം ചെയ്ത് അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ദമാസ്‌കസില്‍ വിമതസേന കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബശ്ശാറുല്‍ അസദ് ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പമാണ് മോസ്‌കോയില്‍ രാഷ്‌ട്രീയ അഭയം തേടിയത്. മാനുഷിക പരിഗണനയിലാണ് റഷ്യ അഭയം നല്‍കിയിരിക്കുന്നതെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: