ന്യൂദല്‍ഹി: നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും സ്വത്തുക്കള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി. സ്വന്തം സ്വത്തുക്കളും ഭര്‍ത്താവിന്റെയും ആശ്രിതരുടെയും സ്വത്തുക്കളും പൂര്‍ണമായി വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പ്രിയങ്ക ലംഘിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
സുപ്രീംകോടതി ഉത്തരവ് എല്ലാ പൗരന്മാര്ക്കും ഒരുപോലെ ബാധകമാണ്. നെഹ്റു കുടുംബം നിയമത്തിന് അതീതരല്ല. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കിയാല് അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമില്ലെന്നും ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാട്ടിയ പറഞ്ഞു.
പ്രിയങ്ക തന്റെയും വാദ്രയുടെയും സ്വത്തുക്കളുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദാഹരണസഹിതം ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. പ്രിയങ്കയുടെ സത്യവാങ്മൂലത്തില്‍ രണ്ട് ട്രസ്റ്റുകള്‍ വഴിയുള്ള അസോസിയേറ്റഡ് ജേര്‍ണലുകളിലെ ഓഹരികളുടെ ഉടമസ്ഥതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇത് അവശ്യ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതിന് തുല്യമാണ്. സത്യവാങ്മൂലത്തില്‍ വാദ്രയുടെ മൂന്ന് സ്ഥാപനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ മറ്റ് രണ്ട് കമ്പനികളിലെ ഓഹരികളെക്കുറിച്ച് പറയുന്നില്ല. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് താന്‍ ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങളോട് പ്രതികരിക്കാനും തന്റെ നിലപാട് പൊതുജനങ്ങളെ അറിയിക്കാനും പ്രിയങ്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നിയമം അനുസരിക്കേണ്ടിവരും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭാട്ടിയ പറഞ്ഞു. ഭരണഘടന അനുസരിച്ച് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും ബിജെപി സ്വീകരിക്കും. നിയമം അവഗണിച്ച് ജനങ്ങളെ കബളിപ്പിക്കാമെന്നാണ് നെഹ്റു കുടുംബം കരുതുന്നത്. ഇത്തരമൊരു വ്യാമോഹം ആരും വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: