തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കര്‍ക്കടകത്തിലെ നിറപുത്തരി തിങ്കളാഴ്ച നടക്കും. രാവിലെ 5.45നും 6.30നും ഇടയിലാണ് ചടങ്ങ് നടക്കുന്നത്. നിറയ്ക്കുള്ള നെൽക്കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ എത്തിച്ചു.
പദ്മതീര്‍ത്ഥത്തിന്റെ തെക്കേ കല്മണ്ഡപത്തില് നിന്ന് തിരുവമ്പാടി കുറുപ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിര്‍കറ്റകള്‍ കിഴക്കെ നാടകശാല മുഖപ്പില്‍ ആഴാതി പുണ്യാഹം ചെയ്ത ശേഷം ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തില്‍ ദന്തം പതിപ്പിച്ച സിംഹാസനത്തില്‍ വയ്ക്കും. അവിടെ പെരിയനമ്പി കതിര്‍പൂജ നിര്‍വഹിച്ച് ശ്രീപദ്മനാഭ സ്വാമിയുടെയും മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളില്‍ കതിര് നിറയ്ക്കും. തുടര്‍ന്ന് അവില് നിവേദ്യവും നടക്കും.
നിറപുത്തരിക്കുള്ള കതിരുകള്‍ പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേകം കൃഷിചെയ്ത് തയ്യാറാക്കിയതാണ്. കതിർക്കറ്റകൾ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്. നിറപുത്തരിയോടനുബന്ധിച്ചുള്ള അവിലും കതിരും ക്ഷേത്രത്തിന്റെ എല്ലാ കൗണ്ടറുകളില്‍ നിന്നും 50 രൂപ നിരക്കില്‍ വാങ്ങാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: