കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമളയ്ക്ക് ആവേശമിരട്ടിപ്പിച്ച് അത്ലറ്റിക്സ് മത്സരങ്ങള്‍. നിലവിലെ ജേതാക്കളായ പാലക്കാടിനെ ഒരുപടി പിന്നിലാക്കി മലപ്പുറം ആദ്യദിനത്തില്‍ മുന്നിട്ടു നില്ക്കുന്നു. ഇന്നലെ മൂന്ന് മീറ്റ് റിക്കാര്‍ഡുകളാണ് പിറന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനമായിരുന്നു എറണാകുളത്തിനായി ശിവദേവ് രാജീവ് സ്ഥാപിച്ച പോള്‍വാള്‍ട്ടിലെ പുതിയ റിക്കാര്‍ഡ് നേട്ടം.
12 വര്‍ഷം പഴക്കമുള്ള സീനിയര്‍ ബോയ്സ് പോള്‍വാള്‍ട്ട് റിക്കാര്‍ഡ് ആണ് ശിവദേവ് തിരുത്തിയത്. 2012ല്‍ സെന്റ് ജോര്‍ജ് എച്ച്എസ് കോതമംഗലത്തിന് വേണ്ടി 4.50 മീറ്റര്‍ മറികടന്ന ശിവദേവ് ഇന്നലെ 4.80 മീറ്റര്‍ വരെ നേട്ടം ഉയര്‍ത്തി. മീറ്റിലെ ആദ്യ റിക്കാര്‍ഡ് മൂവായിരം മീറ്ററില്‍ മലപ്പുറത്തിന് വേണ്ടി കെകെഎം എച്ച് എസ് എസ് ചീക്കോട് സ്കുളിലെ മുഹമ്മദ് അമീന് കൈവരിച്ചു. 8:37.69 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് താരം പുതിയ റിക്കാര്‍ഡിട്ടത്. 2018ല്‍ ആദര്‍ശ് ഗോപി സ്ഥാപിച്ച 8:39.77 മിനിറ്റ് പ്രകടനമാണ് മറികടന്നത്. 400 മീറ്റര്‍ സീനിയര്‍ ബോയ്സില് തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന്റെ മുഹമ്മദ് അഷ്ഫാഖും റിക്കാര്‍ഡ് നേടി. 400 മീറ്റര്‍ സീനിയര്‍ ബോയ്സില് 47.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അഷ്ഫാഖ് പൊന്നണിഞ്ഞത്.
അത്ലറ്റിക്സില് ഇന്നലെ 15 ഫൈനലുകളാണ് നടന്നത്. ഇതില്‍ നാല് വീതം ഇനങ്ങളില്‍ ഒന്നാമതെത്തിയ മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. പോയിന്റ് നിലയില്‍ മലപ്പുറമാണ് മുന്നില്‍ (30). പാലക്കാട് (29) തൊട്ടുപിന്നിലുണ്ട്. മൂന്നാമതുള്ള എറണാകുളത്തിന് 19 പോയിന്റാണുള്ളത്. സ്കൂളുകളില്‍ 19 പോയിന്റ് നേടി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ആണ് അത്ലറ്റിക്സില് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: