മുസഫർനഗർ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം സർക്കാർ ജോലികൾ നൽകാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച അറിയിച്ചു. ബിഐടി കോളേജിൽ നടന്ന ഒരു തൊഴിൽ, വായ്പാ മേളയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലവസരങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മുമ്പ് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള യുവാക്കൾ അത്തരം അവസരങ്ങളിൽ നിന്ന് പലപ്പോഴും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഈ സാഹചര്യം ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു.
വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തൊട്ടാകെ 60,000-ത്തിലധികം പോലീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് പ്രക്രിയ ആരംഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. വരാനിരിക്കുന്ന തൊഴിൽ അവസരങ്ങളിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം പ്രാദേശിക യുവാക്കളോട് അഭ്യർത്ഥിച്ചു. അവരുടെ കഴിവുകളെ ആരും ചോദ്യം ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കൂടാതെ യുവാക്കളുടെ ഭാവി അപകടത്തിലാക്കാനുള്ള ഏതൊരു ശ്രമവും ജയിൽവാസവും സ്വത്തുക്കൾ കണ്ടുകെട്ടലും ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചടങ്ങിൽ 5,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ വിതരണം ചെയ്തു.
കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കും എംഎസ്എംഇ സംരംഭകർക്കുമായി 30 കോടി രൂപ വായ്പ വിതരണം ചെയ്തു. സ്വാമി വിവേകാനന്ദ യുവ ശാക്തീകരണ പദ്ധതിക്ക് കീഴിൽ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകൾ വിതരണം ചെയ്യുകയും മൂന്ന് മാസം കൂടുമ്പോൾ വിവിധ ജില്ലകളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങിനിടെ മുസഫർനഗറിൽ, പ്രത്യേകിച്ച് മിരാപൂർ അസംബ്ലി മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാന വികസന പദ്ധതികളും ഈ മേഖലയിൽ മുമ്പ് കണ്ട വർഗീയ കലാപങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. മവാന പഞ്ചസാര മില്ല് വിപുലീകരിക്കാനുള്ള പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗംഗയുമായുള്ള ശുക്‌തീർഥത്തിന്റെ ബന്ധത്തെയും പ്രാദേശിക ശർക്കരയുടെ ആഗോള അംഗീകാരത്തെയും അദ്ദേഹം പ്രശംസിച്ചു.
പ്രതിപക്ഷം നേരത്തെ നൽകിയ ഒരു ലക്ഷം രൂപയുടെ ബോണ്ടിന്റെ സ്ഥിതിയെന്തെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്നവർക്കൊപ്പം നിൽക്കുന്നുവെന്നാരോപിച്ച് സമാജ്‌വാദി പാർട്ടിയെ അദ്ദേഹം വിമർശിച്ചു. ഇത് പ്രതിപക്ഷ പാർട്ടിയുടെ മാതൃക പ്രവർത്തനമാണെന്നും അദ്ദേഹം പരിഹസിച്ചു.
പ്രസംഗത്തിനിടെ കായികതാരങ്ങൾക്കുള്ള തന്റെ സർക്കാരിന്റെ പിന്തുണയും ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ കായിക സർവകലാശാല മീററ്റിൽ നിർമ്മിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
വ്യാവസായിക തകർച്ചയുടെയും യുപിയിൽ നിന്നുള്ള കുടിയേറ്റത്തിന്റെയും കാലഘട്ടത്തിൽ നിന്നുള്ള മാറ്റം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ വൻതോതിലുള്ള നിക്ഷേപങ്ങളും സഹാറൻപൂരിലെ വിമാനത്താവളങ്ങളും ഗൗതം ബുദ്ധ് നഗറിലെ ജെവാർ പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും എടുത്തുകാണിച്ചു.
ഐക്യം വളർത്തുന്നതിലും യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിലും സർക്കാരിന്റെ ശ്രദ്ധയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: