ന്യൂദൽഹി: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുൻ അഗ്നിവീറിന്റെ കുടുംബം. 2023 ഒക്ടോബറിൽ സിയാച്ചിനിൽ വെച്ച് വീരമൃത്യു വരിച്ച അഗ്നിവീർ അക്ഷയ് ഗവാതെയുടെ അച്ഛൻ ലക്ഷ്മൺ ഗവാതെ ആണ് തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കി രംഗത്തെത്തിയത്.
ഗവാതെയുടെ കുടുംബത്തിന് സർക്കാർ 1.08 കോടി രുപയുടെ സഹായമാണ് അനുവദിച്ചത്. അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇൻഷുറൻസ് തുക ആയി ലഭിച്ചെന്ന് ലക്ഷ്മൺ ഗവാതെ അറിയിച്ചു. ഇതിനുപുറമെ കേന്ദ്ര സർക്കാരിൽ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സർക്കാരിൽ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും അവ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും രാജ് നാഥ് സിംഗും, അമിത് ഷായും സഭയിൽ ആവശ്യപ്പെട്ടിരുന്നു.
സഭയിൽ രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിച്ചപ്പോൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉടൻ മറുപടി നൽകിയിരുന്നു. രക്തസാക്ഷി അഗ്നിവീറിന്റെ കുടുംബത്തിന് സഹായം നൽകുന്നുണ്ടെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് രാഹുലിനെ തള്ളി അക്ഷയ് ഗവാതെയുടെ കുടുംബവും എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിലാണ് അഗ്നിവീർ അക്ഷയ് ഗവതെ, രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ചത്.
മരണശേഷം രക്തസാക്ഷി അക്ഷയ് ഗവത്തേയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ബുൽധാന താലൂക്കിലെ പിപലാഗാവ് സരായ് ഗ്രാമത്തിലെ താമസക്കാരനായിരുന്നു അഗ്നിവീർ അക്ഷയ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, സിയാച്ചിനിൽ ജോലി ചെയ്തിരുന്ന ഇരുപതുകാരനായ ഗവതെ ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ഡ്യൂട്ടിക്കിടെ അഗ്നിവീർ മരിച്ചാൽ 48 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയും 44 ലക്ഷം രൂപ എക്സ്ഗ്രേഷ്യയും നാല് വർഷത്തെ മുഴുവൻ ശമ്പളവും സേവന ഫണ്ടിൽ നിക്ഷേപിച്ച തുകയ്ക്കൊപ്പം സേവന ഫണ്ടും ലഭിക്കുമെന്ന് സൈനിക വെബ്സൈറ്റിൽ വ്യക്തമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: