വയനാട്ടിലെ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ പുറത്തുവന്നത് സര്‍ക്കാരിന്റെ മനസ്സും ആഗ്രഹവുമാണ്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും വയനാട്ടിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടത്. അടിയന്തര പ്രാധാന്യമുളള ഉത്തരവ് എന്ന നിലയില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ദുരന്ത പ്രദേശത്തേക്ക് ശാസ്ത്രജ്ഞര്‍ ഒന്നും പോകണ്ട എന്നു മാത്രമല്ല, അവര്‍ മാധ്യമങ്ങളോട് അഭിപ്രായം പറയരുത്, പഴയ പഠനങ്ങളെക്കുറിച്ച് മിണ്ടിപ്പോകരുത്. പഠനങ്ങള്‍ നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം. എന്നൊക്കെ ഉത്തരവിലുണ്ട്. വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങി ജനാധിപത്യ സമൂഹം അനുഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെ കവരുന്ന ഉത്തരവ് വ്യാപക എതിര്‍പ്പുമൂലം പിന്‍വലിച്ചു എന്നത് വലിയ കാര്യം. പിന്‍വലിച്ചോ നടപ്പിലാക്കിയോ എന്നതല്ല, എന്തുകൊണ്ട് ഇത്തരമമൊരു ഉത്തരവ് വന്നു എന്നതാണ് പ്രധാനം. ആധുനികവും പരിഷ്കൃതവുമായ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം ഉത്തരവുകളിറക്കുന്ന ഭരണാധികാരികളെ കുറിച്ച് എന്താണ് കരുതേണ്ടത്.
ജനങ്ങളില്‍ നിന്നും എന്തോ മറച്ചു വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതുതന്നെയാണ് ഇതില്‍ നിന്ന് ആദ്യം വായിക്കേണ്ടത്. വയനാട് ദുരന്തത്തെക്കുറിച്ച് കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം അവഗണിച്ചു എന്നും കേന്ദ്രമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന ശാസ്ത്രീയ പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട് എന്ന് അറിയുന്നവര്‍ തന്നെയാണ് ഉത്തരവില്‍ തുല്യംചാര്‍ത്തിയത്. പുതിയ വിജ്ഞാനവും ഗവേഷണവും എല്ലാം അറിവ് വര്‍ധിപ്പിക്കാനും അതിലൂടെ അപകടങ്ങള്‍ തടയാനും മറ്റുമുള്ള നൂതന തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും സഹായകമാകും. ഏതൊരു ദുരന്തം ഉണ്ടാകുമ്പോഴും അതിനെ ശാസ്ത്രീയമായി പഠിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെയാണ് ദുരന്തങ്ങള്‍ ഒഴിവാക്കുന്നത്. ദുരന്തം പഠിക്കാന്‍ കൂടുതല്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും അവര്‍ക്ക് വേണ്ടത്ര ധനസഹായവും വിവരങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ആണ് വേണ്ടത് എന്നിരിക്കെയാണ് എല്ലാത്തിനേയും ശാസ്ത്രീയമായി മാത്രം കാണുന്നവര്‍ എന്നവകാശപ്പെടുന്ന സര്‍ക്കാരിന്റെ തലതിരിഞ്ഞ സമീപനം.
വിവരമുള്ളവര്‍ പഠിക്കുകയും ചെയ്താല്‍ ഭരണവര്‍ഗ ഉദ്യോഗസ്ഥ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടും, അത് പാടില്ല. ജനം ഒന്നുമറിയരുത്. ദുരന്തങ്ങള്‍ക്കെല്ലാം കാരണം എന്ത് എന്നത് ശാസ്ത്രജ്ഞര്‍ പഠിച്ച് അറിയിച്ചാല്‍ ഉണ്ടാകുന്ന ജനരോഷം ഭയന്നായിരുന്നു വായ് മൂടിക്കെട്ടാനുള്ള നീക്കം നടത്തിയത്.
മുഖ്യമന്ത്രി അറിയാതെ ഇറക്കിയ ഉത്തരവാണെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നൊക്കെ പറഞ്ഞ് വീണിടത്തുകിടന്ന് ഉരുളുന്നവരുമുണ്ട്. നയം നിശ്ചയിക്കാന്‍ വകുപ്പുകളുടെ തലപ്പത്തെ ഉദ്യോഗസ്ഥന്മാര്ക്ക് കഴിയുമോ ? മുഖ്യമന്ത്രി അറിയാതെ, അനുമതിയില്ലാതെ ഇങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ കേരളത്തില്‍ ഒരു ഉദ്യോഗസ്ഥന് തയാറായെങ്കില്‍ അതിനര്‍ത്ഥം മുഖ്യമന്ത്രിക്ക് വിലകെട്ടു എന്നാണ്. പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ദുരന്തമാണ് നമ്മുടെ സര്‍ക്കാര്‍ എന്ന് ആവര്‍ത്തിക്കാന്‍ മാത്രമേ ഇത്തരം ഉത്തരവുകള്‍ ഇടയാക്കൂ എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: