ഷിംല : അനധികൃത മസ്ജിദ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹിമാചൽ പ്രദേശിൽ ശക്തമായ പ്രതിഷേധം . ഷിംലയുടെ ഏറ്റവും വലിയ പ്രാന്തപ്രദേശമായ സഞ്ജൗലിയിലാണ് അനധികൃതമായി മസ്ജിദ് നിർമ്മിച്ചത് . മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വലിയൊരു വിഭാഗം ഹിന്ദു സമൂഹം സഞ്ജൗലിയിൽ പ്രകടനം നടത്തി. ദേവഭൂമി പ്രാദേശിക സംഘടനയും ഹിമാചൽ അസംബ്ലിക്ക് പുറത്ത് പ്രതിഷേധിച്ചു.
സഞ്ജൗലി മാർക്കറ്റിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. മസ്ജിദ് മൂലം നഗരത്തിന്റെ സമാധാനാന്തരീക്ഷം തകരാൻ സാധ്യതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. 15 ദിവസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി . പുറത്തുനിന്നുള്ളവരെ നിരീക്ഷിക്കണമെന്നും പരിശോധനയില്ലാതെ ഷിംലയിൽ പ്രവേശിപ്പിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഹിമാചൽ അസംബ്ലിക്ക് പുറത്ത്, ദേവഭൂമി റീജിയണൽ ഓർഗനൈസേഷന്റെ ബാനറിന് കീഴിൽ ഹിന്ദു സമുദായത്തിലെ ആളുകൾ സമാധാനപരമായി പ്രകടനം നടത്തി. സഞ്ജൗലിയിലെ മസ്ജിദ് അനധികൃതമായി നിർമിച്ചത് ഹിന്ദു സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇത് പൊളിക്കാൻ സർക്കാർ ഉടൻ ഉത്തരവിടണമെന്നും സംഘടനാ പ്രസിഡൻ്റ് റുമിത് താക്കൂർ പറഞ്ഞു. സർക്കാർ, വനംവകുപ്പ് ഭൂമിയിൽ നടക്കുന്ന അനധികൃത നിർമാണത്തെക്കുറിച്ചും അതിന് ഫണ്ട് അനുവദിച്ചതിനെക്കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: