കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പേരില്‍ നേരത്തെ പീഡനക്കേസുണ്ടായിരുന്നതായി ആരോപണം. 2017ല്‍ ഹോങ്കോങ്ങില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്ന യുവാവിനെ പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതി സന്ദീപ് ഘോഷ് കുറ്റക്കാരനല്ലെന്ന വാദം അംഗീകരിച്ച് വെറുതെ വിടുകയായിരുന്നു.
വസ്ത്രം മാറുന്ന മുറിയില്‍ വച്ച് സന്ദീപ് ഘോഷ് ജനനേന്ദ്രിയത്തില്‍ തൊടാന്‍ ശ്രമിച്ചുവെന്നായിരുന്നു നഴ്സിങ് വിദ്യാര്‍ത്ഥിയുടെ ആരോപണം. ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിയുടെ കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതും, സാമ്പത്തിക ക്രമക്കേടുകളില്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഇയാള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. നഴ്സിങ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ വ്യക്തി തന്നെയാണ് കൊല്‍ക്കത്ത കേസിലും അറസ്റ്റിലായതെന്ന് ചില ഡോക്ടര്‍മാര്‍ തിരിച്ചറിയുകയായിരുന്നു.
2017 ഏപ്രില്‍ 8ന് ഹോങ്കോങ്ങിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ വച്ചാണ് നഴ്സിങ് വിദ്യാര്‍ത്ഥിയായ യുവാവിനോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. എന്നാല്‍ തന്റെ ഉച്ചാരണത്തിന്റെ പ്രശ്നമായിരുന്നുവെന്നും, വാക്കുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ഇതില്‍ സന്ദീപ് ഘോഷ് കോടതിയില്‍ പ്രതികരിച്ചത്. തോള് എല്ലില്‍ സംഭവിക്കുന്ന തകരാറുകള്‍ എപ്രകാരം ശരിയാക്കാമെന്നാണ് താന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതെന്നും, അതിനിടെ അബദ്ധത്തില്‍ യുവാവിന്റെ ഇടുപ്പില്‍ സ്പര്ശിക്കുകയായിരുന്നുവെന്നുമാണ് സന്ദീപ് ഘോഷ് പറഞ്ഞത്. ഇത് ഹോങ്കോങ്ങിലെ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
സന്ദീപ് ഘോഷ് ഹോങ്കോങ്ങിലേക്ക് പോയിരുന്നുവെന്നും, പീഡനശ്രമത്തിന് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഓര്‍ത്തോപീഡിക് സ്പെഷലിസ്റ്റും അസോസിയേഷന് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടേഴ്സിന്റെ ജനറല്‍ സെക്രട്ടറിയുമായ ഡോ. ഉപ്പല്‍ ബാനര്‍ജി വെളിപ്പെടുത്തി. സന്ദീപിനെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിലുള്ള നിയമനടപടികള്‍ പാലിക്കേണ്ടതായി വന്നിരുന്നുവെന്നും ഉപ്പല്‍ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: